വീട് സ്വർഗമാക്കാം
വീട് സ്വർഗമാക്കാം
Tuesday, October 18, 2016 4:54 AM IST
തോമസും സരിതയും വിവാഹം കഴിച്ചിട്ട് ഇരുപത്തിയഞ്ചു വർഷമായി. സരിതയും മൂത്തമകനും കൂടിയാണ് കൗൺസലിംഗ് സെന്ററിൽ എത്തിയത്. മകനെ, പഠിച്ചുകൊണ്ടിരിക്കുന്ന കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കൗൺസലിംഗ് നടത്തി സർട്ടിഫിക്കറ്റുമായി ഹാജരായാലേ സസ്പെൻഷൻ പിൻവലിക്കുന്നതിനെപ്പറ്റി ആലോചിക്കുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്. യുവജനോത്സവത്തിന്റെ മത്സരങ്ങൾ രാത്രിയിലേക്ക് നീണ്ടപ്പോൾ അവനും ഏതാനും കൂട്ടുകാരും മദ്യപിച്ച് ഹാളിലെത്തി പെൺകുട്ടികളോട് അപമര്യാദയായി പെരുമാറി എന്നതാണ് കേസ്. അസഭ്യം പറഞ്ഞതല്ലാതെ മറ്റു അതിക്രമമൊന്നും കാണിച്ചില്ലെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അധികൃതർ അന്വേഷിച്ചപ്പോൾ ഇടയ്ക്കിടെ മദ്യപാനം ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ആ കൂട്ടുകെട്ടിലുള്ള എല്ലാവരെയും സസ്പെന്റ് ചെയ്തിരിക്കുകയാണ്. സുമുഖനായ ആ യുവാവ് ആദരവോടെയാണ് എന്റെയടുത്ത് പെരുമാറിയത്.

വീടെന്ന നരകം

ഡോക്ടർ, എന്റെ ദുരവസ്‌ഥ ആർക്കും വരരുതെന്ന ആഗ്രഹം കൊണ്ടാണ് ഞാൻ ചില കാര്യങ്ങൾ ഡോക്ടറോടു പറയാൻ ഇവിടെ വന്നതെന്ന് പറഞ്ഞു കഥകൾ വിവരിക്കാൻ തുടങ്ങി. ഞങ്ങളുടെ വീട് ഒരു നരകമാണ്. അമ്മയും അപ്പനും തമ്മിൽ സ്‌ഥിരം വഴക്കാണ്. ആദ്യമൊക്കെ അമ്മ ക്ഷമിക്കുമായിരുന്നു, ഇപ്പോൾ അപ്പൻ ഒന്നു പറഞ്ഞാൽ അമ്മ രണ്ടു പറയും. ആദ്യമൊക്കെ ഞങ്ങൾ നിഷ്പക്ഷരായി നിലകൊണ്ടു. ഇപ്പോൾ ഞാനും അനുജത്തിയും അമ്മയുടെ പക്ഷത്താണ്. അതുകൂടി കണ്ടപ്പോൾ അപ്പന്റെ കലി ഇരട്ടിച്ചു. അപ്പന്റെ പേരിലുള്ള സ്‌ഥലം വിറ്റ് ഞങ്ങളെ വഴിയിൽ ഇറക്കുമെന്നാണ് ഭീഷണി. വീട്ടിൽ വന്നാൽ ഒരു സമാധാനവുമില്ല. അതുകൊണ്ടാണ് വീട്ടിൽ കഴിയുന്നത്ര താമസിച്ചു വരുവാനായി കൂട്ടുകാരുടെ അടുത്തു തങ്ങുവാൻ തുടങ്ങിയത്. ക്രമേണ അവരോടൊപ്പം ചേർന്ന് മദ്യപാനവും തുടങ്ങി. കാര്യങ്ങൾ ഇത്രത്തോളം വഷളാകുമെന്ന് കരുതിയിരുന്നില്ല.

