ട്രോമ കെയറിൽനിന്ന് മസൂറിയിലേക്ക്...
കുമരകം പള്ളിച്ചിറയിലെ ഇടവഴികളിലേക്കു വെള്ളംകയറി വരികയാണ്, രണ്ടുദിവസമായി തോരാതെ പെയ്യുന്ന മഴയെ തോൽപിക്കാനെന്നതുപോലെ... വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടുവക്കിലേക്കു ഞങ്ങൾക്കൊപ്പം നടക്കാനിറങ്ങിയ ജിജോ തൻറെ പാൻറ്സ് മുകളിലേക്കു ചുരുട്ടിവച്ചു, പുതുവെള്ളത്തിനു നല്ല തണുപ്പാണ്, മനസുവരെ കുളിർപ്പിക്കുന്ന തണുപ്പ്... മുട്ടോളം വെള്ളം നിറഞ്ഞ വഴിയിലൂടെ നടക്കുന്പോൾ പെട്ടെന്നൊരു വിളി: മോനേ ജിജോ... എന്നാ വന്നത്

വർത്തമാനം നിർത്തിയ ജിജോ തിരിഞ്ഞു, അയൽവീട്ടിലെ വരാന്തയിൽ നിറപുഞ്ചിരിയുമായി നാണിയമ്മ! മോനെ കാണാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങളൊക്കെ..., നിഷ്കളങ്കമായ ആ സ്നേഹത്തിനു മുന്നിൽ ഒരിത്തിരി വർത്തമാനം പറയാതെ മുന്നോട്ടുനീങ്ങാൻ അവനു കഴിയില്ല. കുറച്ചുനേരം കുശലം പറഞ്ഞു, തിരക്കുകഴിയുന്പോൾ വരാമെന്നു നാണിയമ്മയ്ക്ക് ഉറപ്പുകൊടുത്തിട്ടാണു വീണ്ടും മുന്നോട്ടുനടന്നത്. ജിജോ എന്ന പേര് ഇടവഴിയിൽ കേട്ടതും അയൽവീടുകളിൽനിന്നു വീണ്ടും ആളുകൾ സ്നേഹാന്വേഷണവുമായി ഇറങ്ങിവന്നു... ഞങ്ങൾ തോടിനരികിലേക്ക് എത്തുന്പോൾ ജിജോയ്ക്കു കയറാനുള്ള വള്ളം റെഡിയാക്കി ലീലാമ്മ ചേച്ചി കാത്തുനിൽക്കുന്നു. കാരണം, ജിജോ ഇവർക്കെല്ലാം വെറുമൊരു അയൽക്കാരൻ പയ്യനല്ല, കുമരകത്തിൻറെ അഭിമാനമായ സിവിൽ സർവീസുകാരനാണ്. ഈ തനി നാട്ടിൻപുറത്തുകാരൻ നടന്നുപോയ വഴികൾ തൊട്ടടുത്തുനിന്നു കണ്ടവരാണ് ഈ നാട്ടുകാർ... അതുകൊണ്ടാണ് ജിജോ എന്ന ഇരുപത്താറുകാരൻ അവരുടെ അഭിമാനമായത്, അവർക്കു സ്വന്തമായത്.

2017ൽ പുറത്തുവന്ന സിവിൽ സർവീസ് റാങ്കു പട്ടികയുടെ 574-ാം പേരുകാരനാണു കുമരകം പള്ളിച്ചിറ കൊച്ചുകളത്തിൽ മാത്യുവിൻറെയും അക്കാമ്മയുടെയും മകൻ ജോസഫ് കെ. മാത്യു എന്ന ജിജോ. എന്നാൽ, ജിജോയുടെ നാട്ടുകാർക്ക്, അവൻറെ കൂട്ടുകാർക്ക്, അവൻ നടന്നുവന്ന വഴികൾ അറിയാവുന്നവർക്ക് ഇതൊരു ഒന്നാം റാങ്ക് തന്നെയാണ്, നിശ്ചയദാർഢ്യത്തിൻറെ ഒന്നാംറാങ്ക്. ജീവിതസാഹചര്യങ്ങളുടെ പരിമിതികളെക്കുറിച്ചു വിലപിക്കുന്നവർക്കു മുന്നിൽ ഒരു പാഠപുസ്തകമാണ് ഈ ചെറുപ്പക്കാരൻ. സഹോദരി ആനി നഴ്സിംഗ് കഴിഞ്ഞു കൂടുതൽ പഠനത്തിലാണ്.



കുമരകത്തെ സുഹൃത്ത് ഷെയിൻ ജോസഫ് ആണ് ഞങ്ങളെ ജിജോയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്. റോഡരികിലെ കൈത്തോടിനക്കരെ ഇന്ന് അത്ര വലുതൊന്നുമല്ലെങ്കിലും ഭംഗിയും വെടിപ്പുമുള്ള ഒരു വീടുണ്ട്, ഞങ്ങൾ ചെല്ലുന്പോൾ അവിടെ പണിക്കാരുടെ തിരക്കാണ്, ജിജോയുടെ പിതാവ് മാത്യുവാണ് പറഞ്ഞത്, പിറ്റേന്ന് വീടിൻറെ പാലുകാച്ചലാണ്. ഇതിനിടെ, ഷെയിൻ ഞങ്ങളെ മറ്റൊരു കാഴ്ച കാണിച്ചുതന്നു, പുതിയ വീടിനോടു ചേർന്നുതന്നെ നേരത്തെയുണ്ടായിരുന്ന ഒറ്റമുറി കുടിലിൻറെ അവശിഷ്ടങ്ങൾ. ജിജോയും മാതാപിതാക്കളും സഹോദരിയും ഈ പുതിയ വീടുവയ്ക്കുന്നതിനു തൊട്ടുമുന്പുവരെ താമസിച്ചത് നിന്നു തിരിയാൻതന്നെ സൗകര്യങ്ങളില്ലാതിരുന്ന ആ കൊച്ചുകുടിലിൽ ആയിരുന്നു. കൃഷിപ്പണിക്കാരനായിരുന്ന മാത്യുവിനു രാപകൽ അധ്വാനിച്ചിട്ടും മക്കളെ കുറച്ചൊക്കെ പഠിപ്പിക്കാനല്ലാതെ കാര്യമായി ഒന്നും സന്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോൾ ഈ മാതാപിതാക്കൾ ഒരു സത്യം തിരിച്ചറിയുന്നു, അതായിരുന്നു തങ്ങൾ മക്കൾക്കു സമ്മാനിച്ച ഏറ്റവും വലിയ സന്പാദ്യം.

ഒറ്റയാൻ പോരാട്ടം

മാതാപിതാക്കളുടെ കഷ്ടപ്പാടും വീട്ടിലെ ദാരിദ്യ്രവുമൊക്കെ അറിഞ്ഞുവളർന്ന ജിജോയുടെയും സഹോദരി ആനിയുടെയും മനസിൽ നിശ്ചയദാർഢ്യമുണ്ടായിരുന്നു, ഒരു പ്രതിസന്ധിയിലും തളരാത്ത പോരാട്ടവീര്യമുണ്ടായിരുന്നു. മിക്ക സിവിൽ സർവീസ് റാങ്ക് ജേതാക്കളുടെയും പേരിനോടും റാങ്കിനോടും ചേർത്തുപറയാൻ പെരുമകേട്ട സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളുടെ പേരുള്ളപ്പോൾ ജിജോയ്ക്കു പറയാൻ അങ്ങനെയൊരു പേരില്ല, കാരണം, സിവിൽ സർവീസുമായുള്ള ജിജോയുടെ പോരാട്ടം തനിച്ചായിരുന്നു. പബ്ലിസിറ്റി കൊടുക്കാനും റാങ്ക് ആഘോഷിക്കാനും സ്ഥാപനങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ടു സിവിൽ സർവീസ് നേടിയ വാർത്ത മലയാളത്തിൽ ദീപിക അടക്കം ചുരുക്കം ചില പത്രങ്ങളിലേ ആദ്യദിവസം വന്നിരുന്നുള്ളൂ.

