പ്രകാശം പരത്തുന്ന ടീച്ചർ
ഇ​രു​ളി​ൻ മ​ഹാ​നി​ദ്ര​യി​ൽ നി​ന്നു​ണ​ർ​ത്തി നീ
​നി​റ​മു​ള്ള ജീ​വി​ത പീ​ലി ത​ന്നു
നി​ന്‍റെ ചി​റ​കി​ലാ​കാ​ശ​വും ത​ന്നു
നി​ന്നാ​ത്മ​ശി​ഖ​ര​ത്തി​ലൊ​രു കൂ​ടു​ത​ന്നു...
നി​ന്നാ​ത്മ ശി​ഖ​ര​ത്തി​ലൊ​രു കൂ​ടു​ത​ന്നു.

അ​നു​ഗൃ​ഹീ​ത ക​വി മധുസൂദനൻനായരുടെ അ​ർ​ഥ​ഗ​ർ​ഭ​മാ​യ വ​രി​ക​ൾ ശു​ദ്ധ​സം​ഗീ​ത​ത്തി​ന്‍റെ ശ്രു​തി​താ​ള​ല​യ​ങ്ങ​ളോ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ല​ലി​ഞ്ഞു. അ​വ​സാ​ന​വ​ർ​ഷ മ​ല​യാ​ളം ക്ലാ​സി​ന്‍റെ ചു​വ​രു​ക​ൾ ഒ​രി​ക്ക​ൽ​കൂ​ടി ത്ര​സി​ച്ചു​. മു​ൻ​നി​ര​യി​ലെ ആര്യയു​ടെ ക​ണ്ണു​നി​റ​ഞ്ഞു. നി​മി​ഷ​ങ്ങ​ളു​ടെ നി​ശ​ബ്ദ​ത​യെ കീ​റി​മു​റി​ച്ച് ക​ര​ഘോ​ഷം. അ​തെ, അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട ബീ​ന​ടീ​ച്ച​ർ ആ​ത്മാ​വി​ല​ലി​ഞ്ഞ് ആ​ല​പി​ക്കു​ക​യാ​ണ്.

ജന്മ​നാ അ​ന്ധ​യാ​യ ടീ​ച്ച​റു​ടെ ജീ​വി​ത​ത്തി​ൽ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം നി​റ​ഭേ​ദ​ങ്ങ​ളു​ടെ വ​ർ​ണ​പ്പീ​ലി​ക​ൾ വി​ട​രുന്നു. 15 വർഷംമു​ന്പ് 22-ാമ​ത്തെ വ​യ​സി​ൽ സ​ർ​ക്കാ​ർ കോ​ള​ജി​ൽ അ​ധ്യാ​പ​ിക. എട്ടുവ​ർ​ഷം​മു​ന്പ് കൈ​പി​ടി​ച്ചു ന​ട​ത്താ​നും സ്നേ​ഹ​സാ​ന്ത്വ​ന​മേ​കാ​നും പ്രിയ ഭർത്താവ ് -​ സു​രേ​ഷ്കു​മാ​ർ. വൈകാതെ താ​ലോ​ലി​ക്കാ​നൊ​രു കു​ഞ്ഞു​വാ​വ - സാ​യ​ന്ത്.

സ്വ​പ്ന​ങ്ങ​ളു​ടെ വ​ർ​ണ​ലോ​ക​ത്താ​ണിന്ന് ടീച്ചർ. പാ​ടു​ക​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ആ​കാ​ശ​നീ​ലി​മ​യോ ക​ളക​ളംപാ​ടു​ന്ന അ​രു​വി​ക​ളോ പു​ഴ​യോ പൂ​ന്പാ​റ്റ​യോ സു​ഗ​ന്ധം പൊ​ഴി​ക്കു​ന്ന പൂ​വോ ഒ​രു​വേ​ള​പോ​ലും കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും എ​ല്ലാ​റ്റി​ന്‍റെ​യും ബിം​ബ​ങ്ങ​ൾ ആ മ​ന​സി​ലും ഹൃ​ദ​യ​ത്തി​ലു​മു​ണ്ട്. അ​ക​ക്ക​ണ്ണി​ന്‍റെ തി​ള​ക്ക​ത്തി​ൽ ആ​ത്മ​വി​ശ്വാ​സം കൈ​മു​ത​ലാ​ക്കി വി​ദ്യാ​ർ​ഥി​സ​മൂ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ചേ​ക്കറിക്കഴിഞ്ഞു നെടുമങ്ങാട് ഗ​വ​. കോ​ള​ജി​ലെ മ​ല​യാ​ളം അധ്യാപിക അസി. പ്രഫസർ ബീ​ന കൃ​ഷ്ണ​ൻ.

