"തൊണ്ടിമുതലും ദൃക്സാക്ഷിയും' ഫസ്റ്റ്ലുക്ക് പോസ്റ്റർ വന്നു
"മഹേഷിന്‍റെ പ്രതികാരം' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന "തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടു. ഫഹദിനൊപ്പം സുരാജ് വെഞ്ഞാറമൂടും പോസ്റ്ററിലുണ്ട്.

ദേശീയ പുരസ്കാര പ്രഭയിൽ മഹേഷിന്‍റെ പ്രതികാരം എത്തിനിൽക്കുന്പോഴാണ് ദിലീഷ് പോത്തൻ രണ്ടാം ചിത്രവുമായി എത്തുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. റംസാന് ചിത്രം തീയറ്ററുകളിൽ എത്തും.

സജീവ് പാഴൂർ രചന നിർവഹിക്കുന്ന ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടറായി ശ്യാം പുഷ്കരനും പ്രവർത്തിക്കുന്നുണ്ട്. ബിജിപാലാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത്.