ബാഹുബലിക്കു മുമ്പേ തരംഗമായി ഒരു ലീവ് ലെറ്റർ
Wednesday, April 26, 2017 7:37 AM IST
ലോകമെങ്ങുമുള്ള ഇന്ത്യൻ സിനിമാപ്രേമികളുടെ ആകാംക്ഷ അവസാനിപ്പിച്ച് വെള്ളിയാഴ്ച ബാഹുബലി -2 റിലീസിനൊരുങ്ങുകയാണ്. റിലീസിനു മുമ്പു തന്നെ ചിത്രം തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററുകൾക്കും വൻ സ്വീകരണമാണ് ലഭിച്ചത്. മാത്രമല്ല, ആദ്യത്തെ മൂന്നു ദിവസത്തേക്ക് കേരളത്തിൽ ടിക്കറ്റ് കിട്ടാനില്ലെന്നുമാണ് അറിയാൻ കഴിയുന്നത്. കബാലി ജ്വരം പോലെ ബാഹുബലി ജ്വരവും പടർന്നുപിടിക്കുമ്പോൾ ഒരു ലീവ് ലെറ്ററും വൈറലായിക്കൊണ്ടിരിക്കുകയാണ്.

നഴ്സിംഗ് ഓഫീസർ ജിതിൻ മാത്യു എന്നപേരിൽ സോഷ്യൽ മീഡിയയിലാണ് ലീവ് ലെറ്റർ പ്രത്യക്ഷപ്പെട്ടത്. തനിക്ക് 28ന് അവധി നല്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ അവധിയുടെ കാരണം എഴുതിയിരിക്കുന്നതാണ് ചിരിയുണർത്തുന്നത്. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് കണ്ടെത്തുന്നതിനായാണ് അവധിയെന്നാണ് അപേക്ഷയിൽ എഴുതിയിരിക്കുന്നത്. കത്തിന്‍റെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും സംഗതി ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.