വിദ്യാർഥികൾക്കു വി​സ്മ​യ​മാ​യ്

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​ചോ​ദ​ന​വും വി​സ്മ​യ​വു​മാ​ണ് ബീ​ന ടീ​ച്ച​ർ. ഒരു വ്യാഴവട്ടക്കാലത്തിലധികം ചി​റ്റൂ​ർ ഗവ. കോളജിലും ഇപ്പോൾ രണ്ടുവർഷമായി നെടുമങ്ങാട് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും ശ​ബ്ദം തി​രി​ച്ച​റി​യു​ന്ന ടീച്ചർ ഒരിക്കൽ പ​രീ​ക്ഷ​യ്ക്കു കോ​പ്പി​യ​ടി​ച്ചി​രു​ന്ന കു​ട്ടി​യെ കൈയോടെ പി​ടി​ച്ചു.

"ടീ​ച്ച​ർ​ക്കെ​ന്തോ അ​പാ​ര​മാ​യ ക​ഴി​വു​ണ്ട്. ഒ​രു​ദി​വ​സം ക്ലാ​സി​നി​ട​യി​ൽ സ്റ്റാ​പ്ല​ർ​പി​ൻ അ​ടി​ച്ച ശ​ബ്ദം കേ​ട്ട് ടീ​ച്ച​ർ പ​റ​ഞ്ഞു: സ​ജി​നീ എ​ഴു​ന്നേ​റ്റ് ആ ​സ്റ്റാ​പ്ല​ർ ഇ​ങ്ങോ​ട്ടു കൊ​ണ്ടു​വാ... മ​റ്റൊ​രു​ ദി​വ​സം ഞ​ങ്ങ​ളു​ടെ ഒ​രു സു​ഹൃ​ത്ത് ര​ജി​സ്റ്റ​റി​ൽ ആ​ബ്സ​ന്‍റ് മാ​ർ​ക്കു ചെ​യ്ത​തി​ന്‍റെ മു​ക​ളി​ൽ ഒ​പ്പി​ട്ടു. പി​റ്റേന്ന് അ​റ്റ​ൻ​ഡ​ൻ​സ് എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ അ​തു ക​ണ്ടു​പി​ടി​ച്ച ടീ​ച്ച​ർ എ​ന്തി​നാ ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നു ചോ​ദി​ച്ച് അ​വ​നെ മേ​ശ​യ്ക്ക​രി​കി​ലേ​ക്കു വി​ളി​പ്പി​ച്ചു. ടീ​ച്ച​ർ എ​ബൗ​ റേ​ഞ്ചാ​ണ്, പ​രി​ധി​ക്കും പ​രി​മി​തി​ക്കു​മ​പ്പു​റം; ശ​രി​ക്കും ഒ​രു പ്ര​തി​ഭാ​സ​ം’, രമ്യയും കാവ്യയും എ​ന്തി​നേ​റെ ബിഎ അ​വ​സാ​ന​വ​ർ​ഷ മ​ല​യാ​ളം ക്ലാ​സൊ​ന്ന​ട​ങ്കം പ​റ​യു​ന്നു.

ഇ​ട​നാ​ഴി​യി​ൽ കു​ട്ടി​ക​ളോ​ടൊ​ത്തു ഫോ​ട്ടോ​യ്ക്കു പോ​സു​ചെ​യ്ത​പ്പോ​ൾ എ​ല്ലാ​രും​ കൂ​ടി നി​ർ​ബ​ന്ധി​ച്ചു. ആ ​ക​ണ്ഠം വീ​ണ്ടും തു​റ​ന്നു:"മ​ഞ്ഞ​ൾ​പ്ര​സാ​ദ​വും നെ​റ്റി​യി​ൽ ചാ​ർ​ത്തി മ​ഞ്ഞ​ക്കു​റി​മു​ണ്ടും ചു​റ്റി...’.

ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളോ​ടു വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ

ഗ്രൗ​ണ്ട് ഫ്ളോ​റി​ലെ സ്റ്റാ​ഫ് റൂ​മി​ൽ​നി​ന്ന് ര​ണ്ടാം നി​ല​യി​ലെ ക്ലാ​സി​ലേ​ക്കു ത​നി​യെ എ​ത്തു​ന്ന ടീ​ച്ച​ർ ഒ​രി​ക്ക​ൽ​പോ​ലും പാ​ഠ​ഭാ​ഗ​ങ്ങ​ൾ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് വാ​യി​പ്പി​ച്ച് ക്ലാ​സെ​ടു​ക്കാ​റി​ല്ല. അ​വ​സാ​ന​വ​ർ​ഷ​ക്കാ​ർ​ക്കു ഗ്രാ​മ​ർ എ​ടു​ക്കു​ന്ന​തും അ​ങ്ങ​നെ​ത​ന്നെ.

ജോ​ലി​ക്കാ​ണ് ജീ​വി​ത​ത്തി​ൽ പ്ര​ഥ​മ​പ​രി​ഗ​ണ​ന​യെ​ന്നാ​ണ് ടീ​ച്ച​റു​ടെ പ​ക്ഷം. പാ​ഠ​ഭാ​ഗ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ഒ​രു​ങ്ങി ബ്രെയി​ലി ലി​പി​യി​ൽ കു​റി​പ്പു​ക​ൾ ത​യാ​റാ​ക്കും. "ഞാ​ൻ ക​ഴി​വി​ല്ലാ​ത്ത​യാ​ളാ​ണെ​ന്നു ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​താ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ വേ​ദ​ന. മ​റ്റൊ​രു ടീ​ച്ച​ർ​ക്കു തെ​റ്റു​പ​റ്റി​യാ​ൽ അ​തു ശ്ര​ദ്ധി​ക്കാ​തെ പ​റ്റി​യെ​ന്നേ ഏ​വ​രും പ​റ​യൂ. എ​നി​ക്കു പ​റ്റി​യാ​ൽ ഒ​രു​പ​ക്ഷേ, അ​തു പ​രി​മി​തി​യാ​യോ ക​ഴി​വു​കു​റ​വാ​യോ ചി​ത്രീ​ക​രി​ക്ക​പ്പെ​ടാം. അ​തി​നൊ​രു അ​വ​സ​ര​മു​ണ്ടാ​ക​രു​ത്. കു​റ​വു​ക​ളി​ൽ ദുഃ​ഖി​ച്ചി​രു​ന്നി​ട്ടു കാ​ര്യ​മി​ല്ല. അ​തം​ഗീ​ക​രി​ച്ചു​കൊ​ണ്ട് അ​തി​നെ അ​തി​ജീ​വി​ക്കാ​ൻ മ​ന​സി​നെ സ​ജ്ജ​മാ​ക്ക​ണം.’ പ്ര​വൃ​ത്തി​ത​ന്നെ പ്രാ​ർ​ഥ​ന​യെ​ന്നു ക​രു​തു​ന്ന ടീ​ച്ച​ർ അ​തി​നാ​യി അ​ത്യ​ധ്വാ​നത്തിലാണ്.

എല്ലാകാലത്തും ടീ​ച്ച​ർ​ക്കൊ​രു റീ​ഡ​ർ ഉ​ണ്ടാ​യി​രു​ന്നു. വൈ​കിട്ട് നാ​ലു മു​ത​ൽ അ​ഞ്ചോ അ​ഞ്ച​ര​യോ വ​രെ പു​സ്ത​ക​മോ പ​ത്ര​മോ ഒ​ക്കെ ആ ​കു​ട്ടി വാ​യി​ച്ചു​കൊ​ടു​ക്കും. നെ​റ്റി​ലൂ​ടെ പു​സ്ത​ക​ങ്ങ​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നും ഓ​ഡി​യോ ഫോ​ർ​മാ​റ്റി​ൽ കേ​ൾ​ക്കാ​നും പരമാവധി ശ്രമിക്കുന്നുണ്ട്. കൂടാതെ, പു​സ്ത​ക​ങ്ങ​ൾ സ്കാ​ൻ ചെ​യ്ത് ക​ംപ്യൂ​ട്ട​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​യി​ക്കും. അ​തി​നു​ള്ള സോ​ഫ്റ്റ് വെ​യ​ർ ഇപ്പോൾ ലഭ്യമാണെന്നു ടീച്ചർ പറയുന്നു.

