ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​ക്ക​ട്ടെ... കാ​പ്രി​യു​ടെ ചി​ത്രം മു​ഹ​മ്മ​ദ് സ​യീ​ദി​ന്‍റെ ജീ​വി​തം മാ​റ്റി
Monday, May 15, 2017 5:25 AM IST
എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യം ഏതെങ്കിലും രൂപത്തിൽ കടന്നുവരും. മുംബൈ വെർസോവയിലെ ഓട്ടോഡ്രൈവറായ മുഹമ്മദ് സയീദിന് ഭാഗ്യം കൊണ്ടുവന്നത് സോഷ്യൽ മീഡിയയുടെ രൂപത്തിലായിരുന്നു. അതിനു നിമിത്തമായതോ, വിനോദ് കാപ്രി എന്ന സംവിധായകനും. രണ്ടുവയസുകാരനായ മകനെയും മടിയിലുറക്കി ഓട്ടോ ഓടിക്കുന്ന ചിത്രം വിനോദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സയീദിന്‍റെ ജീവിതത്തിലും ട്വിസ്റ്റ് ഉണ്ടാകുന്നത്. ചിത്രമെടുത്ത കാപ്രി വെറുതെ പോസ്റ്റ് ചെയ്യുകയല്ലായിരുന്നു. സയീദിനെക്കുറിച്ച് അന്വേഷിച്ച് അയാളുടെ കഷ്ടപ്പാടുകൾ മനസിലാക്കിയ ശേഷമായിരുന്നു.

ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു 26കാരനായ സയീദിന്‍റെ ശരിക്കുള്ള അവസ്ഥ. സയീദിന്‍റെ ഭാര്യ 24കാരിയായ യാസ്മിൻ പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന് കിടപ്പിലാണ്. രണ്ടുവയസുള്ള മകനെക്കൂടാതെ മൂന്നു മാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞുമുണ്ട് ഇവർക്ക്. യാസ്മിനെയും കുഞ്ഞുങ്ങളെയും നോക്കുന്നതിനായി രാപ്പകൽ കഷ്ടപ്പെട്ട് ജോലി ചെയ്യുകയാണ് സയീദ്. ഇളയകുഞ്ഞിനെ നോക്കാൻ അയൽക്കാരെ ഏൽപ്പിച്ച ശേഷം മകനെ ഒപ്പം കൂട്ടിയിരിക്കുകയാണ്. സവാരിക്കു പോകുന്പോഴെല്ലാം മടിയിൽ കുഞ്ഞുമുണ്ടാകും.

കുഞ്ഞിനെ മടിയിൽ കാണുമ്പോൾ പല യാത്രക്കാരും മറ്റ് ഓട്ടോറിക്ഷകൾ വിളിക്കാറാണ് പതിവെന്ന് സയീദ് പറയുന്നു. പലപ്പോഴും കുടുംബം നോക്കാനുള്ള പണം കിട്ടാറില്ല. മിക്ക ദിവസവും പട്ടിണിയായിരിക്കുമെന്നും സയീദ് വേദനയോടെ പറയുന്നു.

സയീദിന്‍റെ വിഷമതകൾ വിശദീകരിച്ച് വിനോദ് കാപ്രി ഞായറാഴ്ച ട്വിറ്ററിലിട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. എതാനും വ്യക്തികളും എൻജിഒകളും സഹായവാഗ്ദാനവുമായി എത്തുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ സയീദിന്‍റെ ബാങ്ക് അധികൃതർ അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ കുറച്ചു പണം എത്തിയതായി അറിയിച്ചു. നിരവധി പേർ സഹായവാഗ്ദാനവുമായി വിളിച്ചതായും ഭാര്യയെ സൗജന്യമായി ചികിത്സിക്കാമെന്ന് ചില ഡോക്ടർമാർ സമ്മതിച്ചതായും സയീദ് പറഞ്ഞു. "മുംബൈയെ എനിക്ക് വിശ്വാസമാണ്. എന്നും ശരിയായതു മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ആരെയും വഞ്ചിച്ചിട്ടില്ല. എന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു..' സയീദ് പറയുന്നു..


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.