സ്തനാർബുദത്തെ കരുതിയിരിക്കാം
സ്തനാർബുദത്തെ കരുതിയിരിക്കാം
Monday, October 24, 2016 4:52 AM IST
കേരളത്തിലെ സ്ത്രീകളിൽ സ്തനാർബുദ നിരക്ക് ഗണ്യമായി വർധിച്ചുവരുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിന്റെ പ്രധാനകാരണമായി കരുതേണ്ടത്. പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് അർബുദനിരക്ക് കുറവായിരുന്ന ഒരു കാലത്തിൽ നിന്ന് അവരെ വെല്ലുന്ന രീതിയിലേക്കാണ് കേരളത്തിന്റെ ഇപ്പോഴത്തെ നിരക്കിന്റെ പോക്ക്. ആർത്തവവിരാമത്തിനുശേഷമാണ് ഭൂരിഭാഗം സ്തനാർബുദങ്ങളും കണ്ടുവരുന്നത്. എന്നാൽ ഇനിയും വ്യക്‌തമല്ലാത്ത കാരണങ്ങൾ കൊണ്ടു 35–50 വയസിലുള്ളവരിലും സ്തനാർബുദം ഗണ്യമായി വർധിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മുഴകൾ ശ്രദ്ധിക്കണം

മാസമുറ വരുന്ന സ്ത്രീകളിലെ സ്തനങ്ങളിൽ മുഴകൾ സാധാരണമാണ്. Fibrocystic disease അഥവാ Aberration of Normal Development and Involution എന്നാണ് ഇവയെ വിളിക്കുന്നത്. മാസമുറയിൽ സ്ത്രീ ഹോർമോണുകൾ കൂടുകയും കുറയുകയും ചെയ്യും. ഇതിന്റെ പ്രതിഫലനമെന്നോണം സ്ത്രീകളിൽ മുഴകൾ വന്നുപോകുന്നു. പലരിലും അസഹസ്യമായ വേദനയും കാണാം. ഇവമൂലം സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യതയിൽ ഗണ്യമായ വർധന സംഭവിക്കുന്നില്ല. മാസമുറയ്ക്ക് ശേഷം 5–10 ദിവസത്തിനുള്ളിൽ സ്തനം സ്വയം പരിശോധന നടത്തുന്നതിലൂടെ അസാധാരണമായ മാറ്റങ്ങൾ ഉണ്ടോയെന്ന് മനസിലാക്കാം.

പരിശോധന

50 വയസിനു മുകളിലുള്ളവർക്ക് സ്തനാർബുദ നിർണയത്തിന് ഉപയോഗിക്കുന്ന ലളിതമായ പരിശോധനയാണ് മാമ്മോഗ്രാഫി. സ്തനത്തിന്റെ എക്സറേ എന്ന് ഇതിനെ കരുതാം. കൈകൊണ്ട് തൊട്ടറിയുന്നതിന് മാസങ്ങൾ മുൻപ് തന്നെ സ്തനത്തിലെ മാറ്റങ്ങൾ മാമ്മോഗ്രാഫി വഴി മനസിലാക്കാം. എന്നാൽ ചെറുപ്പക്കാരിൽ സ്തനത്തിന്റെ Fibrous issue കൂടുതൽ ഉള്ളതിനാൽ മാമ്മോഗ്രാഫി പരിശോധനയ്ക്ക് പരിമിതികളുണ്ട്. അതിനാൽ അൾട്രാസൗണ്ട് സ്കാനോ ചിലപ്പോൾ എംആർഐ സ്കാനോ വഴി മാത്രമേ ശരിയായ നിഗമനത്തിലെത്താനാകൂ.

പ്രായഭേദമെന്യേ സ്തനത്തിൽ വരുന്ന നിറം മാറ്റം, മുലക്കണ്ണിൽ നിന്നു രക്‌തസ്രാവം, വേഗം വളരുന്ന മുഴകൾ എന്നിവ അർബുദ ലക്ഷണങ്ങളാകാം. ചെറുപ്പക്കാരിൽ പലപ്പോഴും ഇവ അതിവേഗം സംഭവിക്കാം. പ്രസവകാലത്തും മുലയൂട്ടുമ്പോഴും ഉണ്ടാകുന്ന അർബുദങ്ങളിലും വേഗത്തിലുള്ള ഈ വളർച്ച കാണാവുന്നതാണ്. നീരിറക്കം, തട്ടിയ പാട്, എന്നിങ്ങനെ ലഘൂകരിച്ചു കാണുവാനുള്ള പ്രവണതയും പലപ്പോഴും രോഗനിർണയം താമസിപ്പിക്കാം.



സ്തനാർബുദം സ്‌ഥിരീകരിക്കുവാൻ രക്‌തപരിശോധനകൾക്കോ സ്കാനിങ്ങിനോ സാധിക്കുകയില്ല. അർബുദകോശങ്ങളെ ഒരു FNAC അഥവാ Biopsy വഴി ശേഖരിച്ച് മൈക്രോസ്കോപ്പിൽ പരിശോധിച്ചാൽ മാത്രമേ നിജസ്‌ഥിതി മനസിലാക്കാനാകു. ജനങ്ങളിൽ അർബുദത്തോടുള്ള ഭീതി മാറുന്നതിന്റെ കാരണമാകാം ഇന്ന് മിക്ക ആശുപത്രികളിലും 50 ശതമാനം രോഗികൾ വളരെ നേരത്തെ വരുന്നത്.


