ശ്രീശാന്തിനെതിരേ തെളിവുകളുമായി പോലീസ്; ഒത്തുകളിക്കാന്‍ 40 ലക്ഷം പ്രതിഫലം
Thursday, May 16, 2013 3:50 AM IST
ന്യൂഡല്‍ഹി: ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രിക്കറ്റ് താരം ശ്രീശാന്തിനും സഹതാരങ്ങള്‍ക്കെതിരേ ശക്തമായ തെളിവുകളുമായി ഡല്‍ഹി പോലീസ്. വ്യാഴാഴ്ച ഉച്ചകളിഞ്ഞ് മൂന്നു മണിക്കു നടത്തിയ പത്രസമ്മേളനത്തില്‍ കളിക്കാരും വാതുവയ്പ്പുകാരും തമ്മിലുള്ള സംഭാഷണങ്ങളുടെ പകര്‍പ്പും ശ്രീശാന്ത് അടക്കമുള്ള കളിക്കാര്‍ ഒത്തുകളി നടത്തുന്നതിന്റെ ദൃശ്യങ്ങളും പോലീസ് പ്രദര്‍ശിപ്പിച്ചു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കളിക്കാരെ അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പോലീസ് ചീഫ് നീരജ് കുമാറും സംഘവും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്നു മത്സരങ്ങളിലാണ് ഒത്തുകളി നടന്നതായി തെളിഞ്ഞിരിക്കുന്നത്. മേയ് അഞ്ചിന് പുനെ വാരിയേഴ്സിനെതിരേ നടന്ന മത്സരത്തിലും മേയ് ഒമ്പതിന് കിംഗ്സ് ഇലവന്‍ പഞ്ചാബുമായി മൊഹാലിയില്‍ നടന്ന മത്സരത്തിലും ബുധനാഴ്ച മുംബൈക്കെതിരേ മുംബൈയില്‍ നടന്ന മത്സരത്തിലുമാണ് ഒത്തുകളി നടന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഒരോവറില്‍ എത്ര റണ്‍സ് വഴങ്ങും എന്നതു സംബന്ധിച്ചാണ് വാതുവയ്പ്പ് നടന്നത്. ഒത്തുകളി നടത്തുന്ന ഓവര്‍ എറിയും മുന്‍പ് കളിക്കാര്‍ വാതുവയ്പ്പുകാര്‍ക്ക് മനസിലാക്കാനായി സിഗ്നല്‍ നല്‍കും. കൈ ഉയര്‍ത്തിയും ടവല്‍ ധരിച്ചും ലോക്കറ്റ് ഉയര്‍ത്തിക്കാട്ടിയും ടീ ഷര്‍ട്ട് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തും മറ്റുമാണ് സിഗ്നല്‍ കൈമാറുക.

അതേസമയം കേസില്‍ മറ്റു കളിക്കാര്‍ക്കെതിരേ തെളിവുകളില്ലെന്നും നീരജ് കുമാര്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ താരം ഷോണ്‍ ടെയിറ്റിനും ഒത്തുകളിയില്‍ പങ്കില്ലെന്ന് പോലീസ് മേധാവി വ്യക്തമാക്കി. അങ്കിത് ചവാന്‍ കൂടി വാതുവയ്പ്പുകാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാനാണ് ഇത്രയും ദിവസം കാത്തിരുന്നതായും അദ്ദേഹം അറിയിച്ചു. ജിജു ജനാര്‍ദനനാണ് ശ്രീശാന്തിനു വേണ്ടി ഇടപാടുകള്‍ നടത്തിയത്. 40 ലക്ഷം രൂപയാണ് ഒരു മത്സരത്തില്‍ ഒത്തുകളിക്കുന്നതിനായി ശ്രീശാന്ത് പ്രതിഫലമായി വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒത്തുകളി നടന്ന മത്സരങ്ങളുടെ വിവരങ്ങള്‍ ചുവടെ:

മേയ് 5- പുനെ വാരിയേഴ്സ്- രാജസ്ഥാന്‍ റോയല്‍സ് (ജയ്പൂര്‍)

