മെൽബണിൽ ഓസീസിനെ വീഴ്ത്തി ലങ്ക
Friday, February 17, 2017 6:11 PM IST
മെൽബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്‍റി-20യിൽ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റിന്‍റെ വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബൗണ്ടറിലിയൂടെയാണ് ലങ്ക വിജയം സ്വന്തമാക്കിയത്. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് അവസാന പന്തിൽ വേണ്ടിയിരുന്നത് ഒരു റണ്‍സ്. ആൻഡ്രൂ ടൈ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ചമര കപുഗേദര ബൗണ്ടറി കടത്തുകയായിരുന്നു.

അർധ സെഞ്ചുറി നേടിയ അസീല ഗുണരത്നെയുടെ ഇന്നിംഗ്സാണ് ലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. 37 പന്തിൽ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ ഗുണരത്നെ 52 റണ്‍സ് നേടി. ദിൽഷൻ മുനവീര 44 റണ്‍സ് നേടി. ഓസീസിന് വേണ്ടി ആദം സാന്പ, ആഷ്ടണ്‍ ട്യൂർണർ എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി. ഗുണരത്നെയാണ് മാൻ ഓഫ് ദ മാച്ച്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റണ്‍സ് നേടി. 43 റണ്‍സ് നേടിയ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചാണ് ടോപ്പ് സ്കോറർ. മൈക്കിൾ ക്ലിംഗർ (38), ട്രാവിസ് ഹെഡ് (31) എന്നിവരും തിളങ്ങി. ലങ്കയ്ക്ക് വേണ്ടി ലസിത് മലിംഗ രണ്ടു വിക്കറ്റ് വീഴ്ത്തി.