എംഎൽഎയെ വിമർശിച്ചാൽ അറസ്റ്റ് ചെയ്യുമോ..‍? വീണാ ജോർജിനെതിരേ പ്രതിഷേധം ശക്തം, ഫേസ്ബുക്കിൽ #അറസ്റ്റ് മീ കാമ്പയിൻ
Sunday, June 10, 2018 11:30 AM IST
പത്തനംതിട്ട ബസ് സ്റ്റാൻഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എംഎൽഎ വീണ ജോർജിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു. ഇലന്തൂർ സ്വദേശി സൂരജിനെയാണ് എംഎൽഎയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്.

ജൂൺ രണ്ടിന് ബസ് സ്റ്റാൻഡിന്‍റെ ചിത്രങ്ങൾ സഹിതമാണ് ബിജെപി ഇലന്തൂർ എന്ന പേജിൽ പ്രതിഷേധക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. എംഎൽഎക്കെതിരേ രൂക്ഷവിമർശനമാണ് പോസ്റ്റിൽ ഉയർത്തിയത്. ബസ് സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. സൂരജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് വീണാ ജോർജ് എംഎൽഎ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സൂരജിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

ഈ സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ എംഎൽഎയ്ക്കെതിരേ വൻ പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച് പരാതിപ്പെട്ടാൽ നിങ്ങളും അറസ്റ്റ് ചെയ്യപ്പെടാമെന്നാണ് ചില പോസ്റ്റുകൾ. എംഎൽഎയുടെ ഫേസ്ബുക്ക് പേജിലെ ചിത്രങ്ങൾക്കു താഴെ #arrest_me_too എന്ന ഹാഷ്ടാഗോട് കൂടിയാണ് പ്രതിഷേധ കമന്‍റുകൾ നിറയുന്നത്.

എംഎൽഎയുടെ സ്വന്തം മണ്ഡലമായ ആറന്മുളയിൽ പ്രതിഷേധം അലയടിക്കുമ്പോഴും, പൗരാവകാശത്തെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന്‍റെ യുവനേതാക്കൾ ആരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, പ്രാദേശിക കോൺഗ്രസ് നേതൃത്വം വിഷയം ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്..

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.