വാഹനാപകടത്തില്‍ മരിച്ച അധ്യാപകന്റെ കുടുംബത്തിന് 90 ലക്ഷം രൂപ നഷ്ടപരിഹാരം
Thursday, May 16, 2013 2:37 PM IST
കോട്ടയം: വാഹനാപകടത്തില്‍ മരിച്ച കോളജ് അധ്യാപകന്റെ ആശ്രിതര്‍ക്ക് 90 ലക്ഷം രൂപ നഷ്ടപരിഹാരം ്നല്‍കാന്‍ കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പമ്പ ദേവസ്വം ബോര്‍ഡ് കോളജ് അധ്യാപകന്‍ ചങ്ങനാശേരി ഈസ്റ് പെരുന്ന ശാന്തികളത്തില്‍ പ്രഫ. വേണുഗോപാലന്‍ നായരുടെ ആശ്രിതര്‍ക്കാണു കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി അമീര്‍ അലി നഷ്ടപരിഹാരം അനുവദിച്ചത്.

വാഹനാപകടകേസില്‍ ഇത്രയും ഉയര്‍ന്ന നഷ്ടപരിഹാര തുക വിധിക്കുന്നത് അപൂര്‍വമാണ്. 2011 ജൂണ്‍ 20ന് എംസി റോഡില്‍ കൊട്ടാരക്കരയ്ക്കുസമീപം കാരിക്കത്തുവച്ചു വേണുഗോപാലന്‍ നായരും കുടുംബവും സഞ്ചരിച്ച മാരുതി കാറില്‍ ജീപ്പിടിച്ചായിരുന്നു അപകടം. വേണുഗോപാലന്‍ നായര്‍ മരിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു പരിക്കേല്കുകയും ചെയ്തു. അപകടസമയത്ത് വേണുഗോപാലന്‍ നായര്‍ക്ക് 52 വയസായിരുന്നു. സീനിയോറിറ്റി മറികടന്നു മറ്റുചിലരെ ദേവസ്വം ബോര്‍ഡ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിച്ചതിനെതിരെ വേണുഗോപാലന്‍ നായര്‍ അടക്കമുള്ളവര്‍ കേസ് നല്‍കിയിരുന്നു. ഈ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു.

മരണശേഷം ഈ കേസ് അദ്ദേഹത്തിന് അനുകൂലമായി വിധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ബാക്കിയുള്ള ജീവിതകാലയളവില്‍ അദ്ദേഹത്തിന് ലഭിക്കാമായിരുന്ന സാമ്പത്തികനേട്ടം കൂടി കണക്കിലെടുത്താണ് ഇത്രയും തുക നഷ്ടപരിഹാരം അനുവദിച്ചത്. നഷ്ടപരിഹാരമായി 74,50,971 രൂപയും പലിശയും കോടതിചെലവും ഉള്‍പ്പെടെ 90 ലക്ഷം രൂപ ഒരു മാസത്തിനകം കെട്ടിവയ്ക്കാന്‍ ചോളമണ്ഡലം ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയോട് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. സക്കീര്‍ ഹുസൈന്‍ ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരായി.