ഡോക്ടര്‍ ഡാന്‍സര്‍
ഡോക്ടര്‍ ഡാന്‍സര്‍
Thursday, March 15, 2018 4:27 PM IST
കവിത എനിക്ക് ഉപ്പാണ്. സന്തോഷത്തിന്റെതായാലും സന്താപത്തിന്റെതായാലും അശ്രുനീര്‍ വാറ്റി പരല്‍രൂപത്തില്‍ ഉരുവായിത്തീര്‍ന്ന ഉപ്പ്. അത് പാകത്തിനു ചേര്‍ത്ത് ഞാന്‍ എന്റെ സഹയാത്രികര്‍ക്ക് നല്‍കുന്ന പാഥേയം മാത്രമാണ് പാട്ട്' കഴി ഞ്ഞ ആറു പതിറ്റാണ്ടായി മലയാള കവിതയുടെ ഗതിവിഗതികളില്‍ നിര്‍ണ്ണായക സ്വാധീനമായിരുന്ന ഒ.എന്‍.വി. കുറുപ്പിന്റെ വാക്കുകളാണിത്. സമസ്ത ജീവജാലങ്ങളോടും മണ്ണിനോടും പുഴയോടും സൂര്യനോടും നക്ഷത്രങ്ങളോടും പൂക്കളോടുമെല്ലാം ഹൃദയപക്ഷം ചേര്‍ന്നു നില്‍ക്കുന്ന ഭാവഗീതങ്ങള്‍ സാനിച്ച കവിയും ഗാനരചയിതാവും ജ്ഞാനപീഠജേതാവുമായ ഒഎന്‍വി കുറുപ്പിന്റെ കവിതാശകലങ്ങള്‍ കേട്ടാണ് മക്കള്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ മകള്‍ ഡോ.മായാദേവി കുറുപ്പ് ആതുരസേവനരംഗത്തേക്ക് തിരിഞ്ഞെങ്കിലും നൃത്തത്തെ കൈവിട്ടില്ല. 15 വര്‍ഷം ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്ത ഡോ. മായ ഇപ്പോള്‍ എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റാണ്. കേരളത്തിലെ ആദ്യ റോബോിക് ഗൈനക്കോളജി ശസ്ത്രക്രിയ നടത്തിയ ഡോ. മായാദേവി നല്ലൊരു നര്‍ത്തകിയും കൊറി യോഗ്രാഫറും കൂടിയാണ്. യു.കെയിലെ റോയല്‍ കോളജില്‍ നിന്നാണ് ഇവര്‍ എഫ് ആര്‍സിഒജി നേടിയത് ഡോ.മായാദേവിയുടെ വിശേഷങ്ങളിലേക്ക്...

നൃത്തത്തെ കൂട്ടുപിടിച്ച ബാല്യം

എനിക്ക് നാലു വയസുള്ളപ്പോള്‍ മുതല്‍ നൃത്തം പഠിച്ചു തുടങ്ങിയതാണ്. സ്വാതിതിരുനാള്‍ അക്കാദമിയിലെ തങ്കം ടീച്ചര്‍ ആയിരുന്നു ആദ്യ ഗുരു. അഞ്ചു വയസുമുതല്‍ തിരുവനന്തപുരം നൂപുര നൃത്തവിദ്യാലയത്തില്‍ നൃത്ത പഠനം തുടങ്ങി. ലീലാ പണിക്കരുടെ കീഴില്‍ ഭരതനാട്യവും കെ.ആര്‍ കുറുപ്പിന്റെ കീഴില്‍ കണ്ടംപററി ഡാന്‍സും വെമ്പായം അപ്പുക്കുട്ടന്‍പിള്ളയുടെ ശിക്ഷണത്തില്‍ കഥകളിയും പഠിച്ചു. ആറാം ക്ലാസു മുതലാണ് മോഹിനിയാട്ടം പഠിച്ചു തുടങ്ങിയത്. കലാമണ്ഡലം കല്യാണിക്കുട്ടിയയായിരുന്നു ഗുരു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഹിനിയാട്ടത്തില്‍ നാഷണല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. തുടര്‍ന്ന് ചന്ദ്രിക കുറുപ്പിന്റെ കീഴില്‍ കുച്ചിപ്പുടിയും ഒറീസയിലെ ഗുരു ശ്രീനാഥ് മഹാറാണയുടെ കീഴില്‍ ഒഡീസിയും അഭ്യസിച്ചു. ചേട്ടന്‍ രാജീവിനോടൊപ്പം ചേര്‍ത്തല ഗോപാലന്‍ നായരുടെ കീഴില്‍ സംഗീതവും പഠിച്ചു. ജോലിത്തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി ശ്രീദേവി രാജന്റെ കീഴില്‍ മോഹിനിയാട്ടം പരിശീലിക്കുന്നു.

