രാജ്യസ്നേഹത്തിന്റെ ധർമടം കളരി
തലശേരിയിലെ ബ്രണ്ണൻ കോളജിലെ മൈതാനത്തിൽ ഓട്ടവും ചാട്ടവും ഒക്കെയായി ഒരു കൂട്ടം യുവാക്കൾ. മുന്നൂറോളം വരുന്ന യുവാക്കൾ പല വിഭാഗങ്ങളായി തിരിഞ്ഞ് കായിക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അവർക്ക് വേണ്ട നിർദേശം നല്കുന്ന ഒരു ചെറിയ സംഘം. ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ചിട്ടയായ പരിശീലനത്തിന് ബ്രക്സയിലൂടെ ബ്രണ്ണൻ കോളജിലെ മൈതാനം സാക്ഷിയാകാൻ തുടങ്ങിയിട്ട് ഏഴു വർഷം കഴിഞ്ഞു. ഇതിനിടെ ഇവിടെനിന്നു സൗജന്യമായി പരിശീലനം നേടിയ ആയിരത്തോളം പേർ ഇന്ത്യൻ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്നു. രാജ്യസ്നേഹത്തിന്റെ ഉദാത്തമായ സംഭാവന സൈനികരായി നല്കുകയാണ് ധർമടത്തെ ഒരു കൂട്ടായ്മ. 2009 ഫെബ്രുവരി 28നായിരുന്നു ബ്രക്സ(ബ്രണ്ണൻ കോളജ് എക്സ് എൻസിസി അസോസിയേഷൻ) രൂപീകരിച്ചത്

ബ്രക്സയുടെ രൂപീകരണം

ധർമടം ഗവണ്മെന്റ് ബ്രണ്ണൻ കോളജിൽ 23 വർഷം എൻസിസി ഓഫീസറായി സേവനമനുഷ്ഠിച്ച രസതന്ത്ര വിഭാഗം തലവനായിരുന്ന മേജർ പി. ഗോവിന്ദൻ കോളജിൽനിന്നു വിരമിക്കുന്നതിനു മുമ്പ് തന്റെ പഴയകാല എൻസിസി കേഡറ്റുകളെയെല്ലാം ചേർത്തുകൊണ്ട് ഒരു സംഘടന രൂപീകരിക്കാനുള്ള ആശയം മുന്നോട്ടു വയ്ക്കുകയായിരുന്നു. സൈനിക സേവനത്തോട് അതീവ താല്പര്യം വച്ചുപുലർത്തുന്ന എൻസിസി കേഡറ്റുകൾ ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത് പരിശീലനത്തിന്റെ കുറവുകൊണ്ടുമാത്രം പുറന്തള്ളപ്പെട്ടുപോകുന്ന അവസ്‌ഥ ഒഴിവാക്കുക എന്നതായിരുന്നു ബ്രക്സയുടെ മുഖ്യലക്ഷ്യം. കണ്ണൂർ ജില്ലയിലെ പ്രാപ്തരായ യുവാക്കൾക്ക് തികച്ചും സൗജന്യമായി പരിശീലനം നൽകുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു അദ്ദേഹം തന്റെ ആശയം പൂർവകാല എൻസിസി കേഡറ്റുകളുമായി പങ്കുവച്ചത്.

ഗവ. ബ്രണ്ണൻ കോളജ് എൻസിസി യൂണിറ്റിനെ നിയന്ത്രിക്കുന്ന വൺ കേരള ആർട്ടിലറി എൻസിസിയുടെ മുൻ കമാൻഡിംഗ് ഓഫീസറായ കേണൽ ബി.കെ. നായർ സംഘടനയുടെ രൂപീകരണത്തിന് സഹായങ്ങൾ നല്കുകയും ചെയ്തു. അങ്ങനെ ബ്രണ്ണൻ കോളജ് എക്സ് എൻസിസി അസോസിയേഷൻ (ബ്രെക്സ–എൻസിസി) എന്ന സംഘടന രൂപംകൊള്ളുകയായിരുന്നു. റിട്ട.സുബേദാർ എ.കെ. ശ്രീനിവാസൻ, മുൻകാല എൻസിസി കേഡറ്റുകളായ സി. രാധാകൃഷ്ണൻ, കെ.വി. ഗോകുൽദാസ്, പി.വി. സുനിൽകുമാർ, ഡി. വികാസ് ബാബു, യു.പി. പ്രമോദ്, ദിനിൽ ധനഞ്ജയൻ, പി. മനേഷ്, പി. മഹേഷ്കുമാർ, കെ.എം. പ്രഷീദ്, കെ.വി. അനിൽകുമാർ എന്നിവരാണ് മേജർ പി. ഗോവിന്ദനും കേണൽ ബി.കെ. നായർ എന്നിവർക്കു പുറമേ ബ്രക്സയുടെ നേതൃനിരയിലുള്ളത്. 2009 ഫെബ്രുവരി 28ന് ഉദ്ഘാടനം നടത്തുമ്പോൾ ഇരുനൂറിലധികം എൻസിസി കേഡറ്റുകൾ അംഗങ്ങളായുണ്ടായിരുന്നു. ഇന്ന് മുന്നൂറോളം പേർ ഇതിൽ അംഗങ്ങളാണ്. ബ്രിഗേഡിയർ ടി.സി. ഏബ്രഹാമാണ് ഉദ്ഘാടനം ചെയ്തത്.

