റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍
Monday, September 9, 2013 3:50 AM IST
തൃശൂര്‍: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്നു മാസം മുന്‍പ് തടവു ചാടിയ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പിടിയിലായി. തൃശൂര്‍ പുതുക്കാട് നെല്ലായില്‍ നിന്നാണ് ജയാനന്ദന്‍ പിടിയിലായത്. ഇവിടെ ബസ് കാത്തു നിന്ന ജയാനന്ദനെ സംശയം തോന്നി പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ജയാനന്ദന്‍ ആണെന്ന് സ്ഥിരീകരിച്ചത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജൂണ്‍ പത്തിനാണ് ജയാനന്ദന്‍, സഹതടവുകാരനായ സ്പിരിറ്റ് കേസിലെ പ്രതി ഊപ്പ പ്രകാശിനൊപ്പം തടവ് ചാടിയത്. ആലപ്പുഴ സ്വദേശിയായ പ്രകാശ് രണ്ടാം ദിവസം പിടിയിലായിരുന്നു.

തൃശൂര്‍, എറണാകുളം ജില്ലകളിലായി മോഷണം ലക്ഷ്യമിട്ട് നടത്തിയ നിരവധി കൊലപാതക കേസുകളിലെ പ്രതിയാണ് ജയാനന്ദന്‍. നിലവില്‍ ഇരട്ടക്കൊലപാതകം അടക്കം നാലുകേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇരകളെ തലയ്ക്കടിച്ച് മൃഗീയമായി കൊലപ്പെടുത്തുന്നതിനാലാണ് ഇയാള്‍ക്ക് റിപ്പര്‍ എന്നു വിളിപ്പേര്‍ വീണത്.

രണ്ടുവര്‍ഷം മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയാനന്ദന്‍ തടവ് ചാടിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇയാളെ ഊട്ടിയില്‍ നിന്ന് പിടികൂടിയിരുന്നു. 2007 ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇയാള്‍ തടവ് ചാടാന്‍ ശ്രമം നടത്തിയിരുന്നു. കണ്ണൂരിലെ ജയില്‍ ചാട്ടത്തിനുശേഷമാണ് ജയാനന്ദനെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റിയത്.

പൂജപ്പുരയില്‍ നിന്നു തടവ് ചാടിയ ജയാനന്ദന്‍, തൃശൂര്‍ ജില്ലയില്‍ തന്നെ ഒളിച്ചുകഴിയുന്നുണ്ടെന്ന് പോലീസിന് സൂചന കിട്ടിയിരുന്നു. ഇയാളെ കണ്ടതായി പലരും പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. സാഹചര്യമുണ്ടായിട്ടും അന്യസംസ്ഥാനത്തേക്ക് രക്ഷപെടാന്‍ ഇയാള്‍ ശ്രമിച്ചിട്ടില്ലെന്ന് പോലീസിന് വ്യക്തമായിരുന്നു. ഇതേതുടര്‍ന്നു ജില്ലയില്‍ പോലീസ് തെരച്ചില്‍ ശക്തമാക്കുന്നതിനിടെയാണ് നെല്ലായില്‍ ബസ് സ്റോപ്പില്‍ വച്ച് ഇയാള്‍ കുടുങ്ങിയത്.