ദ ഗ്രേറ്റ് ഇന്ത്യൻ കാമറ
ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ മരിച്ച പെൺകുട്ടിയുടെ തുറന്ന കണ്ണുകൾ കണ്ട് ലോകം കണ്ണുകൾ ഇറുക്കിയടച്ചു. തേങ്ങലടക്കാൻ പാടുപെട്ടു. ലോകത്തിന്റെ ഹൃദയം തുറപ്പിച്ച ആ ചിത്രമെടുത്ത ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായി ഇന്നു നമ്മോടൊത്ത്. പ്രാർഥനാനിമഗ്നയായിരിക്കുന്ന മദർതെരേസ, സംഗീതസാഗരത്തിൽ മുഴുകിയ എം.എസ്. സുബ്ബലക്ഷ്മി, ഇന്ത്യൻ ഗ്രാമങ്ങളും നഗരങ്ങളും... ലോകം ഇന്ത്യയെ കണ്ട കാമറയുടെ ഉടമയുമായി ദീപിക ഡൽഹി ഫോട്ടോഗ്രാഫർ ജോൺ മാത്യു നടത്തിയ അഭിമുഖം.

മുഹമ്മദ് ഗോറിയും, കുത്തുബ്ദീൻ ഐബക്കും, ഇൽത്തുമിഷും, ഫിറോസ്ഷാ തുഗ്ലക്കും കാലത്തിന്റെ യവനികക്കപ്പുറത്തേക്ക് നടന്നു മറഞ്ഞ ഡൽഹിയിലെ കുത്തബ് മിനാറിന്റെ പരിസരം. തന്റെ ഓഫീസിൽ കണാനെത്തുമ്പോൾ പതിവ് ഗൗരവത്തോടെ രഘു റായ് പറഞ്ഞു: നിങ്ങൾ ചോദ്യങ്ങൾ ചോദിക്കു, ഞാൻ മറുപടി പറയാം.

മനസിൽ കരുതിയ ചോദ്യങ്ങൾ പലതും മറന്നു. മഹാഭാരത കഥയിലെ ഏകലവ്യനെപ്പോലെ വളരെ ദൂരെ നിന്നും ഉപാസിച്ച അനേകരിൽ ഒരുവനാണെന്നു പറഞ്ഞപ്പോൾ റായ് ഗൗരവം വെടിഞ്ഞു, ലളിത ചിത്തനായി. ശിഷ്യനോട് തോന്നുന്ന വാൽസല്യത്തോടെ അദ്ദേഹം പറഞ്ഞു തുടങ്ങി. ഓരോ ചിത്രവും ചരിത്രത്തിന്റെ ഭാഗമായതെങ്ങനെ. ഷെൽഫിൽ അട്ടിയിട്ട തടിച്ച ഫോട്ടോ ആൽബങ്ങളിൽ നിന്നും രഘുവിന്റെ കഥാപാത്രങ്ങൾ ഓരോരുത്തരായി ഇറങ്ങിവന്നു, തങ്ങൾക്ക് ഉയിരുനൽകി അനശ്വരരാക്കിയ കലാകാരനു ചുറ്റിനും നിരന്നു. രഘുവിന്റെ നാവിലൂടെ അവർ തങ്ങളുടെ കഥകൾ പറഞ്ഞു. വേദനയും വിലാപങ്ങളും ഊടും പാവും നെയ്ത കഥകൾ. പ്രേമവും കാമവും ഇഴചേർന്ന മനുഷ്യകാമനകളുടെ കഥകൾ. ഓരോ ചിത്രവും ചരിത്രമായതെങ്ങനെ, അവ മനസിനെ വേട്ടയാടുന്ന ഉറക്കം കെടുത്തുന്ന വേദനയായതെങ്ങനെ.

