എന്റെ തെറ്റല്ല; കൂടുതലൊന്നും പറയാനില്ല: ശ്രീശാന്ത്
Thursday, May 16, 2013 7:15 AM IST
ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ കുറ്റം നിഷേധിച്ച് ശ്രീശാന്തിന്റെ പ്രതികരണം. എന്റെ തെറ്റല്ല എന്നാണ് കോടതിയില്‍ നിന്നും ഇറങ്ങുന്ന വഴി ശ്രീശാന്ത് മാധ്യമങ്ങളോടു പ്രതികരിച്ചത്. കൂടുതലൊന്നും പറയാനില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. കറുത്ത തുണി കൊണ്ടു മുഖം മറച്ചാണ് ശ്രീശാന്തിനെ കോടതിയില്‍ നിന്നു പുറത്തിറക്കിയത്.

ശ്രീശാന്തിനെ കേസില്‍ അഞ്ചുദിവസം പോലീസ് കസ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായിരുന്നു. സ്പെഷല്‍ സെല്ലിന്റെ ആസ്ഥാനത്തിലേക്കാണ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതെന്നാണ് സൂചന. ന്യൂഡല്‍ഹി സാകേത് കോടതി സമുച്ചയത്തിലെ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഡല്‍ഹി പോലീസ് ശ്രീശാന്തിനെ ഹാജരാക്കിയത്.

ശ്രീശാന്തിനെയും മറ്റു രണ്ടുപേരെയും ചോദ്യം ചെയ്യലിനു വിട്ടുനല്കണമെന്നു പോലീസ് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ശ്രീശാന്ത് അടക്കം കേസിലെ 13 പ്രതികളെ തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കണം. അതേസമയം ഒത്തുകളിക്ക് ശ്രീശാന്തിനെതിരെ തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദീപക് പ്രകാശ് അറിയിച്ചത്. കോടതിയില്‍ ശ്രീശാന്തിനെതിരെ പോലീസ് തെളിവൊന്നും ഹാജരാക്കിയില്ല. വാതുവയ്പ്പുകാര്‍ക്കെതിരേ മാത്രമാണ് പോലീസ് തെളിവ് നല്‍കിയത്. ശ്രീശാന്തിന്റേതെന്ന് പറഞ്ഞ് ഹാജരാക്കിയത് കുറച്ചു ഫോണ്‍ നമ്പരുകള്‍ മാത്രമാണ്. ഇതൊന്നും ശ്രീശാന്തിന്റെ ഫോണില്‍ നിന്നു പോയതല്ല - അഭിഭാഷകന്‍ പറഞ്ഞു.