കുട്ടികളും മാതാപിതാക്കളും നിർബന്ധമായി കാണണം, നിവിൻ പോളിയുടെ ഈ സന്ദേശം
Friday, April 21, 2017 1:34 AM IST
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള സന്ദേശവുമായി നിവിൻ പോളിയുടെ പുതിയ ഹ്രസ്വചിത്രം. നോ ഗോ ടെൽ എന്ന പേരിൽ പുറത്തിറക്കിയ ചൈൽഡ് ബോഡി സേഫ്റ്റി ഷോർട്ട് ഫിലിം യുവസംവിധായകൻ ജൂഡ് ആന്തണി ജോസഫ് ആണ് സംവിധാനം ചെയ്തത്. സംസ്ഥാന ബാലാവകാശ കമ്മീഷനു വേണ്ടിയുള്ള ഈ ഹ്രസ്വചിത്രം ബോധിനിയുടെ സഹകരണത്തോടെയാണ് നിർമിച്ചത്.

കുട്ടികൾക്കുള്ള ഒരു സന്ദേശത്തോടുകൂടെ നിവിൻ പോളി തന്നെയാണ് ഫേസ്ബുക്ക് പേജിൽ ഹ്രസ്വചിത്രം പോസ്റ്റ് ചെയ്തത്. സുരക്ഷിതമായ ഒരു ചുറ്റുപാടിലായിരിക്കാൻ എല്ലാ കുട്ടികൾക്കും അവകാശമുണ്ടെന്നും എല്ലാവിധത്തിലുമുള്ള അപകടങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും അവർ സംരക്ഷിക്കപ്പെടേണ്ടതാണെന്നും നിവിൻ‌ പോളി പറയുന്നു. കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അവർക്കു വേണ്ടി നാം നിലകൊള്ളണമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിൽ‌ പറയുന്നു.

കുട്ടികളോടു നേരിട്ട് നല്കുന്ന സന്ദേശം എന്ന രീതിയിലാണ് ഹ്രസ്വചിത്രം തയാറാക്കിയിരിക്കുന്നത്. മറ്റുള്ളവർ സ്പർശിക്കാൻ പാടില്ലാത്ത ഏതൊക്കെ ശരീരഭാഗങ്ങളുണ്ടെന്നും നല്ലതും ചീത്തയുമായ സ്പർശനങ്ങൾ ഏതൊക്കെയാണെന്നും നിവിൻ കുട്ടികൾക്ക് വിശദീകരിച്ചു നല്കുന്നു. അപകടസാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണമെന്നും കുട്ടികളെ ബോധിപ്പിക്കുന്നു.

ഹ്രസ്വചിത്രം കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.