സൈനിക പരിശീലനം

സൈന്യത്തിൽ ചേരാൻ താത്പര്യമുള്ള തലശേരിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന യുവജനങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങളും മാർഗനിർദേശങ്ങളും നല്കുന്നതിനുവേണ്ടിയാണ് ബ്രക്സ രൂപീകരിച്ചതെങ്കിലും വയനാട്, കോഴിക്കോട്, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ നിന്നു നിരവധിപ്പേരാണ് പരിശീലനം തേടി ബ്രക്സയിലെത്തുന്നത്. കഴിഞ്ഞ ഏഴുവർഷത്തിനിടെ 1000 യുവാക്കളെ സൈന്യത്തിന്റെ വിവിധ തസ്തികകളിലേക്ക് നല്കിക്കഴിഞ്ഞു. ഓഫീസർമാർതൊട്ട് സാധാരണ പട്ടാളക്കാർവരെ ബ്രക്സയിൽനിന്ന് ഇന്ത്യൻ സൈന്യത്തിൽ എത്തിച്ചേർന്നു. ടെക്നിക്കൽ, നഴ്സിംഗ് അസിസ്റ്റന്റ്, ക്ലറിക്കൽ ആൻഡ് സ്റ്റോർ കീപ്പർ, ജനറൽ ഡ്യൂട്ടി, ട്രേഡ്സ്മാൻ എന്നീ തസ്തികകളിലാണ് സൗജന്യമായി പരിശീലനം നല്കിവരുന്നത്.
ആർമി റിക്രൂട്ട്മെന്റ് റാലിയുടെ പ്രഖ്യാപനം വന്നതിനുശേഷമുള്ള തൊട്ടടുത്ത ശനിയാഴ്ചയിലാണ് പരിശീലനം ആരംഭിക്കുന്നത്. കായികപരിശീലനം, പരീക്ഷാ പരിശീലനം എന്നിവയാണ് നടക്കുന്നത്.

ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം. ഇതിനിടയിലുള്ള ദിവസങ്ങളിൽ അവരവരുടെ വീട്ടിൽ സ്വയം പരിശീലനം നടത്തി അതിന്റെ പുരോഗതി വിലയിരുത്തുകയും മാർഗനിർദേശവും പ്രോത്സാഹനവും നൽകുകയും ചെയ്തുവരുന്നു. റിക്രൂട്ട്മെന്റ് റാലിയിൽ കായിക പരിശീലനത്തിൽ വിജയിച്ച യുവാക്കൾക്കുള്ള എഴുത്തുപരീക്ഷയുടെ തയാറെടുപ്പ് ക്ലാസുകളാണ് രണ്ടാമത്തെ ഘട്ടം. രണ്ടുമാസത്തെ ട്രെയിനിംഗിനു ശേഷം ബ്രക്സയുടെ പരിശീലനത്തിൽ പങ്കെടുത്ത എൺപതു ശതമാനം പേരും വിജയിച്ച് ആർമിയിൽ പ്രവേശനം നേടുകയും ചെയ്യുന്നുണ്ട്. ആർമി റിക്രൂട്ട്മെന്റ് റാലികളിൽ പങ്കെടുക്കുന്ന യുവാക്കൾക്കുവേണ്ടി തലശേരി സ്റ്റേഡിയത്തിലും തലശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലും ബ്രക്സ സൗജന്യ ട്രെയിനിംഗ് പരിപാടികൾ കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

രണ്ടു വർഷം മുമ്പ് വയനാട് ജില്ലാ കളക്ടറുടെ അഭ്യർഥന പ്രകാരം ബ്രക്സയുടെ അംഗങ്ങൾ സുൽത്താൻബത്തേരിയിൽ ചെന്ന് സൗജന്യ കായിക പരിശീലനവും എഴുത്തു പരീക്ഷാ ക്ലാസുകളും നടത്തി. പട്ടികജാതിയിൽപ്പെട്ട 13 യുവാക്കൾക്ക് അന്ന് ആർമിയിൽ പ്രവേശനം ലഭിച്ചു.

