ബിഹാര്‍ ഉച്ചഭക്ഷണ ദുരന്തം: സ്കൂള്‍ പ്രിന്‍സിപ്പളിന്റെ ഭര്‍ത്താവ് കീഴടങ്ങി
Monday, September 9, 2013 3:31 AM IST
പാറ്റ്ന: ഉച്ചഭക്ഷണ ദുരന്തത്തില്‍ 23 കുട്ടികള്‍ മരിച്ച ബിഹാറിലെ സരണ്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ മീനാദേവിയുടെ ഭര്‍ത്താവ് അര്‍ജുന്‍ റായ് കീഴടങ്ങി. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അര്‍ജുന്‍ റായ് സരണ്‍ ജില്ലയിലെ സിജെഎം കോടതിയിലാണ് കീഴടങ്ങിയത്.

കോടതി നേരത്തെ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങല്‍ എന്നാണ് വിവരം. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ജൂലൈ 16 നായിരുന്നു സരണ്‍ സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 23 കുട്ടികള്‍ ഭക്ഷണത്തിലെ വിഷബാധയെ തുടര്‍ന്ന് മരിച്ചത്. സംഭവത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് മീനാ ദേവിയെ പോലീസ് അറസ്റ് ചെയ്തത്.