വീട്ടിലെ വഴക്കിന്റെ കാരണം അന്വേഷിച്ചപ്പോൾ അമ്മ നെടുവീർപ്പോടെ മകന്റെ മുഖത്തു നോക്കിയിട്ട് അവനോട് പുറത്തുപോകാൻ പറയാൻ എന്നോട് ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ അന്നു മുതൽ ഭർത്താവിന്റെ പ്രത്യേകതകൾ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്.

സംശയരോഗിയായ ഭർത്താവ്

കുടുംബത്തിൽ ജ്യേഷ്ഠനും ഭാര്യയും ഉണ്ടായിരുന്നു. ഞാൻ ജ്യേഷ്ഠനോട് സംസാരിക്കുന്നതുപോലും അയാൾക്കിഷ്‌ടമില്ലായിരുന്നു. ജ്യേഷ്ഠനും ഭാര്യയും കൂടി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും അപ്പനും അമ്മയും ജ്യേഷ്ഠനോട് ചേർന്ന് തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്നും പറഞ്ഞ് വഴക്കുണ്ടാക്കി വീടുവിട്ടറിങ്ങി. മറ്റൊരു വീട്ടിൽ താമസമാക്കി. അവിടെ ചെന്നിട്ടും അയൽപക്കക്കാരുമൊക്കെയായി വഴക്കായി. ആരും വീട്ടിലേക്ക് കടന്നുവരാതെയായി, ഒരുകാര്യവും ആരോടും, ഭാര്യയോടുംപോലും തുറന്നു പറയുകയില്ല. പറഞ്ഞാൽ അതു പിന്നെ തനിക്കെതിരേ പ്രയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് അയാൾ പറയുക. ഒരിക്കൽ പള്ളിയിലെ വികാരിയച്ചൻ, നിന്നെ ഇപ്പോൾ പള്ളിയിലേക്ക് കാണുന്നില്ലല്ലോ എന്നു പറഞ്ഞപ്പോൾ അച്ചൻ അർഥം വച്ചു സംസാരിച്ചു കളിയാക്കുകയായിരുന്നുവെന്നു പറഞ്ഞ് അച്ചന്റെ നേരെ ദേഷ്യപ്പെട്ടു. ഭാര്യ ഇതുകണ്ട് കരഞ്ഞപ്പോൾ അവൾ അച്ചന്റെ പകഷത്താണെന്നും പറഞ്ഞ് അവളോടും ദേഷ്യപ്പെട്ടു. സ്കൂളിൽ പഠിച്ച കാലത്തു വഴക്കുണ്ടാക്കിയപ്പോൾ തന്നെ ഇടിച്ചു എന്നതിന്റെ പേരിൽ ഇപ്പോഴും അയൽപക്കത്തുള്ള സോമനെ കാണുമ്പോൾ ചൂടാകുകയും താൻ പ്രതികാരം ചെയ്യുമെന്ന് പറയുകയും ചെയ്യും. ഭാര്യയും മകളും പുരുഷന്മാരോട് സംസാരിക്കുന്നതു കണ്ടാൽ തട്ടിക്കയറും. ഒരിക്കൽ ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടി ഡിഗ്രിക്കു പഠിക്കുന്ന മകളുടെ പക്കൽ നിന്ന് നോട്ടുബുക്കു വാങ്ങിക്കാൻ വന്നപ്പോൾ മേലാൽ ഈ വഴിക്കു വന്നേക്കരുതെന്ന് പറഞ്ഞ് താക്കീത് ചെയ്തുവിട്ടു. അതു കണ്ട മകൾ അപ്പനെതിരേ ആക്രോശിച്ചുകൊണ്ട് താൻ വീടുവിട്ടിറങ്ങിപ്പോകുമെന്ന് ഭീഷണിപ്പെടുത്തി. വീടുവിട്ടു പോയാൽ കൊല്ലുമെന്നയാൾ തിരിച്ചു പറഞ്ഞു. എന്റെ ഭാര്യയും മക്കളും അഴിഞ്ഞാടാൻ ഞാൻ സമ്മതിക്കുകയില്ലാ എന്ന് അയൽപക്കത്തുകാർ കേൾക്കെ വിളിച്ചുപറഞ്ഞു. ഇതുകണ്ട് പുറത്തുനിന്നു വന്ന മകൻ അമ്മയുടെ അടുത്ത് നിന്ന് രഹസ്യമായി എന്തോ ചോദിച്ചറിഞ്ഞപ്പോൾ അയാൾ അവന്റെ നേരയെും തട്ടിക്കയറി. അവൻ എതിർത്തു സംസാരിച്ചപ്പോൾ ശബ്ദംകേട്ട് ആൾക്കാർ ഒരുമിച്ചുകൂടി. ഒരുദിവസം ഭാര്യ ബാങ്കിൽ പോയപ്പോൾ രാവിലെ വന്ന ഒരു ഫോൺകോൾ അനുസരിച്ച് ആരെയോ കാണാൻ രഹസ്യമായിപോയതാണെന്ന് ഉറപ്പിച്ചു ടാക്സിയെടുത്തു പുറകേപോയ കഥയും ഭാര്യ പറഞ്ഞു.