ഇ​ന്ദു​ലേ​ഖ, ആ​ടു​ജീ​വി​തം, പാ​ണ്ഡ​വ​പു​രം, മു​ന്പേ പറക്കുന്ന പ​ക്ഷി​ക​ൾ, വേ​രു​ക​ൾ, പൊ​ന്നി തു​ട​ങ്ങി കു​റ​ച്ച​ധി​കം പു​സ്ത​ക​ങ്ങ​ൾ ഓ​ഡി​യോ ഫോ​ർ​മാ​റ്റി​ൽ ല​ഭ്യ​മാ​ണ്. എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാ​മി​ന്‍റെ പു​സ്ത​ക​ങ്ങ​ൾ എം​പി​ത്രീ ഫോ​ർ​മാ​റ്റി​ലേ​ക്കു മാ​റ്റി​യിട്ടുണ്ട്.

കൂ​ടാ​തെ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദ ​ബ്ലൈ​ൻ​ഡ് കു​റ​ച്ചു പു​സ്ത​ക​ങ്ങ​ൾ ബ്രെയി​ലി ഫോ​ർ​മാ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്; ആ​നു​കാ​ലി​ക​ങ്ങ​ളും. "പ്ര​ജ്ഞാ​നേ​ത്രം’ എ​ന്ന ഒ​രു മാ​സി​ക​ത​ന്നെ ഫെ​ഡ​റേ​ഷ​ൻ പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്.

പ​ഴ​യ ത​ല​മു​റ​യി​ലെ എ​ഴു​ത്തു​കാ​രോ​ടാ​ണു ടീ​ച്ച​ർ​ക്ക് ഏ​റെ പ്രി​യം. ക​വ​ി​കളിൽ സു​ഗ​ത​കു​മാ​രി; നോ​വ​ലി​സ്റ്റു​ക​ളി​ൽ മാ​ധ​വി​ക്കു​ട്ടി. പ​ക്ഷേ, നി​ര​ഞ്ജ​ൻ, കെ.​ആ​ർ.​ടോ​ണി തു​ട​ങ്ങി​യ​വ​രു​ടെ ഉ​ത്ത​രാ​ധു​നി​ക ക​വി​ത​ക​ളും കെ.​ആ​ർ.​ മീ​ര, എ.​എ​സ.് പ്രി​യ തു​ട​ങ്ങി​യ​വ​രു​ടെ ക​ഥ​ക​ളും ഒ​ക്കെ ടീ​ച്ച​ർ വാ​യി​ക്കു​ന്നു​ണ്ട്. സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം പു​തു​ത​ല​മു​റ​യി​ൽ കു​റ​ച്ചൊ​ക്കെ സ്ട്രൈ​ക്കിം​ഗാ​ണെ​ന്നും വി​ല​യി​രു​ത്ത​ൽ.

ചിത്രയും ശ്രേയ ഘോഷലും

ന​ല്ലൊ​രു ഗാ​യി​ക​കൂ​ടി​യാ​യ ബീ​ന​ടീ​ച്ച​ർ​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട പാ​ട്ടു​കാ​ർ കെ.​എ​സ്. ചി​ത്ര​യും ഡോ. ​കെ.​ജെ.​യേ​ശു​ദാ​സു​മാ​യി​രു​ന്നു ഈ​യ​ടു​ത്ത​ കാ​ലം​വ​രെ. പ​ക്ഷേ, ശ്രേ​യ ഘോ​ഷ​ാലി​ന്‍റെ പാ​ട്ടു​ക​ൾ കേ​ട്ട​തോ​ടെ ഇ​വ​രു​ടെ ഇ​ട​യി​ലേ​ക്ക് ശ്രേ​യ​കൂ​ടി ക​യറി ചി​ര​പ്ര​തി​ഷ്ഠ​നേ​ടി​. ഈ ​യു​വ​ഗാ​യി​ക മ​ല​യാ​ള​ത്തി​ൽ പാ​ടി​യ ഒ​ന്ന​ല്ല, മു​ഴു​വ​ൻ പാ​ട്ടു​ക​ളും ഈ ​അധ്യാപികയ്ക്കു മ​ന​പ്പാ​ഠ​മാ​ണ്. ക​മു​ക​റ ഫൗ​ണ്ടേ​ഷ​ന്‍റെ ല​ളി​ത​ഗാ​ന​മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി​ത​വ​ണ സ​മ്മാ​നം നേ​ടി​യി​ട്ടു​ള്ള ടീച്ചർ, ചി​ത്ര​ച്ചേച്ചി​യി​ൽ​നി​ന്നും ദാ​സേ​ട്ട​നി​ൽ​നി​ന്നും സ​മ്മാ​നം വാ​ങ്ങാ​നാ​യ​തും ഇ​വ​രോ​ടൊ​പ്പം പാ​ടാ​നാ​യ​തും ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര നി​മി​ഷ​ങ്ങ​ളാ​യി മ​ന​സി​ൽ സൂ​ക്ഷി​ച്ചു​വ​യ്ക്കു​ന്നു. ഗാ​ന​മേ​ള വേ​ദി​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​ണ് ഈ ​അ​ധ്യാ​പി​ക.