ഭോപ്പാൽ പെൺകുട്ടി

ലോകത്തിന്റെ ഉറക്കം കെടുത്തിയ ഭോപ്പാൽ ദുരന്തത്തിൽ നിന്നും ആരംഭിക്കാം. ഭീതിപ്പെടുത്തുന്ന ഒരു ഓർമയാണ് വിഷവാതകം ശ്വസിച്ച് മരിച്ച പെൺകുട്ടിയുടെ ചിത്രം. മനുഷ്യൻ വരുത്തിവെച്ച ദുരന്തങ്ങൾ ഉള്ളിടത്തോളം കാലം അവളെ ആരും മറക്കില്ല.വിടരും മുമ്പേ വാടിക്കരിഞ്ഞ പൂവുപോലെയുള്ള അവളുടെ മുഖം. വിടർന്ന ചുണ്ടും അടയാത്ത കണ്ണുകളും, നമ്മോട് പറയാൻ വെമ്പുന്നതെന്താണ്... ‘‘എന്നെ മറക്കരുത,് ഒരു നാൾ ജീവിച്ചിരിക്കുന്നവർ മരിച്ചവരെ ഓർത്ത് അസൂയപ്പെടും.’’ എന്നായിരിക്കുമോ അവൾ നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത്.

റായ് സഞ്ചരിക്കുകയാണ് ഓർമളിലൂടെ. പ്രഭാതം വിടരുന്നതിന് മുമ്പേ കൊൽക്കത്തയിലെ കാളിഘട്ടിലെ ഇടുങ്ങിയ ഗലികളിലൂടെ നീല ബോർഡറുള്ള വെള്ള സാരി ധരിച്ച മെലിഞ്ഞുണങ്ങി കൂനിക്കൂടിയ ഒരു സ്ത്രീ ശരീരം വേച്ച് വേച്ച് നടന്നു പോകുന്നു. കാലം ഉഴവുചാൽ തീർത്ത അവരുടെ മുഖം. അത് അനേകർക്ക് പ്രതീക്ഷയായതെങ്ങനെ. പ്രസവിച്ചിട്ടില്ലാത്ത അവരെ ലോകം അമ്മ എന്നു വിളിച്ചതെന്തുകൊണ്ട്. ഇന്ദിരാ ഗാന്ധി എന്ന എക്കാലത്തെയും ശക്‌തയായ ഉരുക്കുവനിതയെപ്പറ്റിയും റായ് പറഞ്ഞു, കലയെപ്പറ്റി, കലാപങ്ങളെപ്പറ്റി. കലാപങ്ങളുടെ തീയും പുകയും അടങ്ങുമ്പോൾ കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം നിറയുന്ന ഗലികളിൽ... വിലാപങ്ങൾ ബാക്കിയാകുന്ന തെരുവുകളിൽ താൻ കണ്ട കാഴ്ചകളെക്കുറിച്ച്. അവിടെ താൻ പകർത്തിയ ജീവിതങ്ങളെക്കുറിച്ച്. അവ പിന്നീട് ചരിത്രമായതിനെക്കുറിച്ച്.

ഇന്നത്തെ ഓരോ നിമിഷവും അതിലൂടെ ദൃശ്യവൽകരിക്കപ്പെടുന്ന ഓരോ വികാരവും നാളെ ചരിത്രത്തിന്റെ സാക്ഷ്യമാകാം. അവ ഏതെന്നും എന്തെന്നും കണ്ടെത്തി ചിത്രീകരിക്കുമ്പോഴാണ് ഛായാഗ്രാഹകനും അവന്റെ ചിത്രവും ചരിത്രമാകുന്നത്.

