ഊട്ടിയുറപ്പിക്കാം, അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യം
ഊട്ടിയുറപ്പിക്കാം, അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യം
Tuesday, April 10, 2018 4:12 PM IST
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഊട്ടി ഉറപ്പിക്കുന്നതിനുള്ള മാന്ത്രിക താക്കോലാണ് മുലയൂട്ടല്‍. കുട്ടിയുടെ ആരോഗ്യവും കഴിവുകളും പരിപോഷിപ്പിക്കുന്നതിനൊപ്പം അമ്മമാരുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും മുലയൂട്ടല്‍ സഹായിക്കുന്നു.

ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുക, ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാലൊഴികെ മറ്റൊന്നും (വെള്ളം പോലും) നല്‍കാതിരിക്കുക, രണ്ടുവയസു വരെ കുഞ്ഞിന് മറ്റ് ഭക്ഷണത്തിനൊപ്പം മുലപ്പാല്‍ നല്‍കുക എന്നിവ കുഞ്ഞിന്റെ ആരോഗ്യത്തില്‍ നിര്‍ണായകമാണ്.

മുലയൂട്ടലിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള വിഭാഗമായ യുനിസെഫ് ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴു വരെ ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുന്നു.

മുലയൂട്ടലിന്റെ ഗുണങ്ങള്‍

അമ്മമാര്‍ക്ക്
* പ്രസവത്തോടനുബന്ധിച്ച് അമ്മമാരില്‍ ശരീരഭാരം കൂടാറുണ്ട്. കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ ഈ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനാകും.
* സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, പ്രമേഹം, അസ്ഥി തേയല്‍ എന്നിവയുടെ സാധ്യത മുലയൂട്ടല്‍ കുറയ്ക്കുന്നു
* മുലയൂട്ടുന്ന അമ്മമാരില്‍ പ്രസവത്തിനുശേഷമുള്ള രക്ത സ്രാവം പെെട്ടന്ന് നിലയ്ക്കുന്നു
* മുലയൂല്‍ ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ്. അടുത്ത ഗര്‍ഭധാരണം വൈകിക്കുന്നതിന് മുലയൂട്ടല്‍ സഹായിക്കുന്നു.
* അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം മുലയൂട്ടല്‍ ശക്തിപ്പെടുത്തും.

മുലയൂട്ടലിലൂടെ കുഞ്ഞുങ്ങള്‍ക്കുള്ള ഗുണങ്ങള്‍

* ശിശുമരണം, രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയ്‌ക്കെതിരെയുള്ള മികച്ച പ്രതിരോധമാണ് മുലയൂട്ടല്‍. അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്റെ 13 ശതമാനവും മുലയൂട്ടലിലൂടെ തടയാനാകും.
* ന്യൂമോണിയ, കുടല്‍ രോഗങ്ങള്‍, ചെവിയിലെ അണുബാധ, ദന്തരോഗം എന്നിവ ചെറുക്കുന്നു
* ആറുമാസം മുലപ്പാല്‍ മാത്രം കുടിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, അര്‍ബുദം എന്നിവ പിന്നീട് ബാധിക്കാന്‍ സാധ്യത കുറവാണ്
* അലര്‍ജികളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും സംരക്ഷണം നല്‍കുന്നു
* പോഷകസമ്പുഷ്ടമായ മുലപ്പാല്‍ പെട്ടെന്ന് ദഹിക്കുന്നു
* മുലപ്പാല്‍ കുടിക്കുന്ന കുട്ടികളുടെ ഐക്യു കുപ്പിപ്പാല്‍ കുടിക്കുന്ന കുട്ടികളേക്കാള്‍ അഞ്ചുമുതല്‍ എട്ടുവരെ പോയിന്റുകള്‍ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുലപ്പാല്‍ കുടിച്ചു വളര്‍ന്ന കുട്ടികള്‍ മല്‍സര പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതായും പഠനങ്ങളുണ്ട്.
* കുട്ടിയുടെ വൈകാരിക ശാരീരിക വളര്‍ച്ചയ്ക്കും മുലപ്പാല്‍ നിര്‍ണായകമാണ്

അമ്മമാരില്‍ മുലയൂട്ടല്‍ ഉണ്ടാക്കുന്ന മരുന്ന്

മുലയൂട്ടിയാല്‍, കുഞ്ഞുങ്ങളിലെ രോഗാണുക്കളെ പ്രതിരോധിക്കുന്ന മുലപ്പാല്‍ അമ്മമാരില്‍ ഉണ്ടാകുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. Back wash മുലയൂല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

കുഞ്ഞുങ്ങള്‍ക്ക് അണുബാധയുണ്ടാകുമ്പോള്‍ അവയ്ക്ക് കാരണമായ രോഗാണുക്കളെ മുലയൂട്ടുന്നതുവഴി ഉമിനീരിലൂടെ അമ്മയുടെ ശരീരം തിരിച്ചറിയുന്നു. ഇവയെ പ്രതിരോധിക്കാനാവശ്യമായ ആന്റിബോഡികള്‍ ഇതേ തുടര്‍ന്ന് അമ്മയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും മുലപ്പാലിലൂടെ കുഞ്ഞിന് നല്‍കുകയും ചെയ്യുന്നു.

മുലപ്പാലിലൂടെ സ്വന്തം രോഗപ്രതിരോധ ശേഷി അമ്മമാര്‍ കുഞ്ഞുങ്ങളുമായി പങ്കിടുകയാണ്. രോഗങ്ങളെ ചെറുക്കാന്‍ മാത്രമല്ല ഭക്ഷണം ദഹിക്കാനും കുഞ്ഞിന്റെ പ്രതിരോധശേഷി വര്‍ധിക്കാനും ഇത് സഹായിക്കുന്നു.

