കണ്ണേ മടങ്ങല്ലേ.. ചതുപ്പിൽ മുങ്ങിത്താഴുന്ന പ്രിയതമയെ രക്ഷിക്കാൻ അരയന്നത്തിന്‍റെ ശ്രമം
Monday, June 4, 2018 4:33 PM IST
ചതുപ്പിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന പ്രിയതമയെ രക്ഷിക്കാൻ ആൺ അരയന്നം ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു. ഇംഗ്ലണ്ടിലെ ഗ്രിംസ്ബിയിലുള്ള ഫ്രഷ്‌നെ നദീതീരത്താണ് കരളലയിക്കുന്ന ഈ രംഗങ്ങള്‍ അരങ്ങേറിയത്.

ഫ്രഷ്‌നെ നദിയുടെ തീരത്ത് ആറ് കുഞ്ഞുങ്ങൾക്കൊപ്പമാണ് അരയന്നമിഥുനങ്ങളെത്തിയത്. തീറ്റ തേടുന്നതിനിടെ പെൺ അരയന്നം ചതുപ്പിൽ താഴ്ന്നുപോകുകയായിരുന്നു. കഴുത്തോളം ചതുപ്പിൽ താഴ്ന്ന അരയന്നത്തെ രക്ഷിക്കാൻ ആൺപക്ഷി ആവുന്നത്ര ശ്രമിച്ചു. താഴ്ന്നുകൊണ്ടിരുന്ന അരയന്നത്തിന്‍റെ കഴുത്തില്‍ കൊക്കു കൊണ്ട് കടിച്ചുപിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശരീരം മുഴുവന്‍ ചതുപ്പില്‍ പൂണ്ടു പോയതോടെ പെണ്ണരയന്നം തളര്‍ന്നു പോയി.

ആഴമറിയാതെ ചതുപ്പിൽ ഇറങ്ങുന്നത് അപകടമായതിനാൽ അവിടേക്ക് ഇറങ്ങിച്ചെല്ലാനോ അരയന്നത്തെ രക്ഷിക്കാനോ കാഴ്ചക്കാർ ആരും ശ്രമിച്ചില്ല. ഒടുവിൽ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ച് പെണ്‍ അരയന്നം മരണത്തിനു കീഴടങ്ങുകയാണുണ്ടായത്. നിരാശനായ ആണ്‍ അരയന്നം കുഞ്ഞുങ്ങളെയുമായി നദിയുടെ മറ്റൊരു വശത്തേക്കു നീന്തിപ്പോകുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.