മത്സരത്തിന് അയയ്ക്കാന്‍ മടിയുള്ള അച്ഛന്‍

പഠിക്കുന്ന കാലത്ത് എന്നെയും ചേട്ടനെയും മത്സരത്തിന് അയയ്ക്കാന്‍ അച്ഛന് മടിയായിരുന്നു. മത്സരങ്ങ ളില്‍ സമ്മാനം കിട്ടിയിരുന്നപ്പോള്‍ ഒഎന്‍വി കുറുപ്പിന്റെ മകള്‍ ആയതിനാലാണ് എന്ന ആരോപണങ്ങള്‍ അച്ഛനെ വേദനിപ്പിച്ചിരുന്നതിന്നാല്‍, മത്സരങ്ങള്‍ക്ക് അയയ്ക്കാന്‍ അച്ഛന്‍ വിമുഖത കാട്ടിയിരുന്നു.




നൃത്ത അധ്യാപികയും കൊറിയോഗ്രാഫറും

ഇംഗ്ലണ്ടില്‍ താമസിച്ചിരുന്ന കാലത്ത് അവിടെ കലാ, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനായി ശ്രുതി, കല എന്നീ സംഘടനകളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ശ്രുതി എന്ന സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് അച്ഛനായിരുന്നു. അവിടെ 20 കുട്ടികള്‍ക്ക് നൃത്തക്ലാസ് എടുത്തിരുന്നു. യുകെയില്‍ പലയിടങ്ങളിലും നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഒഎന്‍വി കവിതയിലെ സ്ത്രീകഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി കാവ്യ ദൃശ്യങ്ങള്‍, മഴയുടെ വിവി ധ ഭാവങ്ങളെ വിവിധ നൃത്തശൈലികളിലൂടെ അവതരിപ്പിച്ച വര്‍ഷമംഗളം, രാജാരവിവര്‍മ്മയുടെ വരകളെ നൃത്തശീലുകളിലാക്കിയ ചിലങ്ക ചാര്‍ത്തും ചിത്രങ്ങള്‍, സുഗതകുമാരി ടീച്ചറുടെ കൃഷ്ണാ നീ എന്നെ അറിയില്ല, എന്നിവ എന്റെ ഏതാനും കൊറിയോഗ്രഫികളില്‍പെടുന്നു.

തിരക്കുകള്‍ക്കിടയിലെ പരിശീലനം

നൃത്തവും ആതുരശുശ്രൂഷയും എനിക്ക് ഒരുപോലെത്തന്നെയാണ്. അത് ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. നൃത്തം എന്നെ സംബന്ധിച്ചിടത്തോളം വ്യായാമത്തിനുപരി മാനസികോ ല്ലാസത്തിനുള്ള മാര്‍ഗം കൂടിയാണ്. ഇപ്പോള്‍ ഇടവേളകളില്‍ നൃത്തത്തില്‍ താല്‍പര്യമുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ജീവനക്കാരെ നൃത്തം പഠിപ്പിക്കാറുണ്ട്. ആശുപത്രിയിലെ പരിപാടികളില്‍ ഞാന്‍ നൃത്തം അവതരിപ്പിക്കാറുമുണ്ട്.

കുടുംബത്തിന്റെ പിന്തുണ

ഭര്‍ത്താവ് ഡോ.ജയകൃഷ്ണന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ന്യൂറോ റേഡിയോളജിസ്റ്റാണ്. കലാസാഹിത്യ രംഗങ്ങളില്‍ താല്‍പര്യമുള്ള അദ്ദേഹം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുകയും അഭിനയിക്കാറുമുണ്ട്. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയ മൂത്തമകള്‍ അമൃത ഭര്‍ത്താവ് ഡോ. പ്രണവിനോടൊപ്പം ഇംഗ്ലണ്ടിലാണ്. നൃത്തത്തിലും അഭിനയത്തിലും അതീവ തല്പരയായ അമൃത സ്വന്തമായി മായാലോക എന്ന ഡാന്‍സ് കമ്പനി നടത്തുന്നുണ്ട്. 11ാം ക്ലാസില്‍ പഠിക്കുന്ന ഇളയമകള്‍ സുമിതയും ചേച്ചിയുടെ പാത പിന്തുടര്‍ന്ന് നൃത്തവും സംഗീതവും അഭിനയവും ഒരേപോലെ കൊണ്ടുപോകുന്നു.

അച്ഛന്റെയും അമ്മയുടെയും അനുഗ്രഹവും കുടുംബത്തിലെ എല്ലാവരുടെയും പിന്തുണയുമാണ് എന്റെ വിജയരഹസ്യം.

സീമ