മഹാസെന്‍ ചുഴലിക്കാറ്റ്: ഇന്ത്യ- ബംഗ്ളാദേശ് അതിര്‍ത്തിവാണിജ്യചര്‍ച്ച മാറ്റിവച്ചു
Thursday, May 16, 2013 9:37 AM IST
അഗര്‍ത്തല: ബംഗ്ളാദേശ് തീരങ്ങളില്‍ വീശിയടിക്കുന്ന മഹാസെന്‍ ചുഴലിക്കാറ്റ് മൂലം ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ നടത്താനിരുന്ന അതിര്‍ത്തിവാണിജ്യ ചര്‍ച്ച മാറ്റിവച്ചു. ചുഴലിക്കാറ്റ് മൂലം ചര്‍ച്ച മാറ്റിവച്ചെന്ന് ബംഗ്ളാദേശിലെ ഫെനി ജില്ലയിലെ ഡപ്യൂട്ടി കളക്ടര്‍ ഇന്ത്യന്‍ വാണിജ്യ ഡയറക്ടറോട് ടെലിഫോണില്‍ അറിയിച്ചതായി സംസ്ഥാനവാണിജ്യമന്ത്രി ജിതേന്ദ്ര ചൌധരി പറഞ്ഞു. ചുഴലിക്കാറ്റ് ഭീഷണി മൂലം നഗരത്തിനു വെളിയിലേക്കു പോകാന്‍ ബംഗ്ളാദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തെക്കന്‍ ത്രിപുരയിലെ സബ്രൂണ്‍ സബ്ഡിവിഷനിലെ ശ്രീനഗര്‍ ചെക് പോസ്റിലാണ് ചര്‍ച്ച നടത്താനിരുന്നത്. ബംഗ്ളാദേശിലെ ഫെനി ജില്ലയ്ക്കു സമീപമാണ് ഈ ചെക് പോസ്റ്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സഹകരണത്തോടെ വാണിജ്യകേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തിലാണ് ചര്‍ച്ച തീരുമാനിച്ചത്.

അതേസമയം ബംഗ്ളാദേശ് തീരങ്ങളില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന മഹാസെന്‍ ചുഴലിക്കാറ്റ് വൈകാതെ ചിറ്റഗോംഗിലേക്കെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബംഗ്ളാദേശിലെ രണ്ടാമത്തെ വലിയ പട്ടണമാണ് ചിറ്റഗോംഗ്.