അജിത്ത് ചാന്ദില വാതുവയ്പ്പുകാര്‍ക്കായി കളിച്ച മത്സരം. രണ്ടാം സ്പെല്ലില്‍ കുറഞ്ഞത് 14 റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു ധാരണ. ചാന്ദില വാക്കു പാലിച്ചു. എന്നാല്‍ ഓവര്‍ എറിയും മുന്‍പ് വാതുവയ്പ്പുകാര്‍ക്ക് സിഗ്നല്‍ നല്‍കാന്‍ മറന്നു. ഇതേത്തുടര്‍ന്ന് മത്സരശേഷം വാതുവയ്പ്പുകാരും ചാന്ദിലയുമായി തര്‍ക്കമുണ്ടായി.

ഒത്തുകളിച്ചെങ്കിലും തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നുമായിരുന്നു ഒത്തുകളിക്കാരുടെ വാദം. തുടര്‍ന്ന് അഡ്വാന്‍സായി നല്‍കിയ പണം മടക്കി നല്‍കേണ്ടിവന്നു. കോഴക്കാരും ചാന്ദിലയുമായുള്ള സംഭാഷണത്തിന്റെ പകര്‍പ്പും പോലീസ് പുറത്തുവിട്ടു. ഈ മത്സരത്തില്‍ രാജസ്ഥാന്‍ അഞ്ചു വിക്കറ്റിന് ജയിച്ചു. രണ്ടാം ഓവറിനു ശേഷം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ചാന്ദിലയ്ക്ക് ഓവര്‍ നല്‍കിയില്ല. രണ്േടാവറില്‍ 23 റണ്‍സാണ് ചാന്ദില വഴങ്ങിയത്.

മേയ് 9- കിംഗ്സ് ഇലവന്‍ പഞ്ചാബ്- രാജസ്ഥാന്‍ റോയല്‍സ് (മൊഹാലി)

ശ്രീശാന്ത് വാതുവയ്പ്പുകാര്‍ക്കായി എറിഞ്ഞ ഓവര്‍. കൃത്യമായ പദ്ധതിയോടെയാണ് ശ്രീശാന്ത് വാതുവയ്പ്പുകാര്‍ക്കായി പന്തെറിഞ്ഞത്. അദ്ദേഹം എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു ഒത്തുകളി. വാതുവയ്പ്പുകാര്‍ക്ക് സമയം ലഭിക്കുന്നതിനു വേണ്ടി പന്തെറിഞ്ഞു തുടങ്ങുന്നതിനു മുന്‍പ് അല്‍പസമയം വാം അപ്പും മറ്റുമായി ശ്രീശാന്ത് സമയം കളഞ്ഞു. തുടര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് വാതുവയ്പ്പുകാര്‍ക്ക് മനസിലാക്കാനായി പോക്കറ്റില്‍ പുറത്തുംകാണും വിധം ടവല്‍ തിരുകി.

ഷോണ്‍ മാര്‍ഷും ആഡം ഗില്‍ക്രിസ്റ്റുമായിരുന്നു ക്രീസില്‍. ആദ്യ പന്ത് ഷോര്‍ട്ട് പിച്ച്. പക്ഷേ, മുതലാക്കാന്‍ മാര്‍ഷിനു കഴിഞ്ഞില്ല. നേരേ ഫീല്‍ഡറുടെ കൈകളിലേക്ക്. രണ്ടാം പന്ത്് ഡ്രൈവ് ചെയ്യാന്‍ പാകത്തില്‍. ബാറ്റ്സ്മാന്‍ ബൌണ്ടറി നേടി. മൂന്നാം പന്ത് ഓഫ് സൈഡിനു പുറത്ത് വൈഡായി. ഇതും മാര്‍ഷിന് മുതലെടുക്കാന്‍ കഴിഞ്ഞില്ല. നാലാം പന്ത് ഷോര്‍ട്ട് പിച്ച്. ഇതും പുള്‍ ചെയ്തു ബൌണ്ടറി കടത്താന്‍ ശ്രമിച്ചെങ്കിലും ടൈമിംഗ് പിഴച്ച് ഫീല്‍ഡറുടെ പക്കലേക്ക്. എങ്കിലും ഒരു റണ്‍സ് നേടാന്‍ ബാറ്റ്സ്മാന് കഴിഞ്ഞു.

