ബസ് യാത്രയ്ക്കിടെ പോസ്റിലിടിച്ച് അറ്റുപോയ കൈപ്പത്തി തുന്നിച്ചേര്‍ത്തു
Thursday, May 16, 2013 1:11 PM IST
കോലഞ്ചേരി: സ്വകാര്യ ബസില്‍ യാത്രചെയ്യുമ്പോള്‍ വൈദ്യുതി പോസ്റിലിടിച്ച് അറ്റുപോയ യാത്രക്കാരന്റെ കൈപ്പത്തി പതിനഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. മണ്ണത്തൂര്‍ മീങ്കുഴയ്ക്കല്‍ ചാക്കോ(61)യുടെ കൈയാണ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുന്നിച്ചേര്‍ത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സ്വകാര്യ ബസ് യാത്രക്കാരനായ ചാക്കോയുടെ കൈപ്പത്തി മൂവാറ്റുപുഴ മുടവൂരില്‍വച്ച് വൈദ്യുതി പോസ്റിലിടിച്ച് അറ്റുപോയത്. മുറിഞ്ഞുവീണ കൈപ്പത്തി പ്ളാസ്റിക് ബാഗില്‍ പൊതിഞ്ഞ് ഐസിലിട്ട് ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോ. പോള്‍ ജോര്‍ജ് ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. മസിലുകളും ഞരമ്പുകളും പറിഞ്ഞുപോയത് യോജിപ്പിക്കാനും പൊട്ടിയ എല്ലുകള്‍ കൂട്ടിച്ചേര്‍ക്കാനും മണിക്കൂറുകള്‍ വേണ്ടിവന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് അറ്റുപോയ കൈ തുന്നിച്ചേര്‍ക്കുന്നത്.

ഡോക്ടര്‍മാരായ തോമസ് ജോര്‍ജ്, സാറാമ്മ, ഷാലു ഐപ്പ്, ജോറി പൌലോസ് എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു.