അഞ്ജലിക്കിത് സ്വപ്നനേട്ടം
അഞ്ജലിക്കിത് സ്വപ്നനേട്ടം
Thursday, June 14, 2018 4:31 PM IST
കഠിനാധ്വാനം ചെയ്യാനുള്ള മനസ്, നിശ്ചയദാര്‍ഢ്യം, വീട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണ... ഇതെല്ലാം കരുത്താക്കി മുന്നേറിയപ്പോള്‍ എസ്. അഞ്ജലിയെന്ന കോഴിക്കോട്ടുകാരി കൈയെത്തിപ്പിടിച്ചത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 26ാം റാങ്കെന്ന സ്വപ്‌നനേട്ടം. 2014ല്‍ കോഴിക്കോട് എന്‍ഐടിയില്‍ നിന്നു ബിടെക് പാസായി ബംഗളൂരു ഡിലോയ്റ്റില്‍ ജോലിയില്‍ പ്രവേശിച്ച ശേഷമാണ് അഞ്ജലി സിവില്‍സര്‍വീസിനായി മനസുറപ്പിച്ചത്. പിന്നീടങ്ങോട്ട് കഠിനാധ്വാനമായിരുന്നു. ജോലിക്കൊപ്പം പഠനവും കൊണ്ടുപോകുക എളുപ്പമായിരുന്നില്ല. എങ്കിലും പിന്മാറിയില്ല. ഒടുവില്‍ ആരും കൊതിക്കുന്ന തിളക്കത്തോടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചു.

പ്രിലിമിനറി

മൂന്നാമത്തെ പരിശ്രമത്തിലാണ് അഞ്ജലിയെത്തേടി റാങ്ക് നേട്ടമെത്തുന്നത്. രണ്ടു തവണ പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടാനായില്ല. കുറച്ചു മാര്‍ക്കിന്റെ വ്യത്യാസത്തില്‍ ഓരോ തവണ ജയം കൈവിടുമ്പോഴും പരിശ്രമം ഇരട്ടിയാക്കി. മൂന്നാമത്തെ തവണ തിരുവനന്തപുരത്ത് മൂന്നുമാസത്തോളം പരിശീലനത്തിനു പോയി. എന്‍ലൈറ്റ് എന്ന സ്ഥാപനത്തിലായിരുന്നു ജനറല്‍ സ്റ്റഡീസിന്റെ പരിശീലനം. ഇവിടുത്തെ എസ്. മഹേഷ്‌കുമാര്‍ എന്ന അധ്യാപകന്‍ മികച്ച പിന്തുണ നല്‍കി. കേരള സിവില്‍ സര്‍വീസ് അക്കാഡമിയിലെ രാധാകൃഷ്ണനായിരുന്നു ഇംഗ്ലീഷിലെ മാര്‍ഗനിര്‍ദേശി.

പഠനരീതി, വായന

രാത്രി ഒമ്പതിനു ശേഷമാണ് ഓഫീസില്‍ നിന്നെത്തുക. രണ്ടു മണിക്കൂറോളം ഉറങ്ങും. മിക്കവാറും അര്‍ധരാത്രിയിലാണു പഠനം തുടങ്ങുക. രാവിലെ 11നേ ഓഫീസിലെത്തേണ്ടതുള്ളൂ. അതിനാല്‍ പുലര്‍ച്ചെ നാലുവരെയൊക്കെ പഠനം നീളും. അവധി ദിവസങ്ങളില്‍ എട്ടുമണിക്കൂറോളം കിട്ടും. കറക്കവും മറ്റ് ആവശ്യങ്ങളും നിറവേറ്റുക ഇതിനിടയിലാണ്. സിനിമകള്‍ കാണുന്നതും അവധി ദിനങ്ങളില്‍.

വിശാലമായ വായന കരുത്താണെന്ന് അഞ്ജലി പറയുന്നു. ചെറുപ്പം മുതല്‍ വായന ശീലമായിരുന്നു. ഇംഗ്ലീഷിനോടാണ് പ്രിയം. എന്നാല്‍ എഴുത്തു പരീക്ഷയ്ക്ക് ഒരുപാട് വായന വേണമെന്നില്ല. പരീക്ഷയ്ക്കു വേണ്ടി മാത്രമുള്ള പുസ്തകങ്ങള്‍ മതിയാകും. ഇന്റര്‍വ്യൂവിലും മറ്റും വായന പ്ലസ് പോയിന്റാകും.

