കൊച്ചി മെട്രോ: ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ വിലയിരുത്തല്‍ നടത്തി
Thursday, May 16, 2013 3:48 PM IST
കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണ ഉദ്ഘാടനം അടുത്തമാസം ഏഴിനു നടക്കാനിരിക്കെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എവിടെ നിന്ന് ആരംഭിക്കണമെന്നു തീരുമാനിക്കാനായി നിര്‍മാണ ചുമതല വഹിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കുസാറ്റ് മുതല്‍ കലൂര്‍ സ്റേഡിയം വരെയുള്ള ആറു സ്റേഷനുകളുടെയും അവയെ ബന്ധിപ്പിക്കുന്ന വയഡക്ടുകളുടെയും നിര്‍മാണ കരാര്‍ എല്‍ആന്‍ഡ്ടിക്കു നല്‍കിയ പശ്ചാത്തലത്തില്‍ ഈ ഭാഗത്താവും ആദ്യം പണി തുടങ്ങുക.

അഞ്ചോളം സ്ഥലങ്ങള്‍ ഇതിനായി കണ്െടത്തിയതായി ഡിഎംആര്‍സി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം എടുക്കും. വാഹനഗതാഗതം തിരിച്ചുവിടുന്ന കാര്യത്തില്‍ ഉന്നതതല യോഗങ്ങളില്‍ ചര്‍ച്ച ചെയ്തശേഷമേ അന്തിമ തീരുമാനം എടുക്കാനാകൂ. എന്നാല്‍ ഉദ്ഘാടന ചടങ്ങ് എവിടെ നടത്തണമെന്നു തീരുമാനിക്കുക കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തീരുമാനിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

പാലാരിവട്ടം മുതല്‍ ചങ്ങമ്പുഴ പാര്‍ക്ക് വരെയുള്ള സ്ഥലങ്ങളിലാണ് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കൊച്ചി മെട്രോയുടെ മൂന്നാം സിവില്‍ ടെന്‍ഡറാണ് എല്‍ആന്‍ഡ്ടിക്കു നല്‍കിയിട്ടുള്ളത്. ഇവിടെ നിര്‍മാണം നടത്തുന്നതിനുള്ള അനുമതിപത്രവും നല്‍കിയിട്ടുണ്ട്. ഇതിനുള്ള സാധനസാമഗ്രികള്‍ എത്തിക്കുന്നതിനുള്ള നടപടികളും അവര്‍ ആരംഭിച്ചുകഴിഞ്ഞു.

ബിഎസ്എന്‍എല്‍ കേബിളുകള്‍ നീക്കുന്ന കാര്യം പരിശോധിക്കാനായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കുചേര്‍ന്നു. രാവിലെ നടത്തിയ പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥതല യോഗത്തിലും ഇ. ശ്രീധരന്‍ സംബന്ധിച്ചു.