രാജ്യത്തെ ആയുർവേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എംഡി/എംഎസ്/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലമോ കോഴ്സുകളിൽ അഡ്മിഷനുള്ള ഏകീകൃത പ്രവേശന പരീക്ഷയായ ഓൾ ഇന്ത്യാ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (എഐഎപിജിഇടി) ജൂണ്‍ 24ന് 20 കേന്ദ്രങ്ങളിലായി നടത്തും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു വേണ്ടി ന്യൂഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയാണു പരീക്ഷ നടത്തുന്നത്. ആയുർവേദത്തിനു പുറമേ ഹോമിയോപ്പതി, സിദ്ധ, യുനാനി പിജി കോഴ്സുകൾൾക്കും ഈ പരീക്ഷ വഴിയാണ് അഡ്മിഷൻ.
പൂർണമായും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ബന്ധപ്പെട്ട മേഖലയിൽ നിന്നും 100 മാർക്കിന്റെ ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഒന്നര മണിക്കൂർ ദൈർഘ്യമുള്ളതാണു പരീക്ഷ.
മേയ് നാലു വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. ജൂലൈ 19ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.
ബിഎഎംഎസ്, ബിയുഎംഎസ്,ബിഎസ്എംഎസ്,ബിഎച്ച്എംഎസ് പാസായവർക്കും ഒരു വർഷത്തെ ഇനന്റേണ്ഷിപ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 2000 രൂപ. സംവരണ വിഭാഗങ്ങൾക്ക് 1500 രൂപ. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാ കേന്ദ്രങ്ങളാണ്.
കേരളത്തിൽ മന്നം ആയുർവേദ കോ-ഓപ്പറേറ്റീവ് കോളജ്-പന്തളം, ഗവണ്മെന്റ് ആയുർവേദ കോളജ്-തൃപ്പൂണിത്തുറ, തിരുവനന്തപുരം,കണ്ണൂർ, വൈദ്യരത്നം ആയുർവേദ കോളജ്-തൃശൂർ, പങ്കജ കസ്തൂർ ആയുർവേദ മെഡിക്കൽ കോളജ്-കാട്ടാക്കട, പറശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളജ്-കണ്ണൂർ, പിഎൻഎൻഎം ആയുർവേദ മെഡിക്കൽ കോളജ്-ഷൊർണൂർ, വൈദ്യ രത്നം പി.എസ്. വാര്യർ ആയുർവേദ കോളജ്- കോട്ടയ്ക്കൽ, അമൃത ആയുർവേദ കോളജ്-കൊല്ലം, ശ്രീ നാരായണാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച്- കൊല്ലം എന്നിവിടങ്ങളിലാണു കേരളത്തിൽ ആയുർവേദ പിജി കോഴ്സുകൾ ഉള്ളത്. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഗവണ്മെന്റ് ഹോമിയോപ്പതി കോളജുകളിലാണു കേരളത്തിൽ ഹോമിയോപ്പതി പിജി കോഴ്സുകൾ. കൂടുതൽ വിവരങ്ങൾക്ക്: www. aiapget.com, www.aiia.co.in, www.ayush.gov.in.