ടി.പി വധംകൊണ്ട് സിപിഎം എന്തുനേടി: ചെന്നിത്തല
Thursday, May 16, 2013 2:20 PM IST
നേമം: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയതിലൂടെ സിപിഎം എന്താണ് നേടിയതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരള യാത്രയ്ക്ക് നേമം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാപ്പനംകോട് ജംഗ്ഷനില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ കൊലപാതക രാഷ്ട്രീവുമായി സിപിഎം മുന്നോട്ടു പോകുന്നത് നിര്‍ത്തണം. ടിപി വധത്തിലെ മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരികതന്നെ ചെയ്യും. യുഡിഎഫില്‍ നിന്നും ആരും വിട്ടുപോകുമെന്ന് പ്രതീക്ഷിക്കേണ്െടന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രയെ കൈമനം ജംഗ്ഷനില്‍ നിന്നും മുത്തുക്കുട, ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റ് മേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാപ്പനംകോട് ജംഗ്ഷനിലേക്ക് സ്വീകരിച്ച് ആനയിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ മുടവന്‍ മുഗള്‍ രവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ശശിതരൂര്‍, മന്ത്രി വി.എസ്. ശിവകുമാര്‍, ഡിസിസി പ്രസിഡന്റ് അഡ്വ. കെ.മോഹന്‍കുമാര്‍, കരകുളം കൃഷ്ണപിള്ള, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ.മഹേശ്വരന്‍ നായര്‍, അഡ്വ. ജിഗോപിദാസ്, കൈമനം പ്രഭാകരന്‍, കമ്പറ നാരായണന്‍, പാപ്പനംകോട് ശ്രീനി, സി.ആര്‍. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.