മാണി എന്‍എസ്എസ് ആസ്ഥാനത്ത്; ബന്ധം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് എന്‍എസ്എസ്
Thursday, May 16, 2013 2:19 AM IST
പെരുന്ന: ധനകാര്യ മന്ത്രി കെ.എം. മാണി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. മാണിയുടേത് സൌഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് പിന്നീട് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടനകൊണ്ട് തകര്‍ന്ന ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കെ.എം. മാണി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത്. എന്‍എസ്എസ് ആസ്ഥാനത്തെ ഗസ്റ്റ് ഹൌസിലെ അടച്ചിട്ട മുറിയിലാണ് സുകുമാരന്‍നായരുമായി മാണി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കെതിരേയും സുകുമാരന്‍ നായര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ചര്‍ച്ചയ്ക്ക് കാരണമെന്നാണ് സൂചന.

മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് എന്‍എസ്എസ് കാര്യമായ താല്‍പ്പര്യമില്ലെന്നും കഴിഞ്ഞ ദിവസം സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയാണ് മാണിയുടെ സന്ദര്‍ശനം എന്നും പറയപ്പെടുന്നു.