ഗർഭിണികളിലെ വിളർച്ച തടയാം
ഗർഭിണികളിലെ വിളർച്ച തടയാം
Saturday, October 15, 2016 4:02 AM IST
ഗർഭകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വിളർച്ച (അനീമിയ). കേരളത്തിലെ മൂന്നിലൊന്ന് സ്ത്രീകളും (32.7 ശതമാനം) പെൺകുട്ടികളും (31.3 ശതമാനം) അനീമിയ ബാധിതരാണ്. ഗർഭകാലത്ത് തൊണ്ണൂറിൽപ്പരം ദിവസങ്ങളിൽ ഐഎഫ്എ ടാബ്ലറ്റ് കഴിക്കുന്ന സ്ത്രീകൾ 59.3 ശതമാനം മാത്രമാണ്. ഗർഭിണികളിലെ വിളർച്ചയെക്കുറിച്ച് അറിയാം...

എന്താണ് വിളർച്ച (അനീമിയ)?

ഹീമോഗ്ളോബിൻ, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങൾ രക്‌തത്തിൽ കുറയുന്നതും ചുവന്ന രക്‌തകോശങ്ങളുടെ കുറവുമാണ് വിളർച്ചയ്ക്കു കാരണം. രക്‌തത്തിലൂടെ ഓക്സിജൻ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ വിളർച്ച പ്രതികൂലമായി ബാധിക്കും.

100 മില്ലി ലിറ്റർ രക്‌തത്തിലുണ്ടാകേണ്ട ഹീമോഗ്ളോബിൻ അളവ്

* ഗർഭിണികൾക്കും അഞ്ചുവയസിൽ താഴെയുള്ളവർക്കും 11 ഗ്രാം
* അഞ്ച് മുതൽ 11 വയസുവരെയുള്ളവർക്ക് 11.5 ഗ്രാം
* സ്ത്രീകൾ, കൗമാരക്കാർ, മുലയൂട്ടുന്നവർ 12 ഗ്രാം
* പുരുഷന്മാർ 13 ഗ്രാം

വിളർച്ചയുടെ പ്രത്യാഘാതങ്ങൾ

* മാതൃമരണം : രക്‌തനഷ്‌ടംമൂലം പ്രസവസമയത്ത് സ്ത്രീകൾ മരിക്കുന്നതിന്റെ പ്രധാന കാരണം വിളർച്ചയാണ്. പ്രസവസമയത്തെ 20 ശതമാനം മാതൃമരണവും സംഭവിക്കുന്നത് വിളർച്ച മൂലമാണ്.
* ശിശുമരണം : വിളർച്ച ബാധിച്ച അമ്മമാരിൽ നിന്ന് കാലം തികയാതെയുള്ള പ്രസവവും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സമയമെത്താതെയുള്ള പ്രസവവും നവജാതശിശുക്കളുടെ തൂക്കക്കുറവും കുഞ്ഞിന്റെ മരണത്തിന് കാരണമായേക്കാം. അമ്മമാരിലെ ഹീമോഗ്ളോബിന്റെ ഓരോ യൂണിറ്റിലും 1 g/dL എന്ന തോതിലുള്ള വർധനവ് കുഞ്ഞുങ്ങളുടെ മരണനിരക്ക് 24 ശതമാനം കുറയ്ക്കുമെന്നാണ് പഠനം.
* പോഷകാഹാരക്കുറവ്: വിളർച്ചയുള്ള അമ്മമാരുടെ കുട്ടികൾക്ക് പോഷകാഹാരക്കുറവും അണുബാധയും മറ്റു അസുഖങ്ങളും ഉണ്ടാകുന്നു.
* രോഗങ്ങൾ: വികസ്വര രാജ്യങ്ങളിലെ മൊത്ത രോഗബാധയുടെ 2.4 ശമതാനത്തിനും കാരണം വിളർച്ചയും അയഡിൻ, വിറ്റാമിൻ എ എന്നിവയുടെ അപര്യാപ്തതയുമാണ്. ലോകാരോഗ്യസംഘടനയുടെ (2002) പഠനമനുസരിച്ച് വികസ്വര രാജ്യങ്ങളിലെ രോഗബാധയുടെ ഒൻപതു മുതൽ 10 ശമതാനത്തിനു വരെ കാരണം ഇവ മൂന്നുമാണ്.
* ജിഡിപിയിലുണ്ടാക്കുന്ന കുറവ്: പഠനങ്ങളനുസരിച്ച് ഒരു രാജ്യത്തിന്റെയോ സംസ്‌ഥാനത്തിന്റെയോ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ അനീമിയ ഒന്നു മുതൽ നാലുശതമാനം വരെ കുറവു വരുത്തുന്നു.
* സാമ്പത്തിക നഷ്‌ടം : ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇരുമ്പ്, അയഡിൻ, വിറ്റാമിൻ എ എന്നിവയുടെ അപര്യാപ്തത വികസ്വര രാജ്യങ്ങളുടെ ജിഡിപിയിൽ അഞ്ച് ശമതാനം കുറവുണ്ടാക്കുന്നു.