തുടര്‍ന്ന് ഗില്‍ക്രിസ്റ്റിന്റെ ഊഴമായിരുന്നു. അഞ്ചാം പന്ത് ഷോര്‍ട്ട് പിച്ച്. അനായാസ ബൌണ്ടറി. ആറാമത്തെ പന്ത് ഫുള്‍ലെങ്ത്. ഗില്‍ക്രിസ്റ്റിന്റെ സ്ട്രെയിറ്റ് ഡ്രൈവ്. തടയാന്‍ ആദ്യം കൈ നീട്ടിയ ശ്രീശാന്ത് ഉടന്‍ പിന്‍വലിച്ചു. മൊത്തം വഴങ്ങിയത് 13 റണ്‍സ്. 14 റണ്‍സോ അതില്‍ കൂടുതലോ നല്‍കാം എന്നായിരുന്നു ധാരണ. എന്നാല്‍ 13 റണ്‍സ് മാത്രമേ പഞ്ചാബ് നേടിയുള്ളൂ 13 റണ്‍സിനാണ് പന്തയം വച്ചിരുന്നതെന്നതിനാല്‍ വാതുവയ്പ്പുകാര്‍ 40 ലക്ഷം രൂപ ശ്രീശാന്തിന് കൈമാറിയതായാണ് പോലീസ് പറഞ്ഞത്.

ജിജു ജനാര്‍ദനനാണ് ശ്രീശാന്തിനു വേണ്ടി പണം വാങ്ങിയതെന്നും പോലീസ് പറഞ്ഞു. ശ്രീശാന്ത് ഒത്തു കളിച്ചെങ്കിലും മത്സരത്തില്‍ എട്ടു വിക്കറ്റിന് രാജസ്ഥാന്‍ ജയിച്ചു. മറ്റൊരു മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗാണ് രാജസ്ഥാന് വിജയം നേടിക്കൊടുത്തത് എന്നതും ശ്രദ്ധേയമായി. മത്സരത്തില്‍ രണ്േടാവര്‍ മാത്രമാണ് ശ്രീശാന്തും എറിഞ്ഞത്. ഇതിനു ശേഷം അദ്ദേഹത്തിന് പന്തു നല്‍കാന്‍ ദ്രാവിഡ് തയാറായില്ല.

മേയ് 15: മുംബൈ ഇന്ത്യന്‍സ്- രാജസ്ഥാന്‍ റോയല്‍സ് (മുംബെ)

അങ്കിത് ചവാന്‍ ഒത്തുകളിക്കാര്‍ക്കു വേണ്ടി കളിച്ച മത്സരം. കുറഞ്ഞത് 13 റണ്‍സ് വിട്ടുകൊടുക്കാം എന്നായിരുന്നു ധാരണ. 60 ലക്ഷമാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഏതു സാഹര്യമാണെങ്കിലും എറിയുന്ന രണ്ടാം ഓവറില്‍ കുറഞ്ഞത് 13 റണ്‍സ് വിട്ടുകൊടുക്കാം എന്നായിരുന്നു ധാരണ. ഇതു കൃത്യമായി പാലിച്ച ചവാന്‍ ആദ്യ മൂന്നു പന്തുകളില്‍ 14 റണ്‍സ് വിട്ടു കൊടുത്തു. ശേഷിക്കുന്ന മൂന്നു പന്തുകളില്‍ വെറും ഒരു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

കളിക്കാരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിനു ശേഷമായിരുന്നു ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘത്തിന്റെ ഓപ്പറേഷന്‍. പോലീസ് സംഘം കളിയുടെ സമയത്ത് ഗ്രൌണ്ടില്‍ സന്നിഹിതരായിരുന്നു എന്നും പോലീസ് മേധാവി വ്യക്തമാക്കി. ഒത്തുകളിയില്‍ മുംബൈ അധോലോകത്തിന്റെ ഇടപെ