നാണക്കേടായി ശ്രീ
Thursday, May 16, 2013 4:10 PM IST
കുടുക്കിയത് ജിജുവെന്ന് ശ്രീശാന്ത്; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. താന്‍ നിരപരാധിയാണെന്ന് ശ്രീശാന്ത് ആവര്‍ത്തിച്ചതായാണ് വിവരം. തന്നെ കുടുക്കിയത് സുഹൃത്ത്് ജിജു ജനാര്‍ദനനാണെന്നും ശ്രീശാന്ത് മൊഴി നല്‍കിയതായാണ് സൂചന.

അതിനിടെ ഇന്നലെ പല ചോദ്യങ്ങളോടും പ്രതികരിക്കാതിരുന്ന ശ്രീശാന്ത് ഇന്ന് അന്വേഷണവുമായി സഹകരിക്കുന്നുണ്െടന്നാണ് പോലീസ് നല്‍കുന്ന വിവരം. ഒരവസരത്തില്‍ ശ്രീശാന്ത് പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താന്‍ ഒത്തുകളിയുമായി ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യങ്ങളൊന്നും ജിജുവിനോട് സംസാരിച്ചിട്ടില്ല. കളിക്കിടയില്‍ അരയില്‍ ടവ്വല്‍ തിരുകുന്ന സ്വഭാവം തനിക്കുണ്ട്. വാതുവയ്പ്പുകാര്‍ ഇതു മുതലെടുത്തതാകാമെന്നും അദ്ദേഹം ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

അതിനിടെ ജിജുവും വാതുവയ്പ്പുകാരനായ ചാന്ദും തമ്മില്‍ നടത്തിയ സംഭാഷണവും പുറത്തുവന്നു. ശ്രീശാന്തിനോട് എല്ലാം സംസാരിച്ചിട്ടുണ്െടന്നും അസാധാരണമായി ഒന്നും അദ്ദേഹം ചെയ്യില്ലെന്നും ജിജു ഫോണിലൂടെ ചാന്ദിനോട് പറയുന്നു. തുടര്‍ന്ന് ഓവറിനു മുന്‍പ് വാതുവയ്പ്പിനായി അല്‍പം സമയം നല്‍കണമെന്ന് ചാന്ദ് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പറയാമെന്നും ജിജു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ശ്രീശാന്തും വാതുവയ്പ്പുകാരും നേരിട്ട് സംസാരിക്കുന്നതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കല്‍ ഇല്ലെന്നും സൂചനയുണ്ട്. ജിജുവിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീശാന്ത് പാന്റിന്റെ പോക്കറ്റില്‍ ടവ്വല്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു.

പഞ്ചാബിനെതിരേയുള്ള മത്സരത്തില്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സ് വഴങ്ങാമെന്നായിരുന്നു ശ്രീശാന്ത് വാതുവയ്പ്പുകാര്‍ക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ 13 റണ്‍സ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്. 40 ലക്ഷം രൂപയാണ് ഒത്തുകളിക്ക് പ്രതിഫലമായി ശ്രീശാന്ത് വാങ്ങിയതെന്നും പോലീസ് ആരോപിക്കുന്നു.

അറസ്റിലാകുമ്പോള്‍ ശ്രീശാന്തിനൊപ്പം സ്ത്രീകളും? അഭ്യൂഹമെന്ന് അഭിഭാഷകന്‍

കൊച്ചി: ഐപിഎല്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ വ്യാഴാഴ്ച മുംബൈയില്‍ നിന്ന് അറസ്റ് ചെയ്തപ്പോള്‍ കൂടെ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ഡെല്‍ഹി പോലീസിലെ സ്പെഷല്‍ സെല്‍ ഓഫീസര്‍മാരാണ് ഒരു ദേശീയ മാധ്യമത്തോട് വിവാദവെളിപ്പെടുത്തല്‍ നടത്തിയത്. പണം മാത്രമല്ല ബുക്കികള്‍ കളിക്കാര്‍ക്ക് നല്‍കിയിരുന്നതെന്നും സ്ത്രീകളേയും കൂട്ടിന് നല്‍കിയിരുന്നു-പ്രത്യേകിച്ച് ശ്രീശാന്തിന്-എന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ബുക്കികളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ശ്രീശാന്തിനും അജിത് ചന്ദിലയ്ക്കും സ്ത്രീകളെ നല്‍കിയിരുന്നുവെന്ന്് തെളിവുണ്െടന്നും പോലീസ് പറഞ്ഞു.

