റിപ്പറെ പിടികൂടിയ പോലീസ് സംഘത്തിന് പാരിതോഷികം
Monday, September 9, 2013 5:45 AM IST
തൃശൂര്‍: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദനെ പിടികൂടിയ പോലീസ് സംഘത്തിന് പാരിതോഷികം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉച്ചയോടെയാണ് തൃശൂര്‍ ജില്ലയിലെ പുതുക്കാട് നെല്ലായിലെ ബസ് സ്റോപ്പില്‍ നിന്ന് ജയാനന്ദന്‍ പിടിയിലാത്. നാലംഘ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. സിജിത്ത് എന്ന പേലീസുകാരനാണ് റിപ്പറെ കണ്ട് തിരിച്ചറിഞ്ഞത്.

ബസ് സ്റോപ്പിനടുത്ത് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ജയാനന്ദന്‍ പോലീസ് സംഘത്തെ കണ്ടപ്പോള്‍ ബസ് സ്റോപ്പിലുണ്ടായിരുന്ന ജനങ്ങളുടെ ഇടയിലേക്ക് മാറി നില്‍ക്കുകയും പിന്നീട് രക്ഷപെടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ജീപ്പിലെത്തിയ പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ സോമന്‍ എന്നാണ് ഇയാള്‍ പേര് പറഞ്ഞത്. പിന്നീട് ധര്‍മന്‍ എന്നാണ് പേരെന്ന് പറഞ്ഞു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജയാനന്ദന്‍ ആണെന്ന് ഇയാള്‍ സമ്മതിച്ചത്. തുടര്‍ന്ന് പുതുക്കാട് പോലീസ് സ്റേഷനിലേക്ക് ഇയാളെ കൊണ്ടുപോകുകയായിരുന്നു.

ഈ വര്‍ഷം ജൂണ്‍ പത്തിനാണ് ഇയാള്‍ പൂജപ്പുര ജയിലില്‍ നിന്ന് സ്പിരിറ്റ് കേസിലെ പ്രതിയായ ആലപ്പുഴ സ്വദേശി ഊപ്പ പ്രകാശിനൊപ്പം ജയില്‍ ചാടിയത്. പ്രകാശ് രണ്ടുദിവസത്തിനുശേഷം പിടിയിലായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് വാഹനമാഷണ കേസിലെ പ്രതിയ്ക്കൊപ്പം റിപ്പര്‍ ജയാനന്ദന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപെട്ടിരുന്നു. തുടര്‍ന്ന് ഊട്ടിയില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. 2007 ല്‍ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തുരങ്കം നിര്‍മിച്ച് രക്ഷപെടാനുള്ള ജയാനന്ദന്റെ ശ്രമം ജയില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു.