ശുചിത്വ നഗരങ്ങൾ: സർക്കാർ വിലയിരുത്തൽ അശാസ്ത്രീയമെന്നു സിഎസ്ഇ
Saturday, May 6, 2017 5:23 AM IST
ന്യൂഡൽഹി: സ്വച്ച് സുർവേക്ഷൻ 2017 കേന്ദ്ര നഗരവികസന മന്ത്രാലയം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ കണ്ടെത്തിയ രീതി അശാസ്ത്രീയമെന്ന് സെന്‍റർ ഫോർ സയൻസ് എൻവയണ്‍മെന്‍റ് (സിഎസ്ഇ). നഗരമാലിന്യം അപ്പാടെ ശേഖരിച്ച് മറ്റൊരു സ്ഥലത്ത് കുഴിച്ചുമൂടുകയോ കത്തിച്ചു കളയുകയോ ചെയ്താൽ അത് ശുചീകരണമാവില്ല. മാലിന്യം ഉറവിടങ്ങളിൽ ശേഖരിച്ച് റീസൈക്കിൾ ചെയ്യാവുന്നത് ചെയ്യാനാവാത്തത്, അഴുകുന്നത് അഴുകാത്തത്, നനവുള്ളത് ഉണങ്ങിയത് എന്നിങ്ങനെ തരംതിരിച്ച് സംസ്കരണം നടത്തം.

പനാജി, ആലപ്പുഴ തുടങ്ങിയ നഗരങ്ങളെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ ലിസ്റ്റിൽ സിഎസ്ഇ ദേശീയ തലത്തിൽ നടത്തിയ സർവെയിൽ ഉൾപ്പെടുത്തിയിരുന്നു. മാലിന്യം തള്ളാൻ പരിമിതമായ സ്ഥലമുള്ള ഈ നഗരങ്ങളിലെ മാലിന്യം ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നു എന്നതാണ് പനാജിയിലും ആലപ്പുഴയിലും കാണാനാവുകയെന്നു സിഎസ്ഇ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

വൃത്തിയുള്ള നഗരങ്ങളായി സർക്കാർ കണ്ടെത്തിയ ഇൻഡോർ, ഭോപ്പാൽ, വിശാഖപട്ടണം എന്നീ നഗരങ്ങളിൽ മാലിന്യം തരം തിരിക്കലോ സംസ്കരണമോ മികച്ച രീതിയിലല്ല. ഈ ലിസ്റ്റിൽ ഇടം പിടിച്ച 31 നഗരങ്ങളും ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ്. ഈ നഗരങ്ങളിലൊന്നും മാലിന്യം വേർതിരിക്കലും സംസ്കരണവും മാതൃകാപരമായ രീതിയിൽ നടക്കുന്നില്ല. നഗരപ്രാന്തങ്ങളിൽ ഇവ മലപോലെ കുമിഞ്ഞുകൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ ഇത് 2016ലെ മുനിസിപ്പൽ ഖരമാലിന്യ സംസ്കരണം സംബന്ധിച്ച നിർദേശങ്ങൾക്കു വിരുദ്ധവുമാണ്. വീടുകളിൽ തന്നെ മാലിന്യം സംഭരിച്ചു തരംതിരിച്ചു സംസ്കരിക്കണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്.

പനാജിയിലും ആലപ്പുഴയിലും മാലിന്യം പാചവവാതകമോ ജൈവവളമോ ആയി സംസ്കരിച്ച് വീടുകളിൽ പ്രയോജനപ്പെടുത്തുകയാണ്. പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹങ്ങൾ, കടലാസ് എന്നിവ റീ സൈക്ലിംഗിനായി നൽകുന്നു. കേന്ദ്ര സർക്കാർ നാലാമത്തെ ശുചിത്വ നഗരമായി കണ്ടെത്തിയ ഗുജറാത്തിലെ സൂററ്റിൽ ഒരു ദിവസം 1,600 മെട്രിക് ടണ്‍ മാലിന്യമാണ് കുമിഞ്ഞുകൂടുന്നതെന്നും സിഎസ്ഇ വിലയിരുത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.