വിളർച്ച തടയാം

* ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കുക
* ഐഎഫ്എ ടാബ്ലറ്റുകൾ കഴിക്കുക
* ഇരുമ്പ് അടങ്ങിയ ഉപ്പ് ഉപയോഗിക്കുക

ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കൾ

* ആട്ടിറച്ചി, മാട്ടിറച്ചി, കോഴിയിറച്ചി, പന്നിയിറച്ചി, കരൾ, മുട്ട

* കക്കയിറച്ചി, ചെമ്മീൻ, കടൽ മീനുകൾ
* സോയാബീൻ, പരിപ്പ്, ഉഴുന്നുപരിപ്പ്, കടല
* ഇലക്കറികൾ, പച്ചക്കായ, തണ്ണിമത്തങ്ങ, ഗ്രീൻപീസ്
* ശർക്കര, അണ്ടിപ്പരിപ്പ്, ഡ്രൈഫ്രൂട്ട്സ്
* ധാന്യങ്ങൾ, ചോളം, ബജ്റ, റാഗി, തവിട് നീക്കാത്ത അരി
* പാലിൽ ഇരുമ്പ് വളരെക്കുറച്ചെയുള്ളു.
നൂറുഗ്രാം ഉരുളക്കിഴങ്ങിൽ അര മില്ലി ഗ്രാമും ഒരു പുഴുങ്ങിയ മുട്ടയിലും നൂറു ഗ്രാം അരിയിലും ഒരു എംജിയും ഇരുമ്പ് അടങ്ങിയിരിക്കുന്നു. നൂറുഗ്രാം ആട്ടിൻ കരളിൽ ആറ് എംജിയും കക്കയിറച്ചിയിൽ ഒൻപത് എംജിയും ഉണങ്ങിയ താമരത്തണ്ടിൽ 60 എംജിയും ഇരുമ്പുണ്ട്.

ഇരുമ്പിന്റെ ആഗിരണം

ദിവസേന കഴിക്കുന്ന ആഹാരത്തിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന ഇരുമ്പിന്റെ അളവ് വളരെക്കുറവാണ്. അതിനാൽ ദിവസവും ആവശ്യമുള്ളതിന്റെ 10 മുതൽ 25 ഇരട്ടിവരെ ഇരുമ്പ് അടങ്ങിയ ആഹാരപദാർഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മത്സ്യമാസാംദികളിൽ അടങ്ങിയ ഇരുമ്പാണ് പച്ചക്കറികളിലുള്ള ഇരുമ്പിനെക്കാൾ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാനാകുന്നത്.

വിറ്റാമിൻ സി അടങ്ങിയ നാരങ്ങ, പേരയ്ക്ക, ഓറഞ്ച് എന്നിവ ഇരുമ്പിന്റെ ആഗിരണം എളുപ്പത്തിലാക്കും. മത്സ്യം, മാംസം, കടൽ മീനുകൾ, പഴവർഗങ്ങൾ, ഉരുളക്കിഴങ്ങ്, കാബേജ്, ഇലക്കറികൾ എന്നിവയും ഇരുമ്പിന്റെ ആഗിരണത്തിന് സഹായകമാണ്. അതേസമയം, ചായ, കാപ്പി, പാൽ എന്നിവ ഇരുമ്പിന്റെ ആഗിരണം തടയും.

ഐഎഫ്എ ടാബ്ലറ്റുകൾ

അനീമിയയെ പ്രതിരോധിക്കാൻ ഒരു സ്ത്രീക്ക് പ്രതിവർഷം ആവശ്യമായ 52 അയൺ ടാബ്ലറ്റുകൾക്ക് 12 രൂപമാത്രമേ ചെലവുവരൂ. (ഒരു ടാബ്ലറ്റിന് 18 പൈസ എന്ന നിരക്കിൽ).

ഇരുമ്പിന്റെ അപര്യാപ്തത പരിഹരിക്കാം

ഗർഭണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 100 ഐഎഫ്എ ടാബ്ലറ്റുകൾ നൽകണം. ആദ്യത്തെ 14 മുതൽ 16 വരെയുള്ള ആഴ്ചകളിൽ 100 ദിവസത്തിനുശേഷം ഒരു ഗുളിക കഴിക്കണം. പ്രസവത്തിന് 100 ദിവസം ശേഷം വരെ ഇത് ആവർത്തിക്കണം. കേന്ദ്രസർക്കാരിന്റെ ’നിപി’ പദ്ധതി (National Iron Plus Initiative) യനുസരിച്ച് ആറു മുതൽ 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും 15 മുതൽ 49 വയസുവരെയുള്ള എല്ലാ സ്ത്രീകൾക്കും ഐഎഫ്എ ടാബ്ലറ്റുകളോ സിറപ്പോ നൽകേണ്ടതുണ്ട്.

Cochrane review അനുസരിച്ച് ഗർഭിണികൾ ദിവസേന ഐഎഫ്എ ഗുളിക കഴിച്ചാൽ അനീമിയ 70 ശതമാനവും കുഞ്ഞുങ്ങളുടെ തൂക്കക്കുറവ് 19 ശതമാനവും കുറയും. ഗർഭസമയത്ത് ആവശ്യത്തിന് ഫോളിക് ആസിഡ് ലഭിച്ചാൽ കുഞ്ഞിന്റെ ജനനസമയത്തെ തൂക്കം മെച്ചപ്പെടും.

അമ്മമാർ ഇരുമ്പും ഫോളിക് ആസിഡും കഴിക്കുന്നതിലൂടെ അഞ്ചുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം 34 ശതമാനം കുറയ്ക്കാനാകും.

ഇവ കഴിക്കുന്നതിലൂടെ നവജാത ശിശുമരണ നിരക്ക് 54 ശമതാനം കുറഞ്ഞതായി ചൈനയിൽ നടന്ന ഒരു പഠനം വ്യക്‌തമാക്കുന്നു.



ജോബ് സഖറിയ
യൂനിസെഫ് കേരള–തമിഴ്നാട് വിഭാഗം മേധാവി

തയാറാക്കിയത്– സീമ