ഫേസ്ബുക്ക് ലൈവിൽ പോലീസുകാരന്‍റെ രാജി
Wednesday, September 6, 2017 6:19 AM IST
രക്തച്ചൊരിച്ചിലുകളും ഏറ്റുമുട്ടലുകളും അയാൾക്ക് താങ്ങാൻ കഴിയുന്നില്ല. ഇനി ഇത് കണ്ടുനിൽക്കാൻ കഴിയില്ലെന്ന് ഫേസ്ബുക്കിലൂടെ അയാൾ വിളിച്ചുപറയുകയാണ്. കാഷ്മീർ താഴ്‌വരയിലെ രക്ത ചൊരിച്ചിലുകളിൽ മനംനൊന്ത് പോലീസുകാരൻ ഫേസ്ബുക്ക് ലൈവിലൂടെ രാജി പ്രഖ്യാപിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കക്ഷിയുടെ പേര് റായീസ്...

അശാന്തിയും ആക്രമണങ്ങളും ഇനി കണ്ടുനിൽക്കാൻ കഴിയില്ലെന്നാണ് ഈ നിയമപാലകൻ പറയുന്നത്. "പോലീസിലെ ജോലിയിൽ നിന്നും ഞാൻ രാജിവയ്ക്കുന്നു. താഴ്‌വരയിലുണ്ടാകുന്ന രക്തചൊരിച്ചിലുകൾ കാണുന്പോൾ നിയമപാലകൻ എന്ന നിലയിൽ തനിക്ക് ദുഃഖമുണ്ട്. തന്‍റെ നിലപാട് ശരിയാണോ തെറ്റാണോ എന്ന് മനസാക്ഷിയോട് പലവട്ടം ചോദിച്ചു. പക്ഷേ, തനിക്ക് അതിനുള്ള ഉത്തരം ലഭിച്ചില്ല. എന്നാൽ ജോലി രാജിവയ്ക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്നും റായീസ് പറയുന്നു.

തനിക്ക് എന്തും സഹിക്കാൻ കഴിയും എന്നാൽ തന്‍റെ മനസാക്ഷി ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുകയാണ്. അത് സഹിക്കാൻ കഴിയില്ല. ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് ഞാൻ. അച്ഛൻ വരുമാനമായിരുന്നു കുടുംബത്തിന്‍റെ ആശ്രയം. അച്ഛന്‍റെ കാലശേഷം തന്‍റെ ചുമലിലായി കുടുംബം. കഴിഞ്ഞ ഏഴ് വർഷമായി താൻ നിയമപാലകന്‍റെ വേഷം ധരിക്കുന്നു. പൊതുജനങ്ങൾക്ക് സമാധാനപരമായ ജീവിതം സാധ്യമാക്കുവാൻ ശ്രമിക്കുമെന്ന് താൻ ശപഥം ചെയ്തിരുന്നു. പക്ഷേ, കാഷ്മീരിലെ കാര്യങ്ങൾ വളരെ വഷളായി മാറി. ആർക്കും പരിഹരിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രശ്നമായി അത് വളർന്നുവെന്നും റായീസ് പറയുന്നു.

കാഷ്മീർ സ്വദേശികൾ ഓരോ ദിവസവും മരിച്ചു വീഴുകയാണ്. കുറച്ചു പേർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു. കുറേപേർ ജയിലിലും മറ്റു കുറച്ചു പേർ വീട്ടുതടങ്കലിലുമാണ്. ജനഹിതപരമായി ഒന്നും തന്നെ ഇവിടെ നടന്നിട്ടില്ലെന്നുള്ളതാണ് ഇവിടുത്തെ പ്രശ്നങ്ങളുടെ പ്രധാന കാരണം. ഇന്ത്യക്കാരനും പാക്കിസ്ഥാനിയും താഴ്‌വരയിൽ മരിച്ചു വീഴുകയാണ്. പാക്കിസ്ഥനെ സ്നേഹിക്കുകയോ ഇന്ത്യയെ വെറുക്കുകയോ ഞാൻ ചെയ്യുന്നില്ല. കാഷ്മീരിനെയാണ് ഞാൻ സ്നേഹിക്കുന്നത്. എനിക്കിവിടെ സമാധാനം വേണമെന്നും റായീസ് ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കുന്നു.

വീഡിയോ വൈറലായതോടെ ഉന്നത പോലീസ് അധികാരികൾ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചു. പോലീസ് വീഡിയോ പരിശോധിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.