അമേരിക്കയുടെ സഹായത്തോടെ ദാവൂദ് ഇബ്രാഹിമിനെ പിടിക്കാന്‍ ശ്രമമാരംഭിച്ചതായി ഷിന്‍ഡെ
Monday, September 9, 2013 1:48 AM IST
ന്യൂഡല്‍ഹി: അധോലോകനായകനും ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ അമേരിക്കയുടെ സഹായത്തോടെ ശ്രമങ്ങളാരംഭിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ദാവൂദ് ഇബ്രാഹീം പാക്കിസ്ഥാനിലുണ്ടായിരുന്നെന്നും ഇക്കാര്യം പാക്കിസ്ഥാനെയും അമേരിക്കയെയും അറിയിച്ചിരുന്നതായും ഷിന്‍ഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രിയോടും ദാവൂദിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും എന്നാല്‍ എത്രനാള്‍ ഇതിനായി കാത്തിരിക്കേണ്ടി വരമെന്ന് അറിയില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. 1993 ലെ മുംബൈ സ്ഫോടന പരമ്പരക്കേസില്‍ ഉള്‍പ്പെടെ ദാവൂദ് പ്രധാന പ്രതിയാണ്. ഇന്ത്യയിലെ തീവ്രവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസായും ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.