ജുഡീഷ്യല്‍ അന്വേഷണം: ടേംസ് ഓഫ് റഫറന്‍സിന്റെ കാര്യത്തില്‍ തുറന്ന സമീപനമെന്ന് മുഖ്യമന്ത്രി
Monday, September 9, 2013 4:56 AM IST
ന്യൂഡല്‍ഹി: സോളാര്‍ തട്ടിപ്പുകേസിലെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സിന്റെ കാര്യത്തില്‍ തുറന്ന സമീപനമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാം ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. ആ സാഹചര്യം തന്നെയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ് താനും കോണ്‍ഗ്രസും യുഡിഎഫും തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിറ്റിംഗ് ജഡ്ജിയുടെ സേവനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യത്തെ ആവശ്യം ഹൈക്കോടതി തള്ളിയെങ്കിലും തന്റെ നേരിട്ടുള്ള അഭ്യര്‍ഥനയുടെ പശ്ചാത്തലത്തില്‍ തീരുമാനം പുനപ്പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റം ചെയ്തവര്‍ നിയമത്തിന്റെ മുന്നില്‍വരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന് അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതു മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂര്‍ണമായ ഐക്യവും യോജിപ്പും പരസ്പര വിശ്വാസവും നിലനിര്‍ത്തി കൊണ്ടുപോകുന്നുവെന്നതാണ് യുഡിഎഫിന്റെ ശക്തിയെന്നും ആ ശക്തി ചോര്‍ത്താന്‍ ഒരാളും ആഗ്രഹിക്കുന്നതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.