ഫോട്ടോ ഉണ്ടാകുന്നത്

മദർ തെരേസ, ഭോപ്പാൽ വിഷവാതക ദുരന്തം എന്നിവയെക്കുറിച്ചുള്ള എന്റെ ഫോട്ടോഗ്രഫി വർക്കുകൾക്ക് ഞാൻ നടത്തിയ അനവധി യാത്രകൾ, അവയെല്ലാം ഇന്ന് ചരിത്രമാണ്. സംഭവങ്ങളുടെ ഒരു പ്രത്യേക നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഫോട്ടോഗ്രാഫർ തന്റെ കാമറയുമായി അവിടെ ഉണ്ടായിരിക്കണം. അവിടെ ഉണ്ടായാൽ മാത്രം പോരാ മാനസികമായി അയാൾ തയ്യാറായിരിക്കണം. അതായത് ഒരു ചിത്രം ആദ്യം ജനിക്കുന്നത് ഫോട്ടോഗ്രാഫറുടെ മനക്കണ്ണിലാണ്, അത് അയാൾ തന്റെ കാമറയിലൂടെ ഫലിമിലേക്ക് കടത്തിവിടുന്നു. ആത്യന്തികമായി ചിത്രത്തെക്കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാടാണ് പ്രധാനം.

വെറുമൊരു സ്നാപ്പ് ക്ലിക്ക് ചെയ്യുന്നതിനപ്പുറം താൻ പകർത്തുന്ന ചിത്രത്തെക്കുറിച്ച് ഉത്തമ ബോദ്ധ്യമുള്ള ഒരാൾക്ക് മാത്രമെ എക്കാലവും ഓർമിക്കുന്ന ചിത്രങ്ങൾ പകർത്താൻ കഴിയൂ. നമ്മൾ ഫോട്ടോ ജേർണലിസ്റ്റുകളുടെ ജോലി അവ സത്യസന്ധമായി ലോകത്തെ അറിയിക്കുകമാത്രമാണ്. ഓരോ പടത്തിനും ഓരോ ചരിത്രം പറയാനുണ്ട്. അദ്ദേഹം പറഞ്ഞു ഏതു ചിത്രമാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന ചോദ്യം ഒരു ഫോട്ടോഗ്രാഫറോട് ചോദിക്കരുത്. ഏറ്റവും വേദനിപ്പിച്ച ചിത്രം ഏതെന്നും ചോദിച്ചാൽ മറുപടി പറയാൻ പ്രയാസമാണ്.

തന്റെ കാമറ്യ്ക്ക് മുന്നിൽ വന്ന മനുഷ്യരെ പിന്നീട് കണ്ടെത്താൻ റായ് ശ്രമിച്ചിട്ടില്ല. സ്റ്റീവ് മെക്കുറിയുടെ വിഖ്യാതമായ ഒരു ചിത്രമുണ്ട് അഫ്ഗാൻ അഭയാർഥിക്യാമ്പിലെ കാമറയിലേക്ക് രൂക്ഷമായി നോക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം. ലോകത്തെമ്പാടുമുള്ള അഭയാർഥികളുടെ ഐക്കണായി മാറിയ ശർബത്ത് ഗുൾ. നാഷണൽ ജ്യോഗ്രഫിക് ചാനലിലും അവരുടെ തന്നെ മാസികയിലും അവളുടെ മുഖം കവർ പേജായും, പിന്നീട് പോസ്റ്ററായും പ്രത്യക്ഷപ്പെട്ടു. അവളെ തിരയാൻ സ്റ്റീവ് മെക്കുറിയും നാഷണൽ ജ്യോഗ്രഫിക് ചാനലും വൻ തുക ചെലവാക്കി. അഫ്ഗാനിസ്‌ഥാനിലെ ദുർഘടമായ മലനിരകളിലെ ഗോത്രവർഗ ഗ്രാമത്തിൽ ഒരു ഗ്രാമീണന്റെ രണ്ടാം ഭാര്യയായി അവളെ കണ്ടെത്തി. റായ് പറയുന്നു ലോകം മുഴുവൻ പുകഴ്ത്താൻമാത്രം പ്രാധാന്യമുള്ള ചിത്രമായിരുന്നില്ല അത്. വിദേശ ചാനലുകൾക്കും മാസികകൾക്കും ഇത്തരത്തിൽ വൻ പ്രചാരണം നടത്തി തങ്ങളുടെ ടിആർപി കൂട്ടാൻ സാധിച്ചു. മുപ്പത് വർഷത്തിനു ശേഷം നാടകീയത കാണിച്ച് അതൊരു ചരിത്രം രചിച്ച ചിത്രമാണെന്നു പറയുന്നതൊക്കെ ഒരു പ്രചാരണത്തിന്റെ ഭാഗമാണ് ഓരോ സംഭവത്തിന്റെയും സത്ത ഉൾക്കൊണ്ട്, മനുഷ്യമനസിനെ പിടിച്ചുലയ്ക്കുകയും പിന്നീട് ചരിത്രത്തിലേക്ക് ചേക്കേറുകയും ചെയ്യുന്ന പടമാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം അർഹിക്കുന്നത.്