സാമൂഹ്യ സേവനരംഗത്ത്

സൈന്യത്തിൽ ചേരാനാഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലനം നല്കുന്നതിനൊപ്പം സാമൂഹ്യസേവനരംഗത്തും ബ്രക്സ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ആർമി റിക്രൂട്ട്മെന്റ് ട്രെയിനിംഗിൽ പങ്കെടുക്കുന്ന യുവാക്കളുമായി സഹകരിച്ച് ട്രെയിനിംഗിന്റെ ഭാഗമായി തലശേരിയിലും സമീപപ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. ധർമടം ബീച്ച്, ധർമടം റെയിൽവേസ്റ്റേഷൻ, തലശേരി റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിൽ സ്‌ഥിരമായി ശുചീകരണവും ബ്രക്സ നടത്തി വരുന്നുണ്ട്.

അവശ്യഘട്ടങ്ങളിൽ രക്‌തം ദാനംചെയ്യാൻ സന്നദ്ധരായ യുവാക്കളെ ആശുപത്രിയിൽ എത്തിക്കുക, സമൂഹത്തിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന കിടപ്പുരോഗികൾക്കും അശരണരായ ജനവിഭാഗങ്ങൾക്കും സാന്ത്വനപ്രവർത്തനങ്ങൾ വഴി സഹായമെത്തിക്കുക എന്നിങ്ങനെ ബ്രക്സ ചെയ്തുവരുന്ന സംഭാവനകൾ പൊതുസമൂഹം ഏറെ ശ്രദ്ധയോടെയാണ് നോക്കികാണുന്നത്.

ബ്രക്സ രൂപീകരിച്ച ആദ്യവർഷം തന്നെ ആറളം ഫാമിനോടനുബന്ധിച്ച് ചതിരൂർ ആദിവാസി കോളനി സന്ദർശിച്ചായിരുന്നു സാമൂഹ്യപ്രവർത്തനത്തിന് തുടക്കമിട്ടത്. കോളനിയിലെ ദയനീയാവസ്‌ഥ മനസിലാക്കിയ ബ്രക്സയുടെ പ്രവർത്തകർ രണ്ടു വിദഗ്ധ മാനസികരോഗ ഡോക്ടർമാരെ പങ്കെടുപ്പിച്ച് മനോരോഗം ബാധിച്ച് നരകയാതന അനുഭവിക്കുന്ന സാധുജനങ്ങൾക്ക് രോഗസൗഖ്യം ലഭിക്കാൻ വേണ്ട ക്യാമ്പ് നടത്തിയും മരുന്നും ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു കൊണ്ടാണ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ധർമടം ജേസീസ് സ്പെഷൽ സ്കൂളിൽ വച്ചും ധർമടം ബീച്ച് റിസോർട്ടിൽ വച്ചും നടത്തിയ നട്ടെല്ലിനു ക്ഷതം ബാധിച്ച് കിടപ്പിലായ രോഗികളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചതും ഉപഹാരങ്ങൾ നൽകിയതും ബ്രക്സയുടെ നേതൃത്വത്തിലായിരുന്നു.

ബ്രക്സയിലൂടെ രക്‌തദാനവും

2013 ജൂൺ 14ന് ലോക രക്‌തദാതൃ ദിനത്തിൽ ബ്രക്സയിലൂടെ മൂന്ന് മണിക്കൂർകൊണ്ട് 89 യുവാക്കൾ രക്‌തം നൽകി ചരിത്രം സൃഷ്ടിച്ചിരുന്നു. 2013ൽ കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം രക്‌തദാതാക്കളെ സംഘടിപ്പിച്ചതിന് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ പ്രഥമ അവാർഡ് ബ്രെക്സയ്ക്കാണ് കിട്ടിയത്. കോളജുകൾ, പ്രാദേശിക ക്ലബുകൾ എന്നിങ്ങനെ വിവിധ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ രക്‌തദാന, ഗ്രൂപ്പ് നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. കൂടാതെ തലശേരി മലബാർ കാൻസർ സെന്റർ, കണ്ണൂരിലെ വിവിധ ആശുപത്രികൾ എന്നിവടങ്ങളിൽ ബ്രക്സയിലെ ട്രെയിനികൾ സ്‌ഥിരമായി രക്‌തദാനം നടത്തിവരുന്നുണ്ട്.

അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം കലുഷിതമായിരിക്കുമ്പോൾ ധർമടത്തുനിന്ന് ഉയരുന്ന ഈ രാജ്യസ്നേഹ കൂട്ടായ്മ രാജ്യത്തിനുതന്നെ അഭിമാനിക്കാവുന്നതാണ്. ഇന്ത്യൻ സൈന്യത്തിലേക്കുള്ള കൊച്ചുഫാക്ടറിയായി മാറികൊണ്ടിരിക്കുകയാണ് ധർമടത്തെ ബ്രക്സ.

റെനീഷ് മാത്യു