ക്യൂട്ട് ആൻഡ് ബ്യൂട്ടിഫുൾ ഗർഭകാലം
ക്യൂട്ട് ആൻഡ് ബ്യൂട്ടിഫുൾ ഗർഭകാലം
Monday, February 19, 2018 5:15 PM IST
വിവാഹം വരെയും അതിനു ശേഷവും നല്ല സ്റ്റൈലിഷ് ബോഡിഫിറ്റ് വസ്ത്രങ്ങൾ ധരിച്ചുനടന്നവരൊക്കെ, ഗർഭിണി ആയാൽപ്പിന്നെ, അതുവരെയുള്ള ഫാഷൻ സെൻസെല്ലാം കെട്ടിപ്പൂട്ടി അലമാരയിൽ വച്ച്, കെയർലെസ്സായി വസ്ത്രം ധരിക്കുന്നതായിരുന്നു മുൻകാലത്തെ ശീലം. എന്നാലിന്ന് കാലം മാറി. ഗർഭകാലത്തായാലും, വസ്ത്രധാരണത്തിൽ ശ്രദ്ധയില്ലാതെ നടക്കാനൊന്നും ന്യൂജെൻ പെണ്‍പിള്ളേരെ കിട്ടില്ല. നല്ല സ്റ്റൈലിഷ് വസ്ത്രങ്ങൾ ധരിച്ച് ക്യൂട്ട് ആൻഡ് ബ്യൂട്ടിഫുൾ ആയി നടക്കുന്ന ഗർഭിണികളെയാണ് ഇന്ന് കൂടുതലും കാണാൻ കഴിയുക. എന്നാൽ ഗർഭിണികൾ വസ്ത്രം തെരഞ്ഞെടുക്കുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

തിരഞ്ഞെടുക്കാം അനുയോജ്യമായ വസ്ത്രങ്ങൾ

ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ആത്മവിശ്വാസത്തോടെ സുന്ദരിയായി നടക്കുന്നതൊക്കെ നല്ല കാര്യം തന്നെയാണ്. എന്നാൽ ഗർഭകാലത്ത് വസ്ത്രം തിരഞ്ഞെടുക്കുന്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമാസങ്ങളിൽ വലിയ പ്രശ്നം ഉണ്ടാകില്ലെങ്കിലും നാലും അഞ്ചും മാസത്തിലേക്ക് കടക്കുന്നതോടെ ശാരീരിക മാറ്റങ്ങൾ പ്രകടമായിത്തുടങ്ങും. സ്വാഭാവികമായും വണ്ണം കൂടുമെന്നതിനാൽ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കണം. ജോലിക്കുപോകുന്നവർ അയഞ്ഞ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നടക്കാനും, സൗകര്യ പ്രദമായ രീതിയിൽ യാത്ര ചെയ്യാനും (ബസിൽ യാത്ര ചെയ്യുന്നവർ നീളം കൂടിയ വസ്ത്രങ്ങൾ ഒഴിവാക്കുക) പാകത്തിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കണം. വായുസഞ്ചാരമില്ലാത്തതോ, ഇറുകിയതോ ആയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുന്നതാണ് ഉചിതം. കോണ്‍ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ജീൻസ് പോലുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം. വയർ മുറുകുന്ന വിധത്തിലുള്ള വസ്ത്രങ്ങളും ഉപയോഗിക്കരുത്. ഇറുകിയ അടിവസ്ത്രങ്ങൾ ഗർഭകാലത്ത് ഉപയോഗിക്കരുത്. കോണ്‍ അടിവ സ്ത്രങ്ങളാണ് നമ്മുടെ കാലാവസ്ഥയ്ക്ക് നല്ലത്. കൂടാതെ ശാരീരിക ശുചിത്വം പാലിക്കാനും ശ്രദ്ധിക്കണം.