അർബുദകോശങ്ങൾക്ക് വളർന്ന് മുഴയാകാൻ മാത്രമല്ല, മറ്റു ശരീരഭാഗങ്ങളിലേക്ക് ആക്രമണം നടത്തുവാനുള്ള കഴിവുമുണ്ട്. കരൾ, ശ്വാസകോശം, എല്ലുകൾ എന്നിവയിൽ അർബുദബാധയില്ല എന്ന് ഉറപ്പുവരുത്തിയാൽ ചികിത്സ വിജയകരമായി നടത്താനാകും. സ്തനത്തിന്റെ വലിപ്പവും മുഴയുടെ സ്‌ഥാനവുമനുസരിച്ച് പൂർണമായി സ്തനം നീക്കം ചെയ്യാതെ തന്നെ ചികിത്സിക്കാം. ചെറുപ്പക്കാരിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ള ശസ്ത്രക്രിയ ആഗ്രഹിക്കുന്നവരാണ്. ബാക്കി വച്ചിരിക്കുന്ന സ്തനഭാഗത്തേക്ക് രോഗം തിരിച്ചുവരാതിരിക്കുവാൻ റേഡിയേഷൻ ചെയ്യണം എന്നു മാത്രം.

ചെറുപ്പക്കാരുടെ മെച്ചപ്പെട്ട ആരോഗ്യസ്‌ഥിതികൊണ്ട് കീമോതെറാപ്പി, റേഡിയേഷൻ എന്നിവ വലിയ പാർശ്വഫലങ്ങളില്ലാതെ പൂർത്തീകരിക്കുവാനാകും. ഛർദ്ദി, ക്ഷീണം, പ്രതിരോധ ശക്‌തികുറയൽ എന്നിവ വരാതിരിക്കുവാൻ നവീനമായ ചികിത്സാരീതികൾ ഇന്നു ലഭ്യമാണ്.

പാശ്ചാത്യ രാജ്യങ്ങളിൽ ഗാർഹിക ഉത്തരവാദിത്തങ്ങളെയോ ജോലിയെയോ ബാധിക്കാത്ത രീതിയിൽ രാവിലെ വന്ന് കീമോ ചെയ്ത് പോകുവാൻ സാധിക്കുന്നത് പ്രത്യേകിച്ചും ചെറുപ്പക്കാർക്ക് വലിയ ഒരു അനുഗ്രഹമാണ്. മുടിപോവുക എന്ന പ്രശ്നമൊഴിച്ചു നിർത്തിയാൽ സ്തനാർബുദ ചികിത്സ ചെയ്യുന്നവർക്കു സമൂഹത്തിൽ ഒരു രീതിയിലുള്ള പരിമിതികളും ഇല്ല.

ആറുമാസത്തോളം നീണ്ടുനിൽക്കാവുന്ന (ഭൂരിഭാഗവും ഔട്ട് പേഷ്യന്റ്) ചികിത്സയ്ക്ക് ശേഷം അഞ്ച് വർഷത്തോളം കൃത്യമായ പരിശോധനകൾ വേണം. കുടുംബത്തിൽ പലതലമുറകളിൽ മൂന്നിലധികം പേർക്ക് സ്തനം/ അണ്ഡാശയം കാൻസറുകൾ ഉണ്ടെങ്കിൽ ജനിതക പരിശോധന നടത്തുന്നത് ഉചിതമാണ്. BRCA എന്ന് ജീനിൽ വരുന്ന മാറ്റങ്ങൾ അഞ്ച് ശതമാനം സ്തനാർബുദങ്ങൾക്ക് (പ്രത്യേകിച്ചും ചെറുപ്പക്കാരിൽ) കാരണമാണ്. ഒരു രക്‌തപരിശോധന വഴി ഇതു മനസിലാക്കാം. ഭാവിയിൽ ഉണ്ടായേക്കാവുന്ന അർബുദങ്ങളെ പ്രതിരോധിക്കാൻ 'BRCA testing സഹായിക്കും. ഇതിനെല്ലാമുപരി ചിട്ടയായ ഭക്ഷണം, വ്യായാമം എന്നിവയിൽ അധിഷ്ഠിതമായ ജീവിത ശൈലിയിലൂടെ സ്തനാർബുദമില്ലാതെ ദീർഘകാലം ആരോഗ്യവതിയായി ജീവിക്കാമെന്നതിനു സംശയമില്ല. അർബുദരോഗ ചികിത്സയിൽ ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ വളർച്ച വിരൽ ചൂണ്ടുന്നതും ഇതിലേക്കു തന്നെയാണ്.



ഡോ.അരുൺ വാര്യർ
കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി, എറണാകുളം