ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ പ്ളസ്ടു വിജയിക്ക് അനുമോദനം
Thursday, May 16, 2013 3:31 PM IST
കരുളായി: ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ പ്ളസ് ടു വിജയിക്ക് വന സംരക്ഷണ സമിതിയുടെ അനുമോദനം. മാഞ്ചീരി ആദിവാസി വന സംരക്ഷണ സമിതിയും വനംവകുപ്പും ചേര്‍ന്നാണ് മാഞ്ചീരി പാണപ്പുഴ വിനോദിനെ അനുമോദിച്ചത്.

വിനോദിന്റെ ഉന്നത പഠനത്തിനാവശ്യമായ മുഴുവന്‍ ചെലവും സൌജന്യമായി വഹിക്കുമെന്ന് അനുമോദന യോഗത്തില്‍ പാലേമാട് വിവേകാനന്ദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യദര്‍ശി കെ.ആര്‍. ഭാസ്ക്കരപിള്ള അറിയിച്ചു. നെടുങ്കയത്ത് നടന്ന അനുമോദന യോഗം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഫീസ റഷീദ് ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതിയുടെ ഉപഹാരം നിലമ്പൂര്‍ സൌത്ത് ഡിഎഫ്ഒ സി.വി. രാജന്‍ കൈമാറി.