ഈ രണ്ടു കളിക്കാര്‍ക്കും മൂന്നു തവണയെങ്കിലും സ്ത്രീകളെ ഏര്‍പ്പാട് ചെയ്തു കൊടുത്തിരുന്നുവെന്ന് ബുക്കികളായ മനാന്‍, ചാന്ദ് എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

സ്ത്രീകളെ കൊണ്ടു വരുന്ന സമയവും മറ്റും സംഭാഷണങ്ങളില്‍ പറയുന്നുണ്ട്. കോഴ വാങ്ങലില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് പോലീസ് ആരോപിക്കുന്ന ശ്രീശാന്തിന്റെ സുഹൃത്ത് ജിജുവിനും സ്ത്രീകളുടെ കൂട്ടുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. മുംബൈയില്‍ നിന്ന് ശ്രീശാന്തിനേയും ജിജുവിനേയും പിടികൂടുമ്പോള്‍ ഇവരോടൊപ്പം രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. അതേസമയം കോഴ വിവാദവുമായി ഇവര്‍ക്ക് ബന്ധമില്ലാതിരുന്നതിനാല്‍ രണ്ടു പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചില്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ വ്യക്തമാക്കി. വ്യാഴാഴ്ച നീരജ് കുമാര്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്ത്രീകളുടെ കാര്യം പരാമര്‍ശിച്ചിരുന്നില്ല.


അതേസമയം ശ്രീശാന്തിന്റെ കരിയര്‍ തകര്‍ക്കാനുള്ള മനഃപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം കഥകള്‍ പോലീസ് പടച്ചു വിടുന്നതെന്ന് ശ്രീശാന്തിന്റെ അഭിഭാഷകന്‍ അഡ്വ. ദീപക് പ്രകാശ് ആരോപിച്ചു. വ്യാഴാഴ്ച പോലീസ് ഇക്കാര്യം വ്യക്തമാക്കുകയോ കോടതിയില്‍ ഇതിനെപ്പറ്റി റിപ്പോര്‍ട്ടു നല്‍കുകയോ ചെയ്തിട്ടില്ലെന്നും അഭിഭാഷകര്‍ ആരോപിച്ചു. ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ തന്നെ പോലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടില്ല.

കേസ് കോടതിയിലെത്തുന്നതിനു മുമ്പു തന്നെ പോലീസ് കമ്മീഷണര്‍ തെളിവുകള്‍ എന്ന് അവകാശപ്പെടുന്ന വീഡിയോയുമായി മാധ്യമങ്ങളെ കാണിക്കുന്നു. വ്യാഴാഴ്ച മാധ്യമങ്ങളോടും കോടതിയോടും പറയാതിരുന്ന കാര്യങ്ങള്‍ വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. ശ്രീശാന്തിന്റെ കരിയര്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ ഇതിനെ കാണാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ശ്രീശാന്തിന്റെ മാതാപിതാക്കള്‍ വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിവെത്തിയിട്ടുണ്ട്. വൈകുന്നേരം അഞ്ചു മണിയോടെ ഇവര്‍ ജയിലില്‍ ശ്രീശാന്തിനെ സന്ദര്‍ശിക്കുമെന്നറിയുന്നു.