ആദ്യ ആറുമാസം മുലപ്പാല്‍ നല്‍കുന്നവര്‍ കുറവ്

കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുന്ന അമ്മമാരുടെ എണ്ണം കേരളത്തില്‍ കുറഞ്ഞതായാണ് കണക്ക്. 2003 ല്‍ 56% ആയിരുന്ന ഈ നിരക്ക് 2016 ല്‍ 53% ആയി താഴ്ന്നു. അമ്മമാരില്‍ വലിയൊരു പങ്കും കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആറുമാസം വെള്ളം, പാലുല്‍പ്പന്നങ്ങള്‍, മറ്റ് ദ്രവരൂപത്തിലുള്ള ഭക്ഷണം എന്നിവ നല്‍കുന്നതായി സര്‍വേയില്‍ കണ്ടെത്തി. കുഞ്ഞുങ്ങള്‍ക്ക് അണുബാധയുണ്ടാകുന്നതിലേക്ക് വരെ നയിക്കാവുന്ന അങ്ങേയറ്റം അനാരോഗ്യകരമായ പ്രവണതയാണിതെന്ന് ശിശുരോഗവിദഗ്ധര്‍ പറയുന്നു.




ശിശുമരണം, രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവ കുറയ്ക്കാന്‍ നവജാതശിശുവിന് ഒരുമണിക്കൂറിനകം മുലപ്പാല്‍ നല്‍കുക, നവജാതശിശുക്കള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുക എന്നിവ ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട രണ്ടു മാര്‍ഗങ്ങളാണ്. ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ അനുസരിച്ച് അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്റെ 13 ശതമാനവും മുലയൂട്ടലിലൂടെ തടയാനാകും. ഈ കണക്കനുസരിച്ച്, കേരളത്തിലെ എല്ലാ അമ്മമാരും ആരോഗ്യപരമായ മുലയൂട്ടല്‍ ശീലമാക്കിയാല്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം 800 കുട്ടികളുടെ മരണം തടയാനാകും.

എന്നാല്‍ കുട്ടി ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നവര്‍ സംസ്ഥാനത്ത് കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ മൂന്നില്‍ രണ്ട് അമ്മമാരും (64%) പ്രസവിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതായി അടുത്തയിടെ പുറത്തുവന്ന ദേശീയ കുടുംബ ആരോഗ്യ സര്‍വേ ഫലം (NFHS4) വ്യക്തമാക്കുന്നു. 1993ല്‍ 14% (NFHS1), 1999ല്‍ 43% (NFHS2) , 2006ല്‍ 55% (NFHS3) എന്നിങ്ങനെയായിരുന്നു ഈ നിരക്ക്.

തൊഴിലിടങ്ങള്‍ മാതൃ ശിശു സൗഹൃദപരമാവണം

സംസ്ഥാനത്തെ തൊഴിലിടങ്ങള്‍ കൂടുതല്‍ മാതൃ ശിശു സൗഹൃദപരമാവണം. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 14 ആഴ്ച എങ്കിലും ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്നും മുലയൂട്ടുന്ന അമ്മമാര്‍ക്ക് ജോലി സമയം കുറച്ചുനല്‍കണമെന്നും ഇവര്‍ക്ക് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനായി നഴ്‌സിങ് ബ്രേക്ക്യ്ക്ക അനുവദിക്കണമെന്നും മാതൃത്വ സംരക്ഷണത്തിനായുള്ള ഐഎല്‍ഒ ഉടമ്പടി 183 അനുശാസിക്കുന്നു.

സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ആറു മാസം പ്രസവാവധി ലഭിക്കുന്നത് കുഞ്ഞിന് മുലപ്പാല്‍ കിട്ടാന്‍ സഹായകമാണ്. എന്നാല്‍, രാജ്യത്ത് 90 ശതമാനം ആളുകളും ജോലി ചെയ്യുന്ന അസംഘടിത മേഖലയില്‍ പലപ്പോഴും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമാര്‍ക്കും 14 ആഴ്ച അവധി ലഭിക്കാറില്ല. ഇതുമൂലം ആറു മാസക്കാലം കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്ന ചില അമ്മമാര്‍ക്ക് കഴിയാറില്ല. ഇത് പരിഹരിക്കാന്‍ മൂന്നുമാര്‍ഗങ്ങളാണുള്ളത്.

1. മുലയൂട്ടുന്ന അമാര്‍ക്ക് ജോലി സമയത്ത് കുിക്ക് മുലയൂാന്‍ നഴ്‌സിങ് ബ്രേക്ക് നല്‍കുക.
2. കുഞ്ഞുങ്ങളെ നോക്കുന്നതിന് തൊഴില്‍ സ്ഥലങ്ങളില്‍ ക്രഷ് ഏര്‍പ്പെടുത്തുക.
3. മുലപ്പാല്‍ കുപ്പിപോലുള്ള പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ എടുത്ത് ഫ്രിഡ്ജില്‍ ശീതീകരിച്ച് സൂക്ഷിക്കാം. അമ്മ ജോലിക്കു പോകുമ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാവും. മെഡിക്കല്‍ സ്റ്റോറുകളിലടക്കം ലഭിക്കുന്ന ഇത്തരം പ്രത്യേക കുപ്പികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. സ്വകാര്യവും ശുചിത്വവുമുള്ള മുറിയും ഫ്രിഡ്ജും ഇതിനായി ക്രമീകരിക്കണം.

ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മുലയൂട്ടല്‍ മുറികള്‍ സ്വകാര്യത ഉറപ്പുവരുത്തി വ്യാപകമാക്കണം.

സീമ