ട്രോമാ കെയറിൽനിന്ന്

അതീവ തിരക്കുള്ള ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുകൊണ്ട്, കിട്ടുന്ന ഇടവേളകളിൽ തനിയെ പഠിച്ചുകൊണ്ട്, നാലു തവണ ശ്രമിച്ചിട്ടും കിട്ടാതെ പോയതിൽ തളരാതെ, അഞ്ചാം തവണ സിവിൽ സർവീസ് കൈപ്പിടിയിൽ ഒതുക്കിയ കഥ ഇനി ജിജോ തന്നെ പറയട്ടെ. ഏഴാം ക്ലാസുവരെ കുമരകം സെൻറ് ജോണ്‍സ് യുപിസ്കൂളിലായിരുന്നു എൻറെ പഠനം. എട്ടാം ക്ലാസുമുതൽ എസ്കഐം ഹയർസെക്കൻഡറി സ്കൂളിൽ. പത്താം ക്ലാസിൽ സ്കൂളിലെ ടോപ്പർ ആയിരുന്നു. ഹയർസെക്കൻഡറിയിലും ഡിസ്റ്റിംഗ്ഷനോടെ ജയിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിംഗ് പഠനം. 2004 മുതൽ 2008 വരെ അവിടെ ബോണ്ട് ചെയ്തു. തുടർന്ന് ടെസ്റ്റ് എഴുതി ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ൽ നഴ്സ് ആയി ജോലിയിൽ കയറിയതോടെയാണു ജീവിതം മാറിമറിഞ്ഞത്.

കഷ്ടപ്പാടിലും ദാരിദ്യ്രത്തിലുമൊക്കെ നട്ടംതിരിഞ്ഞ കുടുംബത്തിനു കിട്ടിയ പിടിവള്ളിയായിരുന്നു എയിംസിലെ ജോലി. എയിംസിലെ ട്രോമാ കെയർ സെൻററിലാണ് ഡ്യൂട്ടി ലഭിച്ചത്. ഓരോ മിനിറ്റിലും അടിയന്തര ചികിത്സ ആവശ്യമുള്ളവരെയുമായി ആംബുലൻസുകൾ മൂളിപ്പറന്ന് എയിംസിലേക്ക് എത്തും. ഈ തിരക്കിലെ ഒരു വിശ്രമവേളയിലാണ് സിവിൽ സർവീസിൽ ഒരു കൈ നോക്കിയാലോ എന്ന ചിന്ത മനസിലേക്കു വന്നത്. എങ്ങനെ പഠിക്കണമെന്നോ എന്തു പഠിക്കണമെന്നോ ഒന്നും ഒരു ഐഡിയയുമില്ല. അങ്ങനെ ഡൽഹിയിലെ ഒരു ഈവനിംഗ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിനു പോയി ചേർന്നു. എന്നാൽ, ജോലിയും ക്ലാസ് സമയവുമായി ഒത്തുപോകാനാവാതെ വന്നതോടെ അതവസാനിപ്പിച്ചു. തനിച്ചൊന്നു ശ്രമിച്ചുനോക്കിക്കൂടെയെന്നു മനസ് ചോദിച്ചു. പിന്നെ, അതൊരു തീരുമാനമായി, നിശ്ചയദാർഢ്യമായി.



മരുന്നും പരീക്ഷയും

ആദ്യമൊക്കെ കൃത്യമായി ടൈംടേബിൾ വച്ചു പഠിക്കാൻ ശ്രമിച്ചു. പക്ഷേ, ഡ്യൂട്ടി മാറി വരുന്നതോടെ നടക്കാതായി. കിട്ടുന്ന സമയത്തു പഠിക്കുക എന്ന ശൈലിയിലേക്കു മാറി. അങ്ങനെ വായനയും പഠനവും തുടങ്ങി. ജോലിത്തിരക്കു മൂലം ചില ദിവസങ്ങളിൽ പഠിക്കാനേ കഴിഞ്ഞില്ല. എന്നാൽ, എല്ലാ തിരക്കുകൾക്കിടയിലും പത്രം വായന മുടക്കിയില്ല. സാമൂഹിക സംഭവങ്ങളെയും കാര്യങ്ങളെയും അതതു ദിവസംതന്നെ മനസിലാക്കിവച്ചു. വിവരശേഖരണത്തിന് ഇൻറർനെറ്റും സഹായിച്ചു.