സ്‌കൂള്‍, കോളജ് പഠനം

ഫറോക്കിനടുത്ത് കരിങ്കല്ലായിയിലെ വെനേറിനി ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠനം. പ്ലസ് ടുവിനു പഠിച്ചത് കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറിയില്‍. സ്‌കൂളുകളിലെ അധ്യാപകരെല്ലാം നല്ല പ്രചോദനം നല്‍കുന്നവരായിരുന്നത് തനിക്കു ലഭിച്ച ഭാഗ്യമാണെന്ന് അഞ്ജലി പറയുന്നു.




എന്‍ഐടിയില്‍ ബിടെക്കിനു ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സായിരുന്നു വിഷയം. കാമ്പസ് ഇന്റര്‍വ്യൂവിലൂടെയാണ് ജോലി ലഭിച്ചത്. ഡിലോയ്റ്റില്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റാണ് അഞ്ജലിയിപ്പോള്‍.

ആസ്വദിച്ച് പഠിച്ച് ഇംഗ്ലീഷ്

സിവില്‍ സര്‍വീസ് പരീക്ഷയിലെ ഐച്ഛിക വിഷയം ഇംഗ്ലീഷ് സാഹിത്യമായിരുന്നു. ഭാഷയോടുള്ള താത്പര്യത്തിനൊപ്പം ഇതു തെരഞ്ഞെടുക്കാന്‍ മറ്റൊരു കാരണവുമുണ്ട്. ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നതിനാല്‍ പഠനത്തിന്റെ സ്‌ട്രെസ് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. സാഹിത്യമാകുമ്പോള്‍ ആസ്വദിച്ചു പഠിക്കാമെന്ന് അഞ്ജലി പറയുന്നു.

ഇഷ്ടം ഐഎഫ്എസ്

അഞ്ജലിക്കിഷ്ടം ഫോറിന്‍ സര്‍വീസിലെ ഉത്തരവാദിത്വങ്ങളാണ്. ആഭ്യന്തരകാര്യങ്ങളേക്കാള്‍ ആഗോളപ്രശ്‌നങ്ങളില്‍ ഇടപെടാനാണ് താത്പര്യം. പട്ടിണി, ആഗോളതാപനം തുടങ്ങിയ പ്രശ്‌നങ്ങളേതുമാക െപരിഹരിക്കാന്‍ ലോകം ഒന്നിച്ചുനില്‍ക്കണം. അതിനു രാജ്യത്തിനു വലിയ സംഭാവന നല്‍കാനുണ്ട്. അതിന്റെ ഭാഗമാകണം. വായിച്ചറിഞ്ഞ നാടുകളൊക്കെ നേരിട്ടൊന്നു കാണണം.

ഇനി വരുന്നവരോട്

പരാജയം വരുമ്പോള്‍ വിഷമിക്കുന്നതു തെറ്റല്ല. പക്ഷേ പരാജയത്തില്‍ നിന്നു തിരിച്ചുവരാനും സ്വയം പ്രചോദനമാകാനും സാധിക്കണം. അതിനുള്ള മാര്‍ഗം തിരിച്ചറിയുകയാണ് വേണ്ടത്. അതു സാധിച്ചാല്‍ സിവില്‍സര്‍വീസെന്നല്ല ഏതു പരീക്ഷയിലും തിളങ്ങാം.

കുടുംബം

അച്ഛന്‍ കെ.പി. സുരേന്ദ്രനാഥന്‍ കാലിക്കട്ട് ഡവലപ്‌മെന്റ് അഥോറിറ്റിയില്‍ അക്കൗണ്ട്‌സ് ഓഫീസറായിരുന്നു. കഴിഞ്ഞവര്‍ഷം വിരമിച്ചു. അമ്മ ദേവി സ്റ്റാന്‍ഡേര്‍ഡ് ചാര്‍േട്ടഡ് ബാങ്കില്‍ ജീവനക്കാരിയായിരുന്നു. സഹോദരി അപര്‍ണ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. ഉരു നിര്‍മാണത്തിനു പേരുകേട്ട ബേപ്പൂരിലാണ് അഞ്ജലിയുടെ വീട്. ചിത്രാഞ്ജലിയെന്നാണു വീട്ടുപേര്.

ടി.വി. ജോഷി
ഫോട്ടോ: ലെനിന്‍ റോഷന്‍