ഒത്തുകളി: അങ്കിത് ചവാന്‍ കുറ്റം സമ്മതിച്ചു

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാന്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. തനിക്കു തെറ്റുപറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥരോട് ചവാന്‍ സമ്മതിച്ചതായാണ് വിവരം. ബുധനാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സിലധികം നല്‍കാമെന്നാണ് ചവാന്‍ വാതുവയ്പ്പുകാര്‍ക്ക് ഉറപ്പു നല്‍കിയത്. ഓവറില്‍ ആദ്യ മൂന്നു പന്തില്‍ 14 റണ്‍സ് വഴങ്ങിയ ചവാന്‍ പിന്നീടുള്ള മൂന്നു പന്തുകളില്‍ ഒരു റണ്‍സ് മാത്രമാണ് വഴങ്ങിയത്.

അതിനിടെ ശ്രീശാന്തിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്നലെ പല ചോദ്യങ്ങളോടും പ്രതികരിക്കാതിരുന്ന ശ്രീശാന്ത് ഇന്ന് അന്വേഷണവുമായി സഹകരിക്കുന്നുണ്െടന്നാണ് പോലീസ് നല്‍കുന്ന വിവരം. ഒരവസരത്തില്‍ ശ്രീശാന്ത് പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഞ്ചാബിനെതിരേയുള്ള മത്സരത്തില്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സ് വഴങ്ങാമെന്നായിരുന്നു ശ്രീശാന്ത് വാതുവയ്പ്പുകാര്‍ക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ 13 റണ്‍സ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്. 40 ലക്ഷം രൂപയാണ് ഒത്തുകളിക്ക് പ്രതിഫലമായി ശ്രീശാന്ത് വാങ്ങിയതെന്നും പോലീസ് ആരോപിക്കുന്നു.

ശ്രീശാന്തിനെ മലയാളികള്‍ പിന്തുണയ്ക്കണം: സഹോദരന്‍


ന്യൂഡല്‍ഹി: കളിക്കുന്ന ടീമിനെ ശ്രീശാന്ത് ഒറ്റിക്കൊടുക്കുമെന്നു കരുതുന്നില്ലെന്നു സഹോദരന്‍ ദിപുശാന്ത്. പണത്തിനു വേണ്ടി ഒത്തുകളിക്കേണ്ട ആവശ്യം ശ്രീശാന്തിനില്ലെന്നും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് ദിപുശാന്ത് ഡല്‍ഹിയിലെത്തിയത്. അഭിഭാഷകനൊപ്പം തനിക്കും വൈകിട്ടു സഹോദരനെ കാണാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ഒരു സംഭവം കുടുംബം നേരിടുന്നത് ആദ്യമായാണ്. അതിനാല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി രാജ്യത്തിനു വേണ്ടി കളിക്കുന്ന താരമാണ് ശ്രീശാന്ത്. പണത്തിനു വേണ്ടി ഒത്തുകളിക്കേണ്ട ആവശ്യം ശ്രീശാന്തിനില്ലെന്നും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മലയാളികളുടെ പ്രാര്‍ഥനയും പിന്തുണയും ശ്രീശാന്തിനുണ്ടാകണമെന്നും ദിപുശാന്ത് അഭ്യര്‍ഥിച്ചു.

ശ്രീശാന്തിനു വേണ്ടി നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ശ്രീശാന്തിനുവേണ്ടി നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദീപക്ക് പ്രകാശ് പറഞ്ഞു. ശ്രീശാന്തിനെതിരേ വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചില വാതുവയ്പ്പുകാര്‍ തമ്മിലുള്ള സംസാരത്തില്‍ ശ്രീശാന്തിന്റെ പേര് പരാമര്‍ശിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ പേരില്‍ അറസറ്റ് ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് മാധ്യമങ്ങള്‍ക്ക മുന്നില്‍ പ്രദര്‍ശിപ്പിച്ച തെളിവുകള്‍ ബാലിശമാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

