ഒത്തുകളി: പോലീസ് പുറത്തുവിട്ട പേരില്‍ ഉള്‍പ്പെട്ട 'എസ്.എസ്.നായര്‍' ശ്രീശാന്ത് തന്നെ
Thursday, May 16, 2013 2:42 AM IST
കൊച്ചി: വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തടക്കമുള്ള മൂന്ന് ഐപിഎല്‍ കളിക്കാര്‍ക്കൊപ്പം പിടിയിലായ ഇടനിലക്കാരില്‍ ഉള്‍പ്പെട്ട എസ്.എസ്.നായര്‍ എന്നയാള്‍ ശ്രീശാന്ത് തന്നെയാണെന്നു വ്യക്തമായി. കളിക്കാര്‍ക്കൊപ്പം പത്ത് ഇടനിലക്കാരെയും പോലീസ് പിടികൂടിയിരുന്നു. ഇതില്‍ ഒരാള്‍ ശ്രീശാന്തിന്റെ സുഹൃത്തും ക്രിക്കറ്റ് താരവുമായ ജിജു ജനാര്‍ദനന്‍ എന്നയാളാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇയാളെ കൂടാതെ പിടികൂടപ്പെട്ടവരുടെ കൂടെ എസ്.എസ്.നായര്‍ എന്നയാളുടെ പേരും ഉണ്ടായിരുന്നു. പേരില്‍ നിന്ന് ഇയാള്‍ മലയാളിയാണെന്നു വ്യക്തമായെങ്കിലും ഇയാളെക്കുറിച്ച് ആര്‍ക്കും വലിയ വിവരമുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് പല അഭ്യൂഹങ്ങളും പ്രചരിച്ചു.

കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിലെ വിലാസമാണ് പോലീസ് ഇയാളുടേതായി പുറത്തുവിട്ടത്. ഇത് പിന്നീട് പരിശോധിച്ചപ്പോഴാണ് ശ്രീശാന്ത് നായര്‍ എന്ന എസ്.എസ്.നായര്‍ തന്നെയാണ് ഇയാളെന്ന് വ്യക്തമായത്. ഇടപ്പള്ളിയില്‍ ശ്രീശാന്തിന്റെ പേരിലുള്ള ഫ്ളാറ്റിലെ വിലാസത്തില്‍ നിന്നാണ് പോലീസ് എസ്.എസ്.നായര്‍ എന്ന പേര് പുറത്തുവിട്ടത്.

ഇതോടെ ശ്രീശാന്ത്, സുഹൃത്തും ബന്ധുവുമായ ജിജു ജനാര്‍ദനന്‍ എന്നീ മലയാളികള്‍ മാത്രമാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നു വ്യക്തമാകുകയായിരുന്നു.