പളനിസ്വാമി കൂവത്തൂരിൽ; എംഎൽഎമാരുമായി തിരക്കിട്ട ചർച്ചകൾ
Friday, February 17, 2017 4:24 PM IST
ചെന്നൈ: ശനിയാഴ്ച രാവിലെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയിൽ വിശ്വാസവോട്ട് നേടാനിരിക്കെ അണ്ണാ ഡിഎംകെ എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിൽ തിരക്കിട്ട ചർച്ചകൾ. പളനിസ്വാമിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഒ. പനീർശെൽവം പക്ഷത്തേക്ക് എംഎൽഎമാരുടെ പോക്ക് തടയിടുന്നതിനുള്ള ശ്രമങ്ങളാണ് പളനിസ്വാമിയുടെ നേതൃത്വത്തിൽ റിസോർട്ടിൽ നടക്കുന്നത്.

കഴിഞ്ഞ പത്തുദിവസമായി റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരെ ശനിയാഴ്ച രാവിലെ മാത്രമേ മാറ്റുകയുള്ളുവെന്നാണ് വിവരം. അതേസമയം, റിസോർട്ടിൽ എംഎൽഎമാർക്കും പ്രമുഖ നേതാക്കൾക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാവിലെ എംഎൽഎമാരെ കാണാനെത്തിയ പാർട്ടി പ്രവർത്തകർ റിസോർട്ടിലേക്കു തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായാരുന്നു.

വെള്ളിയാഴ്ച മൈലാപ്പൂർ എംഎൽഎ ആർ. നടരാജൻ പനീർശെൽവം പക്ഷത്തേക്കു മാറിയിരുന്നു. 31 അംഗ മന്ത്രിസഭയാണ് പളനിസ്വാമിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ അധികാരത്തിലെത്തിയത്. പളനിസ്വാമിക്കു 123 എംഎൽഎമാരുടെ പിന്തുണയാണ് ഇപ്പോൾ ഉള്ളത്. കേവല ഭൂരിപക്ഷത്തിനു 117 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.