മേൽപറഞ്ഞ വ്യക്‌തി പാരനോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ എന്ന വ്യക്‌തിത്വ വൈകല്യമുള്ളയാളാണെന്ന് കേൾക്കുമ്പോൾ മനഃശാസ്ത്രം പഠിച്ചവർക്ക് മനസിലാകും. ജീവിത വ്യാപാരങ്ങളുടെ എല്ലാ തലങ്ങളിലും ആരെയും വിശ്വാസമില്ലാത്ത അവസ്‌ഥയിലായിരിക്കും ഇവർ. സഹപ്രവർത്തകരുടെ പോലും വിശ്വാസ്യതയിൽ അവർക്ക് സംശയമായിരിക്കും. മറ്റുള്ളവരുടെ നിരുപദ്രവപ്രദമെന്നു നമുക്കു തോന്നുന്ന അഭിപ്രായപ്രകടനങ്ങൾ പോലും തനിക്കെതിരേ ഉള്ള ഒളിപ്രയോഗമായി ഇയാൾ സംശയിച്ചു. തന്നെ അവഹേളിക്കുവാൻ എല്ലാവരും ഒരുമ്പിട്ടറിങ്ങിയിരിക്കുകയാണ് എന്ന തോന്നൽ ഇയാൾക്ക് ശക്‌തമായി. വൈരാഗ്യവും വിരോധവുമുള്ള വ്യക്‌തികളോട് പകപോക്കാൻ അവസരം കാത്തിരിക്കുന്നവരാണിവർ. ഈ പെരുമാറ്റ പ്രത്യേകതകൾ കൊണ്ട് ആരുമായും ആത്മബന്ധം ഉണ്ടാകുകയില്ല. സുഹൃത്തുക്കളും കാണുകയില്ല ഇവർക്ക്. തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതു തെറ്റാണെന്ന് പറഞ്ഞാലും മനസിലാകുകയില്ല. തങ്ങൾ വിശ്വസിക്കുന്നതൊക്കെ യഥാർഥത്തിൽ അങ്ങനെ തന്നെയാണ് എന്ന് ആഴത്തിൽ വിശ്വസിക്കുന്നതുകൊണ്ട് ഈ രീതി മാറ്റിയെടുക്കുക ദുഷ്കരമാണ്. മരുന്നും സൈക്കോളജിക്കൽ ഇടപെടലും കൊണ്ട് പെരുമാറ്റം സഭ്യമായി രൂപീകരിക്കാൻ കഴിഞ്ഞേക്കാം.



ഡോ. പി. എം. ചാക്കോ പാലക്കുന്നേൽ
പ്രിൻസിപ്പൽ നിർമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി, പത്തനംതിട്ട