2012ലാണ് ആദ്യ ശ്രമം നടത്തിയത്. ഇൻറർവ്യൂവിൽ നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും ടെസ്റ്റിൽ മാർക്ക് കുറഞ്ഞുപോയി. ഏതാനും ദിവസത്തേക്കു നല്ല വിഷമം തോന്നി. കഷ്ടപ്പാടുകളൊക്കെ വെറുതെ ആയതുപോലെ. സിവിൽ സർവീസ് പരീക്ഷ തോറ്റാൽ മറ്റു പരീക്ഷകൾ പോലെയല്ല, പ്രിലിമിനറി ടെസ്റ്റ് മുതൽ പിന്നെയെല്ലാം പൂജ്യത്തിൽനിന്നു തുടങ്ങണം. ഈ സമ്മർദത്തെ അതിജീവിക്കുക അത്ര നിസാരമല്ല. നിരാശയുടെ പടുകുഴിയിൽ വീഴുന്നവരുടെയും ജീവൻ തന്നെ നഷ്ടപ്പെടുത്തുന്നവരുടെയുമൊക്കെ കഥ ഡൽഹിയിൽ ഏറെ കേട്ടിട്ടുണ്ട്. പക്ഷേ, എനിക്കു തോറ്റുമടങ്ങാൻ ആകുമായിരുന്നില്ല. ഞാൻ വീണ്ടും തുടങ്ങി, ആശുപത്രിക്കു പുറത്തു റൂമിലായിരുന്നു താമസം എന്നതിനാൽ ആരും ശല്യപ്പെടുത്താൻ എത്തിയില്ല. വല്ലപ്പോഴും വരുന്ന സുഹൃത്തുക്കൾപോലും പഠനം ഉഴപ്പാതെ പെട്ടെന്നു സ്ഥലം കാലിയാക്കി.

പ്രധാനമന്ത്രിയുടെ സംഘത്തിൽ!

2013ൽ എഴുതി പക്ഷേ, കടന്പ കടക്കാനായില്ല. തോൽക്കാൻ മനസില്ലായിരുന്നു. 2014, 2015 വർഷങ്ങളിലും ശ്രമിച്ചു. പക്ഷേ, സിവിൽ സർവീസ് ബാലികേറാമലപോലെ മുന്നിൽനിന്നു. ഇതോടെ തെല്ലു ടെൻഷൻ തോന്നിത്തുടങ്ങി. കൂടെ ജോലി ചെയ്തിരുന്നവർ പലരും നഴ്സിംഗ് ജോലിയും മറ്റുമായി വിദേശത്തേക്കും മറ്റും പറന്നു. അവർ പലരും വിളിച്ചു, പരീക്ഷയെഴുതി ജീവിതം കളയാതെ നീ ഇങ്ങോട്ടുപോര്. ജീവിതം ഒരു കരയെത്തേണ്ടേ.. ആ ചോദ്യത്തിനും പ്രലോഭനങ്ങൾക്കും മുന്നിൽ ചിലപ്പോഴൊക്കെ മനസു പതറി, എങ്കിലും ഒന്നു തീരുമാനിച്ചു, ആറു തവണയാണു സിവിൽ സർവീസിനു പരീക്ഷയെഴുതാൻ അവസരമുള്ളത്. ആറും എഴുതി നോക്കുകതന്നെ. അഞ്ചാം തവണയും എല്ലാം ആദ്യം മുതൽ തുടങ്ങി. അവധിക്കു നാട്ടിലേക്കു പോലും വരാനായില്ല. ഇതിനിടയിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊല്ലം പുറ്റിംഗൽ വെടിക്കെട്ടപകടം ഉണ്ടായത്. അന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കൊല്ലത്ത് എത്തിയ എയിംസിലെ മെഡിക്കൽസംഘത്തിൽ ഞാനുമുണ്ടായിരുന്നു. മറക്കാൻ പറ്റാത്ത ദിനങ്ങളായിരുന്നു അത്. എന്നാൽ, സിവിൽ സർവീസ് എന്ന ലക്ഷ്യത്തെ ഇതൊന്നും അലട്ടിയില്ല. അങ്ങനെ 2016ലെ പരീക്ഷയിൽ സ്വപ്നം ഞാൻ സ്വന്തമാക്കി. - ജിജോ പറഞ്ഞുനിർത്തി. അതെ, ഈ നിശ്ചയദാർഢ്യത്തിനു മുന്നിൽ, പോരാട്ടവീര്യത്തിനു മുന്നിൽ സിവിൽ സർവീസ് തലകുനിച്ചു, ഒരു പ്രതിഭയോടുള്ള ആദരവ് എന്നതുപോലെ.