ചിത്രം ചരിത്രമാകുന്നത്

ന്യൂസ് ഫോട്ടോഗ്രഫി, ഡോക്യുമെന്ററി ഫോട്ടോഗ്രഫി, ഫോട്ടോ ജേർണലിസം എന്നിവ എന്നെ സംബന്ധിച്ചിടത്തോളം ഒന്നു തന്നെയാണ്. റായ് പറയുന്നു, പൊളിറ്റിക്കൽ ചിത്രങ്ങളും ന്യൂസ് ഈവന്റുകളും ഒരു ക്ലിക്കിൽ തീരുന്നതാണ് പലർക്കും, എന്നാൽ വെറും വാർത്തയ്ക്കപ്പുറം ചിത്രത്തിന്റെ ഫ്രെയിമും കമ്പോസിഷനും മൂഡും ആളുകളുടെ ഭാവങ്ങളും പകർത്താൻ കഴിയുന്നവനാണ് ഫോട്ടോഗ്രാഫറെങ്കിൽ അയാൾ പകർത്തിയ ചിത്രം ചരിത്രത്തിന്റെ പേജുകളിൽ ഓർമിക്കപ്പെടും. ഫോട്ടോഗ്രാഫർ കടന്നുപോയാലും അയാൾ പകർത്തിയ ചിത്രം ലോകത്തെ ചിന്തിപ്പിക്കും.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യ കണ്ട ഏറ്റവും ശക്‌തയായ പ്രധാനമന്ത്രിയായിരുന്നു. ജനത്തോടും കോൺഗ്രസ് പ്രവർത്തകരോടും അവർക്കുള്ള അടുപ്പം, കലാകാരന്മാരോട് അവർക്കുള്ള ആദരവ് ഇവയെല്ലാം എന്റെ കാമറയ്ക്ക് വിഷയമായിട്ടുണ്ട്. ഇന്ദിരയുടെ കൊലപാതകത്തിന് ശേഷമുള്ള കലാപങ്ങൾക്കും ഞാനും എന്റെ കാമറയും സാക്ഷികളായി. വ്യക്‌തിപരമായി എന്നോട് അവർ നല്ല അടുപ്പവും താത്പര്യവും കാണിക്കുകയും ചെയ്തു. പിന്നീട് രാജീവും സോണിയയും രഘുവിന്റെ കാമറയ്ക്ക് വിഷയമായി. ഇന്ദിരാഗാന്ധി, നരസിംഹ റാവു, മൻമോഹൻ സിംഗ് മുതൽ നരേന്ദ്ര മോദി വരെ രഘുവിന്റെ വിരൽത്തുമ്പിൽ ചിത്രങ്ങളായി ചരിത്രത്തിന്റെ താളുകളിലേക്ക് ചേക്കേറി.