ചാന്ദില മുന്‍സീസണിലും ഒത്തുകളിച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഐപിഎല്ലിലും രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദില ഒത്തുകളി നടത്തിയിരുന്നതായി സൂചന. ഒത്തുകളി നടത്തും മുന്‍പ് സിഗ്നല്‍ നല്‍കാന്‍ മറന്നു പോയതിനെ തുടര്‍ന്ന് പണവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെ പറഞ്ഞ ചില വാചകങ്ങളാണ് ഈ സംശയം ഉയര്‍ത്തുന്നത്. അജിത് ചാന്ദിലയ്ക്ക് അഡ്വാന്‍സായി നല്‍കിയ പണം മടക്കി നല്‍കണമെന്ന് വാതുവയ്പ്പുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞ വാചകമാണ് ഇതുസംബന്ധിച്ച സൂചന നല്‍കുന്നത്.

'കഴിഞ്ഞ പ്രാവശ്യം നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായോ' എന്ന ചാന്ദിലയുടെ ചോദ്യം മുന്‍ വര്‍ഷങ്ങളിലെ ഒത്തുകളിയെക്കുറിച്ചാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കൂടുതല്‍ കളിക്കാരെ ഒത്തുകളിക്കായി സംഘടിപ്പിച്ചു കൊടുക്കാമെന്നും ചാന്ദില ഒത്തുകളിക്കാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ ഒത്തുകളി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ബിസിസിഐ അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്നു കണ്ടാല്‍ കളിക്കാര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ബിസിസിഐ അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യം അരുണ്‍ ജെയ്റ്റ്ലി തലവനായുള്ള ഐപിഎല്‍ അച്ചടക്ക സമിതിക്ക് കൈമാറും. തുടര്‍ നടപടി അച്ചടക്ക സമിതി തീരുമാനിക്കും.

അതിനിടെ ഐപിഎല്ലില്‍ ഈ സീസണിലെ മറ്റ് 15 കളികളിലും ഒത്തുകളി നടന്നുവെന്നു സംശയിക്കുന്നതായും പോലീസ് വൃത്തങ്ങള്‍ പറയുന്നു. രാജസ്ഥാന്‍ റോയല്‍സിന് പുറമേ മറ്റ് ചില ടീമുകളിലെ കളിക്കാരും ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

ഇപ്പോള്‍ അറസ്റ്റ് ചെയ്ത താരങ്ങളെ കൂടാതെ മറ്റ് ചില കളിക്കാരും വാതുവയ്പുകാരും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്െടന്നും സൂചനയുണ്ട്. അറസ്റിലായിട്ടുള്ള ഇടനിലക്കാരെ ചോദ്യംചെയ്യുന്നതിലൂടെ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സുചനയും പോലീസ് നല്‍കുന്നു.

പണത്തിനു പുറമേ മദ്യവും യുവതികളെയും നല്‍കിയാണ് കളിക്കാരെ ഒത്തുകളിക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ദിവസവും പെണ്ണുങ്ങളെ നല്‍കിയാണ് അറസ്റ്റിലായ ഒരു താരത്തെ വലയിലാക്കിയതെന്ന് അറസ്റ്റിലായ ഇടനിലക്കാരിലൊരാള്‍ പറഞ്ഞു. അറസ്റ്റിലാകുമ്പോള്‍ താരങ്ങളിലൊരാള്‍ക്കൊപ്പം യുവതിയുമുണ്ടായിരുന്നതായും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

വ്യാഴാഴ്ച ഇടഞ്ഞു നിന്നിരുന്ന ശ്രീശാന്ത് ഇപ്പോള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്െടന്നും പോലീസ് വെളിപ്പെടുത്തി. ആദ്യ ദിവസം നിഷേധാത്മകമായ നിലപാടാണ് ശ്രീശാന്ത് സ്വീകരിച്ചിരുന്നത്. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടതോടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ നല്‍കാന്‍ അദ്ദേഹം തയാറായതായി പോലീസ് അറിയിച്ചു.