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​ശ്വ​സ്ത​മി​ത്രം

"ബീ​ന​ടീ​ച്ച​റെ​ക്കു​റി​ച്ച് എ​നി​ക്കു പലപ്പോഴും അദ്ഭുതം തോന്നിയിട്ടുണ്ട്. വ​ള​രെ തീ​ക്ഷ്ണ​ത​യും പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള ഒ​രു അ​ധ്യാ​പി​ക​. കു​റ​വു​ക​ളൊ​ന്നും ഫീ​ൽ ചെ​യ്തി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, പഠിപ്പിക്കുകയെന്ന ഉത്തരവാദിത്വത്തിൽ ഞങ്ങളേക്കാളെല്ലാം കഠിന പ്രയത്നം ചെയ്യുന്ന, നന്നായി ഗൃഹപാഠം ചെയ്യുന്ന വ്യക്തി. വകു​പ്പു​മേ​ധാ​വി​യെ​ന്ന നി​ല​യി​ൽ എനിക്കവരെക്കുറിച്ച് അഭിമാനമാണ്. കു​ട്ടി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ടീ​ച്ച​ർ ഒ​രു ഭാ​വ​ഗാ​യി​ക​കൂ​ടി​യാ​ണ്. കോ​ള​ജി​ന്‍റെ പൊ​തു​പ​രി​പാ​ടി​ക​ളി​ലെ​ല്ലാം ടീ​ച്ച​റു​ടെ ഒ​രു പാ​ട്ട് അ​നിവാര്യ ഘ​ട​ക​മാ​ണ്’ -വൈസ് പ്രി​ൻ​സി​പ്പ​ലും മലയാളം വകുപ്പു മേധാവിയുമായ ഡോ. ​എൽ. അലക്സ് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു.
മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രു​ടെ​യും സ​ന്പൂ​ർ​ണ സ​ഹ​ക​ര​ണം ടീ​ച്ച​ർ​ക്കു​ണ്ട്. സ​ഹ​പ്ര​വ​ർ​ത്ത​ക​രായ സെലീനടീ​ച്ച​റും ബീന ടീച്ചറുമെല്ലാം എ​പ്പോ​ഴും കൂ​ട്ടി​നു​ണ്ടാ​കും.
മ​റ്റു ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ അ​ധ്യാ​പ​ക​രുമായും വ​കു​പ്പു​മേ​ധാ​വി​മാ​രു​മാ​യും എ​ല്ലാം ന​ല്ല സൗ​ഹൃ​ദം. ദിവസവും രണ്ടു കിലോമീറ്ററകലെയുള്ളവീട്ടിൽനിന്ന് ഷീ ഒാട്ടോയിലാണ് കോളജിലേക്കും തിരിച്ചുമുള്ള യാത്ര.

അമ്മ, നിറനിലാവ്

തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​രി​ൽ കൃ​ഷ്ണ​ൻ-​സു​ജാ​ത ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​യാ​ണ് ജ​ന​നം. "അമ്മ വീടിന്‍റെ വിളക്കാണെന്നാണല്ലോ എല്ലാരും പറയുക. എന്നാൽ ഞങ്ങളുടെ അമ്മ വിളക്കല്ല, മറിച്ച് നിറനിലാവാണ്. കാരണം, ആകെയുള്ള രണ്ടുമക്കളും പൂർണ അന്ധരാണെങ്കിൽ ഒരമ്മയ്ക്കു നിലാവുപോലെ പരക്കാതിരിക്കാനാവില്ലല്ലോ. അമ്മയുടെ നിഴലിലാണു ഞങ്ങൾ വളർന്നത്. അമ്മയുടെ സ്നേഹവും കരുതലുമാണു ഞങ്ങളുടെ വളർച്ചയുടെയും ഉയർച്ചയുടെയും പിന്നിൽ. ആ പുണ്യമില്ലെങ്കിൽ ഇന്നത്തെ ഞങ്ങളില്ല.' ബീനടീച്ചറുടെ കണ്ഠമിടറി.

വ​ർ​ക്ക​ല ബ്ലൈ​ൻ​ഡ് സ്കൂ​ളി​ൽ വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി; തു​ട​ർ​ന്ന് കൊ​ല്ലം ക്രേ​വ​ണ്‍ ഹൈ​സ്കൂ​ളി​ൽ. പ്രീ​ഡി​ഗ്രി മു​ത​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ൾ​പ്പെ​ടെ തി​രു​വ​ന​ന്ത​പു​രം വി​മ​ൻ​സ് കോ​ള​ജി​ൽ. അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ ഭൂ​രി​ഭാ​ഗം പേ​രും യു​ജി​സി പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും വ​ള​രെ കു​റ​ച്ചു​പേ​ർ​ക്കാ​ണ് നെ​റ്റ് ല​ഭി​ച്ച​ത്; ബീ​ന ടീ​ച്ച​ർ​ക്കാ​ക​ട്ടെ ജെ.​ആ​ർ.​എ​ഫും. പിന്നെ നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി നി​യ​മ​നം. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം പിഎസ്‌സിയിൽ അഞ്ചാം റാങ്കോടെ കോളജ് അധ്യാപികയായി ചിറ്റൂർ കോളജിൽ ആദ്യ നിയമനം.

മു​ൻ​വി​ധി​യി​ൽ വേ​ദ​ന​യോ​ടെ
ന​ല്ല വി​ദ്യാ​ഭ്യാ​സ​വും ഉ​യ​ർ​ന്ന ജോ​ലി​യും ഉ​ണ്ടെ​ങ്കി​ലും സ​മൂ​ഹ​മി​ന്നും ത​ന്നെ​പ്പോ​ലെ​യു​ള്ള​വ​രെ മു​ൻ​വി​ധി​യോ​ടെ കാ​ണു​ന്നു എ​ന്നാ​ണ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദ ​ബ്ലൈ​ൻ​ഡി​ന്‍റെ വ​നി​താ​ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യി​രു​ന്ന ടീ​ച്ച​റു​ടെ അ​ഭി​പ്രാ​യം. ഈ ​മ​നോ​ഭാ​വം മാ​റ​ണം. ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​ർ​ക്കും സ​മൂ​ഹം അ​വ​സ​രം ത​ന്നാ​ല​ല്ലേ മി​ക​വു​തെ​ളി​യി​ക്കാ​നാ​വൂ. ടീ​ച്ച​റു​ടെ ജീ​വി​ത​ത്തി​ലും ക​യ്പ് മ​ധു​ര​മാ​യ ഒ​രു സം​ഭ​വ​മു​ണ്ട്.

