അവിവേകിയായ ശ്രീശാന്ത് സ്വന്തം കഴിവ് പാഴാക്കുകയാണെന്ന് സൌരവ് ഗാംഗുലി
Thursday, May 16, 2013 12:01 PM IST
കോല്‍ക്കത്ത: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ അറസ്റിലായ ശ്രീശാന്തിനെതിരേ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി. ഒര സ്വകാര്യ ചാനല്‍ പരിപാടിയിലാണ് ഗാംഗുലി ശ്രീശാന്തിനെ നിശിതമായി വിമര്‍ശിച്ചത്.

ശ്രീശാന്ത് സ്വന്തം കഴിവ് പാഴാക്കുകയാണ്. ഈ കഴിവ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ശ്രീശാന്ത് ഉപയോഗിച്ചിരുന്നെങ്കില്‍ ശ്രീയുടെ സ്ഥിതി മറിച്ചൊന്നാകുമായിരുന്നു. സാമാന്യബുദ്ധിയുടെ അഭാവമാണിതെന്നും ഗാംഗുലി തുറന്നടിച്ചു. ഇന്ത്യന്‍ ടീമിലെത്തിയ ശേഷം പകുതി സമയവും ശ്രീശാന്ത് പരിക്കു മൂലം കളിക്കളത്തിന് പുറത്തായിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ഒരു വര്‍ഷത്തോളം ശ്രീശാന്ത് നൃത്തപരിപാടിയുമായി ദുബായിലായിരുന്നു. കേരളത്തിലും സമയം ചെലവഴിച്ച ശ്രീശാന്ത് എല്ലാവരെയും മഠയന്‍മാരാക്കുകയായിരുന്നുവെന്നും ഗാംഗുലി തുറന്നടിച്ചു. തന്നെ ഇത് ഏറെ അലോസരപ്പെടുത്തുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.

കളിക്കാര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു. ക്രിക്കറ്റിന്റെ പ്രതിച്ഛായയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. കരിയറില്‍ ഉയര്‍ച്ചയ്ക്കായി കഠിനാധ്വാനം ചെയ്യുന്ന മറ്റു നിരവധി കളിക്കാരുണ്ടെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. കളിക്കാര്‍ക്ക് അല്ലാതെ മറ്റൊരാള്‍ക്കും ഈ അഴിമതിയെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.