ചെരുപ്പുകൾ തെരഞ്ഞെടുക്കുന്പോൾ

ഉയരക്കുറവ് അഡ്ജസ്റ്റ് ചെയ്യാനും, മോഡേണ്‍ വസ്ത്രങ്ങൾക്കൊപ്പവും മിക്കവരും തിരഞ്ഞെടുക്കുക ഹൈ ഹീൽ അല്ലെങ്കിൽ പോയിൻറ്ഡ് ഹീൽ ചെരുപ്പുകളാണ്. എന്നാൽ ഗർഭകാലത്ത് ഇത്തരം ആഗ്രഹങ്ങൾ മാറ്റിവയ്ക്കുക തന്നെ വേണം. കാരണം ചെരുപ്പുകൾ തെരഞ്ഞെടുക്കുന്ന ാര്യത്തിൽ, വസ്ത്രധാരണത്തേക്കാൾ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വളരെ സൗകര്യപ്രദമായ ചെരുപ്പുകൾ മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം. ഹൈ ഹീൽഡ് ഷൂസും, ചെരുപ്പുകളും ഒഴിവാക്കുക തന്നെ വേണം. ഗ്രിപ്പുള്ള ഫ്ളാറ്റ് ചെരുപ്പുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഗർഭിണിയായിരിക്കെ ഓഫീസിലും മറ്റുമായി യാത്രകൾ ചെയ്യേണ്ടിവരുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.


ആസ്വദിക്കാം, ആഘോഷിക്കാം ഗർഭകാലം

നിറവയർ ചുരിദാർ ഷോൾ കൊണ്ട് മൂടിപ്പുതച്ച്, നടക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. നിറയെ പൂക്കളുള്ള, കളർ ഫുൾ ഡിസൈനുകളുമായി, വ്യത്യസ്ത തരത്തിലുള്ള പ്രഗ്നൻസി ഫാഷൻ തന്നെ പ്രചാരത്തിലുണ്ട്. നാിലെ മിക്ക ടെക്സ്റ്റൈൽ സുകളിലും മെറ്റേർണിറ്റി/ പ്രഗ്നൻസി വെയറുകൾ ലഭ്യമാണ്. ഓണ്‍ലൈനായി വാങ്ങുന്നവരും കുറവല്ല. സ്റ്റൈലിഷ് പ്രഗ്നൻസി വെയറുകളണിഞ്ഞ്, നിറവയറുമായി, ഫോട്ടോഷൂട്ട് നടത്തി ഇൻസ്റ്റഗ്രാമിലും, ഫേസ്ബുക്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഗർഭകാലം ആഘോഷമാക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഗർഭിണികളോടുള്ള കരുതലും, സ്നേഹവും വേറെ തന്നെയായതിനാൽ സോഷ്യൽമീഡിയയിലും, ഇത്തരം ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സ്മാർട്ടായ അമ്മയാവാം

പാട്ട് കേൾക്കുന്നതോ, കൂട്ടുകാർക്കൊപ്പമിരിക്കുന്നതോ, പുതിയ വസ്ത്രം വാങ്ങുന്നതോ, ഫോട്ടോഷൂട്ട് നടത്തുന്നതോ അങ്ങനെ എന്തുമാവെ മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളിലേർപ്പെടേണ്ട കാലമാണ് ഗർഭകാലം. ഗർഭിണിയായിരിക്കെ പലവിധ ജോലികളിലും വ്യായാമങ്ങളിലും ഏർപ്പെടുന്നത് ആത്മവിശ്വാസം വർധിപ്പിക്കും. ആരോഗ്യകരമായ ശരീരവും മനസ്സും ഉണ്ടെങ്കിൽ പ്രസവവും സുഖകരമാക്കാം. അനുയോജ്യമായ വസ്ത്രം ധരിച്ച്, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത്, ആക്ടീവാകൂ, സ്മാർട്ടായ അമ്മയാവാം.

ഡോ. ദിവ്യ ജോസ്
കണ്‍സൾട്ടൻറ് ഗൈനക്കോളജിസ്റ്റ്, സൈമർ ഹോസ്പിറ്റൽ, കൊച്ചി