2002 ജൂ​ലൈ 19. ചി​റ്റൂ​ർ ഗ​വ. കോ​ള​ജി​ൽ ജോ​ലി​ക്കു പ്ര​വേ​ശി​ച്ച ദി​വ​സം. "താ​മ​സം ഹോ​സ്റ്റ​ലി​ലാ​ണ്. ഹോ​സ്റ്റ​ലി​ലെ​ത്തി​യ എ​ന്നെ ആ​രും ത​ങ്ങ​ളു​ടെ റൂ​മി​ൽ അ​ക്കോ​മ​ഡേ​റ്റ് ചെ​യ്യാ​ൻ ത​യാറാ​യി​ല്ല. ഇ​രു​പ​ത് അ​ധ്യാ​പി​ക​മാ​ർ അ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഓ​രോ​രു​ത്ത​രും ഒ​ഴി​ഞ്ഞു​മാ​റി. ഞാ​ൻ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഒ​റ്റ​യ്ക്കു​ചെ​യ്യു​മെ​ന്ന് എ​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​മ്മ പ​റ​ഞ്ഞി​ട്ടും ആ​രും ചെ​വി​ക്കൊ​ണ്ടി​ല്ല. ഒ​ടു​വി​ൽ ഒ​രാ​ഴ്ച അ​മ്മ കൂ​ടെ നി​ൽ​ക്കാ​മെ​ന്നേ​റ്റു. എ​ന്നി​ട്ടും തീ​രു​മാ​ന​മാ​യി​ല്ല. ഒ​ടു​വി​ൽ ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ കൂ​ടി​യാ​യ രാ​മ​ച​ന്ദ്ര​ൻ​സാ​ർ ( ഇന്നദ്ദേഹം നമ്മോടൊപ്പമില്ല) ഇ​ട​പെ​ട്ടു. ആ​രെ​ങ്കി​ലും ഈ ​സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് അ​ലി​വു​കാ​ട്ട​ണ​മെ​ന്ന​പേ​ക്ഷി​ച്ചു. അ​പ്പോ​ൾ ഫി​ലോ​സ​ഫി അ​ധ്യാ​പി​ക​യാ​യ സെ​യ്ഫു​ന്നീ​സ ടീ​ച്ച​ർ മു​ന്നോ​ട്ടു​വ​ന്നു പ​റ​ഞ്ഞു: ""എ​ന്‍റെ മു​റി​യി​ൽ താ​മ​സി​പ്പി​ച്ചോ​ളാം.'' അ​മ്മ ഒ​രാ​ഴ്ച എ​ന്‍റെ കൂ​ടെ താ​മ​സി​ച്ച​പ്പോ​ഴേ​ക്കും തെ​റ്റി​ദ്ധാ​ര​ണ​യു​ടെ കാ​ർ​മേ​ഘ​ങ്ങ​ൾ നീ​ങ്ങി. സെ​യ്ഫു​ന്നീ​സ ടീ​ച്ച​ർ മ​റ്റ​ധ്യാ​പ​ക​രോ​ടു പ​റ​ഞ്ഞു, ന​മ്മ​ളു വി​ചാ​രി​ച്ച​പോ​ല​ല്ല... ടീ​ച്ച​റെ​ല്ലാം ചെ​യ്യു​ന്നു​ണ്ട്’. പിന്നെ ബീ​ന​ടീ​ച്ച​ർ എ​ല്ലാ​വ​രു​ടെ​യും ഉ​റ്റ​മി​ത്ര​മാ​യെന്നതു ചരിത്രം.

ഡോക്ടറേറ്റെന്ന സ്വപ്നം

ടീ​ച്ച​റു​ടെ ഏ​ക സ​ഹോ​ദ​രി സീ​ന കൃ​ഷ്ണ​നും അ​ന്ധ​യാ​ണ്. ഹി​സ്റ്റ​റി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി​യ ഇ​വ​ർ വിവാഹം കഴിച്ച് തിരുവനന്തപുരം ബാലരാമപുരത്തു കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്നു.

ഇ​ച്ഛാ​ശ​ക്തി​യു​ടെ​യും ആ​ർ​ജ​വ​ത്തി​ന്‍റെ​യും മു​ന്പി​ൽ ഏ​തു പ്ര​തി​ബ​ന്ധ​വും വ​ഴി​മാ​റു​മെ​ന്നു ടീ​ച്ച​റു​ടെ ജീ​വി​ത സാ​ക്ഷ്യ​ം. ത​ന്‍റെ കാ​ല​ത്തു പി​എ​സ്‌സിയി​ൽ ന്യൂനതയുള്ള​വ​ർ​ക്കു സംവരണം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​പ്പോ​ൾ മൂ​ന്നു ശ​ത​മാ​നം സംവരണമു​ള്ള​തു പു​തു​ത​ല​മു​റ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് ടീ​ച്ച​റു​ടെ പ​ക്ഷം. ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ക്കി​ട​യി​ലും പി​എ​ച്ച്ഡി ചെ​യ്യു​ന്ന ഈ മുപ്പത്തിയെട്ടുകാരി തന്‍റെ തിസീസ് സമർപ്പിക്കാനുള്ള അവസാന മിനുക്കുപണിയിലാണ്. "മലയാള നിരൂപണത്തിന്‍റെ സംക്രമണഘട്ടവും എസ്. ഗുപ്തൻനായരുടെ നിരൂപണ സങ്കല്പവും’ എന്ന വിഷയത്തിലാണ് ഡോക്ടറൽ പ്രബന്ധം.

സെബി മാളിയേക്കൽ