"പാവപ്പെട്ടവരെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ തോക്കല്ല, ബോംബ് വേണമെങ്കിലും എടുക്കും'
Thursday, June 29, 2017 8:38 AM IST
മുണ്ടക്കയത്തെ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ തൊഴിലാളികൾക്കു നേരെ എംഎൽഎ പി.സി. ജോർജ് തോക്കെടുത്തെന്ന് വാർത്തകൾ വന്നതിനു പിന്നാലെ വിശദീകരണവുമായി എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തമായി ഒരു സെന്‍റ് ഭൂമി പോലുമില്ലാതെ ആറിന്‍റെ ഓരത്ത് പുറമ്പോക്കിൽ താമസിക്കുന്ന 52 കുടുംബങ്ങളിലെ പാവപ്പെട്ടവർക്ക് വേണ്ടിയാണ് താൻ എസ്റ്റേറ്റിൽ പോയതെന്നാണ് പി.സി. ജോർജിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നല്കുന്ന വിശദീകരണം. നൂറു വർഷത്തിലേറെയായി എസ്റ്റേറ്റിൽ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ പുറത്താക്കാൻ ഏതോ മുതലാളി ഗുണ്ടകളെ അയച്ചിരുന്നുവെന്നും അവരാണ് തന്നോട് എതിർത്ത് സംസാരിച്ചതെന്നും പി.സി. ജോർജ് പറയുന്നു.

52 കുടുംബങ്ങളിലെ കൂലിപ്പണി ചെയ്ത് ജീവിക്കുന്ന അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്നവരെ അവരുടെ വീടുകളിൽ ചെന്ന് കണ്ട്, പ്രശ്നപരിഹാരത്തിന് തൊഴിലാളി നേതാക്കളുമായി സംസാരിച്ച് തുടങ്ങിയപ്പോഴാണ് ഗുണ്ടകൾ തനിക്കെതിരേ ഭീഷണി മുഴക്കിയതെന്നും അവരുടെ ഗുണ്ടായിസം കണ്ട് അവിടെയുള്ള കുടുംബങ്ങളെ സംരക്ഷിക്കാൻ കഴിയാതെ ഞാൻ അവിടെനിന്ന് പോയാൽ, പിന്നെ താൻ എന്ത് ജനപ്രതിനിധിയാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

തന്‍റെ അടുക്കൽ പരാതിയുമായി വരുന്ന 52 കുടുംബങ്ങളല്ല ഇനി അത് ഒരു കുടുംബമാണെങ്കിലും പാവപ്പെട്ടവനെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ ബോംബ് കയ്യിലുണ്ടേൽ അതും എടുക്കുമെന്നും പോസ്റ്റിൽ പറയുന്നു. എസ്റ്റേറ്റിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

പി.സി. ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.