ഇമിഗ്രേഷന്‍ കൌണ്ടറില്‍ ക്യൂ പാലിച്ചില്ല; രഞ്ജിനി ഹരിദാസും യാത്രക്കാരനും തമ്മില്‍ കോര്‍ത്തു: ഇരുവര്‍ക്കുമെതിരേ കേസ്
Thursday, May 16, 2013 10:15 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൌണ്ടറില്‍ ടിവി അവതാരക രഞ്ജിനി ഹരിദാസും അമേരിക്കയില്‍നിന്നു കുടുംബവുമായെത്തിയ മലയാളി യാത്രക്കാരനും തമ്മില്‍ വാഗ്വാദം. ഇതേ തുടര്‍ന്നു രഞ്ജിനി ഹരിദാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊന്‍കുന്നം സ്വദേശി ചേരിപ്പുറത്ത് ബിനോയ് ചെറിയാന്റെ പേരില്‍ ഐപിസി 354 (4) വകുപ്പനുസരിച്ചു കേസെടുത്തു.

മാനഹാനി, അസഭ്യം പറയല്‍ എന്നിവയാണ് ഈ വകുപ്പിന്റെ പരിധിയില്‍ വരുന്നത്. ബിനോയ് ചെറിയാനു പോലീസ് സ്റേഷനില്‍നിന്നു ജാമ്യം നല്കി. ബിനോയിയുടെ ഭാര്യ കൊച്ചുറാണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രഞ്ജിനി ഹരിദാസിന്റെ പേരില്‍ അസഭ്യം പറഞ്ഞതിനു കേസെടുത്തിട്ടുണ്ട്. രഞ്ജിനി ഹരിദാസ് സാന്‍ഫ്രാന്‍സിസ്കോയില്‍നിന്നു സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെയുള്ള ടീമുമൊത്താണു പുലര്‍ച്ചെ 4.30ന് എമിറേറ്റ്സ് ഫ്ളൈറ്റില്‍ കൊച്ചിയില്‍ വന്നിറങ്ങിയത്. ഇതേ ഫ്ളൈറ്റിലാണു ഭാര്യയും മക്കളുമൊപ്പം ന്യൂയോര്‍ക്കില്‍നിന്നു ബിനോയ് ചെറിയാനും വന്നത്. പാസ്പോര്‍ട്ട് കണ്‍ട്രോള്‍ കൌണ്ടറില്‍ ഇമിഗ്രേഷന്‍ ക്ളിയറന്‍സിനുവേണ്ടി ഇവര്‍ ക്യൂ നില്‍ക്കുകയായിരുന്നു.

ക്യൂവിന്റെ പിന്നിലായിരുന്ന രഞ്ജിനി ഹരിദാസ് മുന്‍പോട്ടു വന്ന് ഇടയ്ക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ബിനോയ് ശക്തമായി പ്രതികരിച്ചു. തങ്ങള്‍ 18 മണിക്കൂര്‍ യാത്ര ചെയ്തു വന്നവരാണെന്നും എത്രയും വേഗം വീട്ടിലെത്താന്‍ ആഗ്രഹമുണ്െടന്നും ബിനോയ് പറഞ്ഞു. ഇടയ്ക്കു കയറാന്‍ പറ്റില്ലെന്നു ശഠിച്ചതോടെ രഞ്ജിനി ബിനോയ്ക്കുനേരേ തിരിഞ്ഞു. ഇരുവരും തമ്മില്‍ ഏറെ സമയം സഭ്യേതരമായ ഭാഷയില്‍ വാഗ്വാദം നടന്നതായി പറയുന്നു. എന്നാല്‍ താന്‍ ക്യൂ തെറ്റിച്ചില്ലെന്നും കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ മാറി നില്‍ക്കുകയായിരുന്നുവെന്നും തന്റെ ജോലിയെയും വീട്ടുകാരെയും അയാള്‍ അപഹസിച്ച് സംസാരിച്ചതായും രഞ്ജിനി ഹരിദാസ് പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെയുള്ളവര്‍ മൌനം ഭജിച്ചു. പുറത്തുവന്നപ്പോള്‍ വിമാനത്താവളത്തിലെ പോലീസ് ഔട്ട്പോസ്റില്‍ രഞ്ജിനി പരാതി നല്കി. ബിനോയിയുടെ ഭാര്യ കൊച്ചുറാണിയും പരാതി എഴുതിക്കൊടുത്തു. രണ്ടു പരാതിയിലും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നു നെടുമ്പാശേരി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും വിമാനത്താവളത്തിനുള്ളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആരുടെ പരാതിയിലാണ് കാര്യമുള്ളതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചത്.