ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി 14 പേര്‍ക്ക് പരിക്ക്
Monday, September 9, 2013 2:46 AM IST
ബാങ്കോക്ക്: ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി 14 പേര്‍ക്ക് പരിക്കേറ്റു. ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. 228 യാത്രക്കാരുമായി വന്ന തായ് എയര്‍വേയ്സിന്റെ എയര്‍ബസ് 330-300 ആണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലുണ്ടായ സാങ്കേതിക തകരാര്‍ ആണ് അപകടത്തിന് കാരണമായത്.

അപകടത്തിന് ശേഷവും പൈലറ്റിന് വിമാനം നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞതായും യാത്രക്കാരെ എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തെത്തിച്ചതായും തായ് എയര്‍വേയ്സ് അറിയിച്ചു. ഇതിനിടയിലാണ് പലര്‍ക്കും പരിക്കേറ്റത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കമ്പനി അറിയിച്ചു.