ക്ഷയരോഗികളിലെ പ്രമേഹ സാധ്യതകൾ
ക്ഷയരോഗവും പ്രമേഹവും രണ്ടു വ്യത്യസ്ത രോഗങ്ങളാണിവ. ക്ഷയരോഗം പകരും എന്നാൽ പ്രമേഹം പകരില്ല. അതേസമയം ക്ഷയരോഗവും(ടിബി) പ്രമേഹവും കേരളത്തിലെ ആരോഗ്യമേഖലയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിലെ ടിബി രോഗികളിൽ ഏതാണ്ട് 40 ശതമാനത്തിലധികം പേർക്കും പ്രമേഹം ഉണ്ടെന്നാണ് ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രമേഹവും ക്ഷയവും ഉണ്ടെന്ന് തിരിച്ചറിയാൻ വൈകുന്നത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ക്ഷയരോഗവും പ്രമേഹവും ചേർന്ന് കാണുന്നവരിൽ രോഗാവസ്ഥ വളരെ സങ്കീർണമാണ്. പ്രമേഹ രോഗികളിലെ ക്ഷയരോഗസാധ്യതയെക്കുറിച്ച് അറിയാം...ഞെിപ്പിക്കുന്ന കണക്കുകൾ

ഇന്ത്യയിൽ നാലുകോടി പ്രമേഹരോഗികളാണുള്ളത്. ഇന്ത്യയിലെ ക്ഷയരോഗികളുടെ എണ്ണം ഒരു ദശലക്ഷം വരും. ലോകത്ത് പ്രതിവർഷം 96 ലക്ഷം പുതിയ ക്ഷയരോഗ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ പ്രതിവർഷം 22 ലക്ഷം പുതിയ ക്ഷയരോഗികൾ ഉണ്ടാകുന്നുണ്ട്. ഓരോ അഞ്ചു മിനിറ്റിലും ക്ഷയരോഗം മൂലം രണ്ടുപേർ മരിക്കുന്നുമുണ്ട്. ക്ഷയരോഗികൾക്ക് പ്രമേഹം മൂലമുള്ള മരണസാധ്യത 1.85 ശതമാനമാണ്. ഇക്കൂട്ടരിൽ മാറിയ രോഗം വീണ്ടും തിരികെ വരാനുള്ള സാധ്യത 3.5 ശതമാനമുണ്ട്.

പ്രമേഹമുള്ള ആളുകളിൽ പ്രമേഹമില്ലാത്തവരെക്കാൾ 23 തവണ വരെ ക്ഷയരോഗസാധ്യത കാണുന്നു. ക്ഷയം കാരണം ചികിത്സക്കെത്തുന്നവരിൽ 30 ശതമാനവും പ്രമേഹത്തിന് അടിമകളാണ്. 50 മുതൽ 60 ശതമാനം വരെയാണ് പ്രമേഹ രോഗികളിൽ ക്ഷയരോഗം തിരിച്ചുവരാനുള്ള സാധ്യതയെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ കണക്കുമായി താരതമ്യപ്പെടുത്തിയാൽ ക്ഷയരോഗവും പ്രമേഹവും ഒരുമിച്ചുള്ളവരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണ്.

കേരളത്തിൽ ഓരോ വർഷവും 50,000 പേർ പുതുതായി ക്ഷയരോഗ ചികിത്സയ്ക്ക് എത്തുന്നതായാണ് കണക്ക്. 2011ൽ 26,121 പേരായിരുന്നു ക്ഷയരോഗ ബാധിതരായി കണ്ടെത്തിയത്. എന്നാൽ രണ്ട് വർഷം പിന്നിട്ടപ്പോൾ ഇത് ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ പ്രകാരം കേരളത്തിൽ ഒരുലക്ഷം പേരിൽ 165 പേർക്ക് ക്ഷയരോഗമുണ്ട്. ഇരുപതാം നൂറ്റാണ്ടിെൻറ അവസാനത്തിൽ ഇന്ത്യയിൽ പ്രമേഹ രോഗികളിൽ ക്ഷയരോഗ ബാധ 15% ആയിരുന്നു. ഇവരിൽ 20 % ആളുകളിലും കഫ പരിശോധനയിൽ ഈ രോഗത്തെ സ്ഥിരീകരിക്കുകയും ചെയ്തു. കേരളത്തിലെ ക്ഷയരോഗികളിൽ പകുതിയിലധികം പേർക്കും പ്രമേഹരോഗം ഉണ്ടെന്നാണ് ആരോഗ്യമേഖലയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ദീർഘകാല ചികിത്സ

