സിക്സറുകൾ ഇനിയും പായിക്കും; യുവിക്ക് ധോണിയുടെ മറുപടി
Wednesday, January 11, 2017 7:30 PM IST
പൂന: ഹെലികോപ്റ്റർ സിക്സറുകൾ പായിക്കുന്ന മഹേന്ദ്ര സിംഗ് ധോണിയെ ആരാധകർക്ക് ഇനിയും കാണാം. സാഹചര്യങ്ങൾക്ക് ഒത്തുവരുന്ന ഏതു ബോളും സിക്സർ പായിക്കുമെന്ന് ധോണി പറഞ്ഞു. നായക വേഷത്തിൽ ഇറങ്ങിയ അവസാന രാജ്യാന്തര മത്സരത്തിനുശേഷം ഡ്രസിംഗ് റൂമിൽ യുവരാജ് സിംഗിന് നൽകിയ മറുപടിയിലാണ് ധോണി ഇക്കാര്യം പറഞ്ഞത്. ധോണിയുടെ തോളിൽ കൈയിട്ട് യുവരാജാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

സന്നാഹ മത്സരത്തിൽ തോറ്റെങ്കിലും അതിന്റെ നിരാശ ലവലേശമില്ലാതെയാണ് ക്യാപ്റ്റൻ കൂളിന്റെ പ്രതികരണം. ‘മൂന്നു പ്രമുഖ ജയങ്ങൾ, അതിൽ രണ്ടു ലോകകപ്പും’–യുവരാജ് ധോണിയെ പ്രശംസിച്ചു. നായക വേഷം അഴിച്ച സ്‌ഥിതിക്ക് ഇനി ആ പഴയ ധോണിയെ പുറത്തുവിടാമെന്നും യുവരാജ് പറഞ്ഞു. സ്റ്റുവർട്ട് ബ്രോഡിനെതിരെ ആറു സിക്സറുകൾ പായിച്ച യുവരാജിന്റെ പ്രകടനത്തിന് സാക്ഷ്യം വഹിച്ചതിൽ തനിക്കും സന്തോഷമുണ്ടെന്നും ധോണി പറയുന്നുണ്ട്.

യുവരാജ് ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച വീഡിയോ ദൃശ്യങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ എ ടീം തോറ്റെങ്കിലും ധോണിയും യുവിയും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.