ഐപിഎല്‍ ഒത്തുകളി: അന്വേഷണം അപൂര്‍ണമെന്ന് കോടതി; മൂന്നു പേര്‍ക്ക് ജാമ്യം
Monday, September 9, 2013 2:55 AM IST
ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ നടത്തിയ അന്വേഷണം അപൂര്‍ണമാണെന്ന് കോടതി. വിട്ടുപോയ കാര്യങ്ങളെക്കുറിച്ച് ഒരു മാസത്തിനകം തുടരന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ ഡല്‍ഹി, മുംബൈ പോലീസ് ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതിനിടെ ഒത്തുകളിയിലെ മുഖ്യകണ്ണിയെന്ന് പോലീസ് വിശേഷിപ്പിച്ച രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദില ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. തന്റെ കക്ഷി ഒരു മികച്ച ക്രിക്കറ്ററാണെന്നായിരുന്നു ചാന്ദ്ലയുടെ അഭിഭാഷകന്‍ കോടതിക്കു മുന്‍പാകെ ഉന്നയിച്ച വാദം.

ഇത്തരമൊരു കുറ്റകൃത്യത്തില്‍ പങ്കെടുക്കാന്‍ ചാന്ദ്ല ബോധപൂര്‍വം തീരുമാനിച്ചെന്നതിനെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും പോലീസിന് ഇതുവരെ ഹാജരാക്കാനായില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു. കേസ് അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.