പരീക്ഷണങ്ങൾ തുടരും

പ്രെഫഷണൽ ജീവിതത്തിൽ പ്രശസ്തിയുടെ ഉന്നതികൾ താണ്ടിയില്ലേ ഇനിയൊന്നും നേടാനില്ലല്ലോ ജീവിതത്തിൽ എന്ന ചോദ്യത്തിന് റായിയുടെ മറുപടി ഇതായിരുന്നു, അൻപതു വർഷത്തെ ഫോട്ടോഗ്രഫി ജീവിതം കൊണ്ട് എല്ലാമായി എന്നു ഞാൻ കരുതുന്നില്ല. എന്റെ ചിത്രങ്ങൾ എല്ലാവരിൽ നിന്നും മികച്ചതാണ് എന്നു പറയാനും ഞാൻ തയ്യാറല്ല. എന്റെ ജീവിതം പുതിയ മേഖലകളെക്കുറിച്ചുള്ള പരീക്ഷണമാണ്. അത് തുടരും. കാരണം മനുഷ്യജീവിതം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം മാറുന്ന കാലവും അവസരങ്ങളും ഒരു വെല്ലുവിളിപോലെ സ്വയം സ്വീകരിച്ച് പുതിയ മാനങ്ങൾ കണ്ടെത്തണം. മനുഷ്യജീവിതം ഉള്ളിടത്തോളം അവന്റെ ജീവിതത്തോട് ബന്ധപ്പെട്ട കലകൾക്കും സാധ്യതയുണ്ട്.

ജീവചരിത്രം

1942–ൽ അവിഭക്‌ത പഞ്ചാബിലെ ജാംഗിൽ (ഇപ്പോൾ പാക്കിസ്‌ഥാനിൽ) ജനനം. സിവിൽ എൻജിനിയർ പഠനം പൂർത്തിയാക്കിയ റായിയെ സർക്കാർ ജോലിക്കാരനാക്കുകയായിരുന്നു പിതാവിന്റെ ഇഷ്‌ടം. എന്നാൽ തന്റെ മൂത്ത സഹോദരൻ എസ് പോളിനൊപ്പം ഫോട്ടോഗ്രഫിയിൽ പ്രാവീണ്യം നേടുകയായിരുന്നു റായ്. ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് ഫോട്ടോഗ്രാഫറായി വിരമിച്ചെങ്കിലും ജ്യേഷ്ഠൻ പോൾ ഇപ്പോഴും കാമറയോടുള്ള പ്രണയം കൈവിട്ടിട്ടില്ല. റായിയുടെ മകനും പോളിന്റെ മകനും പിതാക്കന്മാരുടെ പാത പിൻതുടരുന്നു. ആധുനിക ഫോട്ടോജേർണലിസത്തിന്റെ പിതാവായ് ഹെൻറി കാർട്ടിയർ ബ്രേസൺ എന്ന വിഖ്യാതനായ ഫോട്ടോഗ്രാഫറാണ് റായിക്ക് മാഗ്നം ഫോട്ടോസ്് എന്ന അന്താരാഷ്ര്‌ട വാർത്താ ചിത്ര ഏജൻസിയിലേക്ക് പ്രവേശനം നൽകിയത്. വെടിയേറ്റു വീണ മഹാത്മാ ഗാന്ധിജിയുടെ ചിത്രങ്ങൾ പകർത്തിയത് ഹെൻറി ബ്രേസനായിരുന്നു. 1965 ലാണ് റായ് ഫോട്ടോഗ്രഫി തൊഴിലായി തെരഞ്ഞെടുത്തത്.

