ബ്രഹ്മാണ്ഡചിത്രമായി രണ്ടാമൂഴം വരും; 1000 കോടി മുതൽമുടക്കിൽ
Monday, April 17, 2017 2:42 AM IST
ഇന്ത്യൻ സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്‍റെ രണ്ടാമൂഴം. എം.ടിയുടെ ഭീമനായി മോഹൻലാൽ എത്തുന്നത് എങ്ങനെയായിരിക്കുമെന്ന് ഏവരും കാത്തിരിക്കവേ ചിത്രത്തെ സംബന്ധിച്ച് പുതിയ വാർത്തയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആയിരം കോടി മുതൽമുടക്കിലായിരിക്കും ചിത്രം ഒരുക്കുകയെന്നാണ് മോഹൻലാൽ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്.

പ്രമുഖ വ്യവസായിയായ ബി.ആർ. ഷെട്ടിയാണ് 1000 കോടി നിക്ഷേപിക്കാൻ സന്നദ്ധനായി എത്തിയിരിക്കുന്നത്. അദ്ദേഹത്തിനു നന്ദി പറഞ്ഞ മോഹൻലാൽ ലോകനിലവാരത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും പറഞ്ഞു. എംടിയുടെ തന്നെ തിരക്കഥയിൽ പരസ്യസംവിധായകനായ വി.എ. ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തന്നെ ഏറ്റവുമധികം സ്വാധീനിച്ച ഒന്നാണ് എംടിയുടെ രണ്ടാമൂഴമെന്നും ഇതിന് ഒരു ദൃശ്യാവിഷ്കാരം വന്നിരുന്നെങ്കിൽ എന്ന് മോഹിച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. രണ്ടാമൂഴം സിനിമയാക്കുന്നുവെന്നു കേട്ടപ്പോൾ മുതൽ ഭീമനായി തന്‍റെ പേര് കേൾക്കാനായത് മഹാഭാഗ്യമാണ്. തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ എം.ടിക്ക് നന്ദി പറയുന്നുവെന്നു വരുംതലമുറയ്ക്കുള്ള സമ്മാനമായ ഈ ചിത്രം ചരിത്രത്തിന്‍റെ ഭാഗമാകുമെന്നും മോഹൻലാൽ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.

രണ്ടു ഭാഗങ്ങളായാണ് രണ്ടാമൂഴം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്‍റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020-ല്‍ ആണ് റിലീസ്. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. ഇന്ത്യയിലെ മുന്‍നിര താരങ്ങള്‍ക്കു പുറമേ ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും മികച്ച സാങ്കേതിക വിദഗ്ധരും ചിത്രത്തിൽ അണിനിരക്കും.

മോഹൻലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.