ക്ഷയരോഗം പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിലെ നിയന്ത്രണത്തിന് തടസ്സമാകുന്നു. അതിനാൽ പ്രമേഹരോഗം സങ്കീർണമാകുന്ന അവസ്ഥയുണ്ടാകും. പ്രമേഹരോഗികൾക്കു ക്ഷയരോഗ മരുന്നുകളോടു പ്രതികരിക്കാൻ കൂടുതൽ സമയം വേണ്ടിവരും. ആറു മാസക്കാലമാണ് ക്ഷയരോഗ ചികിത്സയുടെ കാലാവധി. രോഗം പൂർണമായും ഭേദമാകുകയും ചെയ്യും. എന്നാൽ പ്രമേഹം ഉള്ളവരിൽക്ഷയം ആറുമാസം കൊണ്ട് ഭേദമാകില്ല. കുറച്ചുകാലം കൂടി ചികിത്സ വേണ്ടിവരും. പ്രമേഹരോഗമുള്ള ക്ഷയരോഗികളിൽ സാധാരണ ക്ഷയരോഗികൾക്കു നൽകാറുള്ള കാറ്റഗറി 1 ചികിത്സ പലപ്പോഴും പരാജയപ്പെടാറുണ്ട്. അപ്പോൾ കാറ്റഗറി 2 ചികിത്സ ആവശ്യമായി വരും. ക്ഷയരോഗവും പ്രമേഹവും ചേർന്നു കാണുന്നവരിൽ മരണനിരക്ക് വളരെയധികം കൂടുതലാണ്.


രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ക്ഷയരോഗ ബാധ കൂടുതലായി കാണുന്നു. ശരീരത്തിെൻറ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ നില ദീർഘകാലം അനിയന്ത്രിതമായി കൂടിനിൽക്കുന്പോൾ അതി പ്രതിരോഗസംവിധാനത്തെ ദുർബലമാക്കുന്നു.

എംഡിആർ-ടിബി (മൾട്ടി ഡ്രഗ് റസിസ്റ്റന്‍റ് ടിബി)

ക്ഷയരോഗം കൃത്യമായി ചികിത്സിച്ചാൽ ഭേദമാകുന്ന രോഗമാണ്. എന്നാൽ കുറച്ചു നാൾമാത്രം മരുന്നു കഴിച്ച് പാതിവഴിയിൽ നിറുത്തുന്നത് അപകടകരമാണ്. രോഗലക്ഷണങ്ങൾ കുറഞ്ഞാലും രോഗാണുക്കൾ പൂർണമായും നശിക്കണമെന്നില്ല. മരുന്നു പൂർത്തിയാക്കിയില്ലെങ്കിൽ രോഗാണുക്കൾ പൂർവാധികം ശക്തിയോടെ തിരിച്ചുവരും. അതു മരുന്നുകളെ അതിജീവിക്കുന്ന മൾട്ടി ഡ്രഗ് റസിസ്റ്റൻറ് ട്യൂബർകുലോസിസ് (എംഡിആർ ടിബി) ആയി മാറും.

ടിബി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഏറെ ഫലപ്രദമായ ഐസോനിയാസിഡ്, റിഫാംപിസിൻ എന്നീ ആൻറിബയോട്ടിക്കുകളോടെ ടിബി പരത്തുന്ന മൈകോബാക്ടീരിയം ട്യൂബർകുലോസിസ് ബാക്ടീരിയ പ്രതിരോധ ശേഷി നേടുകയാണ് ചെയ്യുന്നത്. അതോടെ ചികിത്സാ കാലയളവ് കൂടും. അതായത് ആറുമാസം കൊണ്ട് രോഗം ഭേദമാകുന്നിടത്ത് രണ്ടു വർഷമെങ്കിലും ചികിത്സ വേണ്ടിവരും. ചികിത്സ മുടങ്ങിയാൽ അത് എംഡിആർ ടിബി ആയി മാറും. എംഡിആർ ടിബിയുള്ള ഒരാളിൽ നിന്ന് നേരിട്ട് മറ്റൊരാളിലേക്ക് എംഡിആർടിബി പകരാം.

കേരളത്തിൽ എംഡിആർടിബിക്ക് ചികിത്സ തേടുന്നവരിൽ 35 ശതമാനത്തോളം പ്രമേഹരോഗികളുണ്ടെന്നു ആരോഗ്യവകുപ്പിെൻറ കണക്കുകൾ സൂചിപ്പിക്കുന്നു. പ്രമേഹവും ടിബിയും ഉള്ളവരിൽ എംഡിആർടിബിക്കും സാധ്യത കൂടുതലാണ്. സ്റ്റേറ്റ് ടിബി സെല്ലിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് കേരളത്തിൽ എംഡിആർടിബി രോഗികളുടെ എണ്ണം വർഷം തോറും കൂടിവരുന്നതായി കാണുന്നു.

പ്രതിരോധ മാർഗങ്ങൾ

ക്ഷയരോഗമുള്ളവരിൽ പ്രമേഹമുണ്ടോയെന്നും പ്രമേഹരോഗികളിൽ ക്ഷയരോഗസാധ്യതയുണ്ടോയെന്നും പരിശോധിക്കണം.

സീമ മോഹൻലാൽ
വിവരങ്ങൾക്കു കടപ്പാട് ഡോ. സുരേഷ് വരദരാജൻ
അസോസിയേറ്റ് പ്രഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം
ശ്രീരാമചന്ദ്ര യൂണിവേഴ്സിറ്റി, ചെന്നൈ

ഡോ. ജി. വിജയകുമാർ
ചെയർമാൻ & മാനേജിങ് ഡയറക്ടർമെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ & ഡയബെറ്റിസ് സെൻറർ
കുളനട