സ്്റ്റേറ്റ്സ്മാൻ, ഇന്ത്യ ടുഡേ, ടൈം മാഗസിൻ, ന്യൂയേർക്ക് ടൈംസ്, സൺഡേ ടൈംസ്, ന്യൂസ് വീക്ക്, ദി ഇൻഡിപ്പെഡന്റ്, ന്യൂയോർക്കർ എന്നീ പ്രസിദ്ധീകരണങ്ങളിൽ റായിയുടെ ഫോട്ടോ ഫീച്ചറുകൾ സ്‌ഥിരമായി പസിദ്ധീകരിക്കപ്പെട്ടു. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് ഏറ്റവുമധികം ഫോട്ടോ ബുക്കുകൾ രഘുവിന്റേതാണ്. 18 ലധികം കോഫിടേബിൾ ബുക്കുകൾ റായി പ്രസിദ്ധീകരിച്ചു ’’രഘുറായിയുടെ ഇന്ത്യ, ദി സിഖ്, കൽക്കട്ട, ഖജുരാഹോ, താജ് മഹൽ, ടിബറ്റ് ഇൻ എക്സൈൽ,’’ മദർ തെരേസയെക്കുറിച്ച് 3 ബുക്കുകൾ. നാലാമത്തെതിന്റെ പണിപ്പുരയിലാണ് രഘു. ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് ഗ്രീൻപീസിനുവേണ്ടി ഫോട്ടോഡോക്കുമെന്ററിയും റായ് തയ്യാറാക്കി. 1972–ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 1992–ൽ അമേരിക്കയുടെ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരത്തിനും അർഹനായി. ചെറുതും വലുതുമായി ഒട്ടേറെ അവാർഡുകൾ രഘുവിനെ തേടിയെത്തി. വാഷിംഗ്ടൺ, ന്യൂയോർക്ക്, പാരീസ്, വെനീസ്, ലണ്ടൻ, പ്രേഗ്, റോം, ഓസ്ട്രേലിയ, ഫിൻലന്റ്, സ്വിറ്റ്സ്വർലണ്ട് എന്നിവിടങ്ങളിൽ ഫോട്ടോപ്രദർശനങ്ങൾ നടത്തി. ഇപ്പോൾ ഡൽഹിയിലെ മെഹ്റോളി, ഹരിയാനയിലെ ഗുഡ്ഗാവ് എന്നിവിടങ്ങളിലായി ഫോട്ടോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്നു, ഒപ്പം അദ്ദേഹത്തിന്റെതന്നെ ഭാഷയിൽ പറഞ്ഞാൽ ഫോട്ടോഗ്രഫിയിലുള്ള തന്റെ പരീക്ഷണങ്ങളും തുടരുന്നു.

മദർ– നീലക്കരയുള്ള തൂവെള്ള സാരി

കൽക്കത്ത നഗരസഭയിലെ തൂപ്പുകാരുടെ വേഷമായിരുന്നു നീലക്കരയുള്ള തൂവെള്ള സാരി. ഇന്ന് അത് സ്നേഹം മാത്രം ലോകത്തിന് നൽകി കടന്നുപോയ മാലാഖയുടെ പ്രതീകമാണ്. തൂവെള്ള സാരിയിലെ നീലക്കരകളിലും, ചുക്കിച്ചുളിഞ്ഞ മുഖത്തും ഒളിച്ചിരിക്കുന്ന കാരുണ്യത്തിന്റെ മഹാസാഗരത്തെ മാനവരാശിയുടെ മനസിൽ വരച്ചിട്ടത് രഘുവിന്റെ ചിത്രങ്ങളായിരുന്നു. റായ് പറയുന്നു, മദർ തെരേസ എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള വ്യക്‌തിയായിരുന്നു. തന്റെ ദൗത്യത്തിലേക്ക് പൂർണമായി സമർപ്പിച്ച അവരെ ഒരു യഥാർഥ അമ്മ എന്നു വിളിക്കാനാണ് എനിക്കിഷ്‌ടം. എല്ലാമനുഷ്യരും എന്റെ മക്കളാണ് എന്ന് അവകാശപ്പെടാൻ അവർക്കല്ലാതെ ആർക്കാണ് കഴിയുക.

അതുകൊണ്ടാണ് അഴുകുന്ന വ്രണങ്ങളുമായി പാതയോരത്ത് കിടന്ന മനുഷ്യരെ അവർ ഹൃദയത്തിലേറ്റെടുത്തത്. മദർ പ്രാർഥനയിലും ത്യാഗത്തിലും ശക്‌തി നേടിയ ലോകത്തെ ഏറ്റവും ശക്‌തിയുള്ള വനിതയായിരുന്നു. ലോക നേതാക്കളെ ആരെയെങ്കിലും മദർ വിളിച്ചാൽ അവർ വിളിപ്പുറത്തെത്തും. അത് നമ്മുടെ പ്രധാനമന്ത്രി വാജ്പേയിയാകട്ടെ, ഇറാക്കിലെ സദ്ദാം ഹുസൈനാകട്ടെ, ബിൽ ക്ലിന്റനാകട്ടെ. അത്രമാത്രം സ്വാധീനമുള്ള വനിത ലോകത്തിൽ ആരുമില്ല.