വാതുവയ്പ്പ്: ഇടനിലക്കാരില്‍ മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരവും

ന്യൂഡല്‍ഹി: ഐപിഎല്‍ കോഴ വിവാദത്തില്‍ വ്യാഴാഴ്ച ശ്രീശാന്തിനോടൊപ്പം അറസ്റ് ചെയ്യപ്പെട്ട ബുക്കികളില്‍ ഒരാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍താരം അമിത് സിംഗ്. അമിത് കുമാര്‍ എന്നാണ് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇയാള്‍ പേരു പറഞ്ഞിരുന്നത്. കളിക്കാരനാണെന്നും അറിഞ്ഞിരുന്നില്ല.

പോലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ അമിത് കുമാര്‍ അഹമ്മദാബാദ്, ഗുജറാത്ത് എന്നു മാത്രമായിരുന്നു വിലാസം. പോലീസോ ബിസിസിഐയോ രാജസ്ഥാന്‍ റോയല്‍സ് ഉടമകളോ ഇയാളെ തിരിച്ചറിഞ്ഞില്ലെന്നാണ് കരുതുന്നത്. ഗുജറാത്ത് ആഭ്യന്തര ക്രിക്കറ്റ് താരമായ അമിത് സിംഗ് 2009 ലാണ് ഷെയ്ണ്‍ വോണ്‍ നയിച്ചിരുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ സ്ഥാനം പിടിച്ചത്. മികച്ച മീഡിയം പേസറായ ഇയാള്‍ കന്നി മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് ഇലവനെതിരേ നല്ല പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. ഒമ്പത് റണ്‍സ് വഴി മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയത്. 2009-12 വരെ രാജസ്ഥാനു വേണ്ടി 23 മത്സരങ്ങള്‍ ഇയാള്‍ കളിച്ചിട്ടുണ്ട്. 2012-13 സീസണില്‍ ഗുജറാത്ത് രഞ്ജി ടീം അംഗവുമായിരുന്നു.

ബൌളിംഗ് ആക്ഷന്‍ സംബന്ധിച്ച് സംയമുയര്‍ന്നതിനെ തുടര്‍ന്ന് പലപ്പോഴും മത്സരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയുരുന്നു. 31 കാരനായ ബൌളറുടെ കരിയര്‍ ഏകദേശം അസ്തമിച്ചതായിരിക്കും കോഴക്കൂട്ടിലേക്ക് കൂടുമാറാന്‍ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. മറ്റൊരു ഇടനിലക്കാരനായ ചന്ദ്രേഷിന്റെ സഹായിയാണ് ഇയാള്‍ രംഗത്തെത്തുന്നത്.

അറസ്റു ചെയ്യപ്പെട്ട രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു താരം അജിത് ചന്ദിലയുമായുള്ള ഇടപാട് ഫോണിലൂടെ ഉറപ്പിച്ചത് അമിത് സിംഗാണെന്നാണ് കരുതുന്നത്. ഇതിന്റെ ഫോണ്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അട്ടിമറി നടത്താന്‍ നിശ്ചയിച്ചിരുന്ന ഓവറിനു മുമ്പ് സിഗ്നല്‍ നല്‍കാന്‍ ചന്ദിലയോട് ആവശ്യപ്പെട്ടത് അമിത് സിംഗാണ്.

കാരുണ്യ ലോട്ടറിയില്‍നിന്ന് ശ്രീശാന്തിനെ ഒഴിവാക്കും

തിരുവനന്തപുരം: ഐപിഎല്‍ മത്സരത്തില്‍ ഒത്തുകളിച്ചതിന് അറസ്റ്റിലായ ശ്രീശാന്തിനെ കാരൂണ്യ ലോട്ടറിയുടെ പരസ്യത്തില്‍നിന്ന് ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട് ശ്രീശാന്തുമായി ഒപ്പിട്ട കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ധനമന്ത്രി കെ.എം. മാണിയാണ് തീരുമാനം അറിയിച്ചത്.