ഇൻറർവ്യൂവിലെ കുമരകം

കുമരകത്തുനിന്നു സിവിൽ സർവീസ് തേടിയെത്തിയ ചെറുപ്പക്കാരനോട് ഇൻറർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവർക്ക് ഏറെയും ചോദിക്കാനുണ്ടായിരുന്നതു കുമരകത്തെക്കുറിച്ചു തന്നെയായിരുന്നു. കുമരകത്തിൻറെ സ്വന്തമായ ഉത്തരവാദിത്വ ടൂറിസം, ടൂറിസം സാധ്യതകൾ തുടങ്ങിയവയൊക്കെ ചോദ്യങ്ങളായെത്തി. പ്രധാനമന്ത്രിക്കൊപ്പം പുറ്റിംഗൽ ദുരന്തസ്ഥലത്ത് എത്തിയതിൻറെ സർട്ടിഫിക്കറ്റ് കണ്ടപ്പോൾ പുറ്റിംഗൽ ദുരന്തഭൂമിയിലെ അനുഭവങ്ങളെക്കുറിച്ചും അവർ ചോദിച്ചറിഞ്ഞു. ട്രോമാ സെൻററിലെ ജോലിക്കിടയിലാണു സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ താനുണ്ടെന്ന വാർത്ത ഒരു സുഹൃത്ത് ജിജോയെ അറിയിച്ചത്. എയിംസിൽ അതൊരു ആഘോഷരാവായിരുന്നുവെന്നു ജിജോ പറയുന്നു. ഡോക്ടർമാർ അടക്കമുള്ള സഹപ്രവർത്തകർ അഭിനന്ദങ്ങൾകൊണ്ടു പൊതിഞ്ഞു. ദേശീയ മാധ്യമങ്ങളും തേടിയെത്തി.

പിറ്റേന്നു സഹപ്രവർത്തകരുടെ വക ഗംഭീര സ്വീകരണവുമൊരുക്കിയിരുന്നു. ഡൽഹിയിൽ ജനപ്രതിനിധികളുടെയും സംഘടനകളുടെയുമൊക്കെ നേതൃത്വത്തിൽ നിരവധി സ്വീകരണങ്ങൾ ഒരുക്കി. നാട്ടിൽ പഠിച്ച സ്കൂളുകളിലും ഇടവകയായ ആറ്റാമംഗലം പള്ളിയിലുമൊക്കെ സ്വീകരണങ്ങളുണ്ടായിരുന്നു. ഇപ്പോൾ നാട്ടിലുള്ള ജിജോ തിരികെ ചെല്ലുന്പോൾ ഡൽഹിയിലെ കേരളഹൗസിൽ സ്വീകരണം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ജനപ്രതിനിധികൾ പലരും അഭിനന്ദിക്കാൻ വീട്ടിലുമെത്തി. എന്നാൽ, ഇതുകൊണ്ടൊന്നും മതിമറക്കാൻ ജിജോ തയാറല്ല, എയിംസിലെ ജോലി രാജിവച്ചു മസൂറിയിൽ സിവിൽ സർവീസ് ട്രെയിനിംഗിനായി പോവുന്നതിനൊപ്പം കിട്ടിയ റാങ്ക് മെച്ചപ്പെടുത്താൻ അവശേഷിക്കുന്ന ഒരു അവസരംകൂടി പോരാടാനുള്ള ഒരുക്കത്തിലാണ് ഈ പ്രതിഭ.

ജോണ്‍സണ്‍ പൂവന്തുരുത്ത്