മദറിനെക്കുറിച്ചുള്ള തന്റെ ആദ്യത്തെ ഫോട്ടോ ബുക്കിനെപ്പറ്റി പറഞ്ഞപ്പോൾ മദർ തെരേസ പറഞ്ഞു. ‘‘നോക്കു, രഘു കാളിഘട്ടിലെ നിർമ്മൽ ഹൃദയിലുള്ള മനുഷ്യർ നിങ്ങൾക്ക് ഒരു സബ്ജക്ട് മാത്രമായിരിക്കും. ലോകത്തിന് അവർ മദറിന്റെ അന്തേവാസികളാകാം, എനിക്ക് ഇവർ യേശുക്രിസ്തു എന്നെ ഏൽപിച്ച ദൈവ മക്കളാണ്. അവരുടെ ജീവിതവും അന്ത്യയാത്രയും അന്തസോടെ തന്നെയാകണം. അത് മറക്കരുത്.’’ ഓരോ തവണയും മാനുവൽ ഫിലിം കാമറയുടെ ഷട്ടർ തുറന്നടയുമ്പോൾ റായ് മദറിന്റെ വാക്കുകളോർത്തു. ഫിലിമിൽ കറുപ്പും വെളുപ്പുമാർന്ന ചിത്രങ്ങൾ പതിയുമ്പോൾ മനസിന്റെ ഫ്രെയിമിൽ മദറിന്റെ വാക്കുകൾ കല്ലിൽ കൊത്തിയ പോലെ എന്നേക്കുമായി പതിഞ്ഞു, ‘എന്നെ ഏൽപ്പിച്ച ദൈവത്തിന്റെ മക്കൾ.’

മദറിനെക്കുറിച്ച് 3 ഫോട്ടോ ബുക്കുകൾ രഘു പുറത്തിറക്കി. മൂന്നാമത്തെ ബുക്കിന്റെ പേര് ‘ദി സെയിന്റ് മദർ’ വിശുദ്ധ അമ്മ എന്നായിരുന്നു. മദറിനെ ഹൃദയത്തോട് ചേർത്ത് അറിയാൻ എനിക്കായി, അതുകൊണ്ടാണ്് ബുക്കിന് ആ പേര് തന്നെ തിരഞ്ഞെടുത്തത്. മദറിനെക്കുറിച്ചുള്ള നാലാമത്തെ ബുക്കിന്റെ പണിപ്പുരയിലാണ് രഘു. വിശുദ്ധയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ചിത്രങ്ങളും ഈ പുസ്്തകത്തിൽ ഉണ്ടാകും.

വാൽക്കഷണം: സ്കൂളിൽ പഠിക്കുമ്പോൾ ഒരു മാസികയുടെ താളിൽ കണ്ട ഭോപ്പാൽ ദുരന്തത്തിലെ പെൺകുട്ടിയുടെ ചിത്രമാണ് ലേഖകനെ ഫോട്ടോജേർണലിസ്റ്റാകാൻ പ്രേരിപ്പിച്ചത്. ഒരിക്കൽ തൊഴിൽ തേടി താനും ഡൽഹിയിലെത്തുമെന്നോ, വായിച്ചുമാത്രം അറിയുന്ന രഘു രായിക്കൊപ്പം നിന്ന് താനും പടമെടുക്കുമെന്നോ, അദ്ദേഹവുമായി അഭിമുഖം നടത്തുമെന്നോ ഒന്നും കരുതിയതല്ല.