"രാമലീല' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ജനപ്രിയ നായകൻ ദിലീപ് വീണ്ടും രാഷ്ട്രീയക്കാരൻ റോളിലെത്തുന്ന "രാമലീല' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് സച്ചിയാണ്. അനാർക്കലി എന്ന ചിത്രം സംവിധാനം ചെയ്ത ശേഷം സച്ചി രചന നിർവഹിക്കുന്ന ചിത്രമാണിത്.

പുലിമുരുകന്‍റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രത്തിൽ ദിലീപ് എംഎൽഎയുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. പ്രശസ്ത തമിഴ് നടൻ ശരത്കുമാറിന്‍റെ ഭാര്യ രാധിക നീണ്ട ഇടവേഷയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഷാജികുമാറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഗോപീ സുന്ദർ സംഗീതം നിർവഹിക്കുന്നു.

പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക. രണ്‍ജിപണിക്കർ, ശ്രീനിവാസൻ, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഹരീഷ് പേരടി തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.