അറസ്റ്റിലായവരില്‍ ശ്രീശാന്തിന്റെ ബന്ധുവും; ദാവൂദിന്റെ അടുപ്പക്കാരെ ശ്രീശാന്ത് വിളിച്ചു
Thursday, May 16, 2013 1:48 AM IST
മുംബൈ: ക്രിക്കറ്റ് കോഴവിവാദത്തില്‍ അറസ്റ്റിലായവരില്‍ ശ്രീശാന്തിന്റെ അടുത്ത ബന്ധുവും. ആഭ്യന്തര ക്രിക്കറ്റില്‍ ഏജ് ഗ്രൂപ്പ് മത്സരത്തില്‍ ഇയാള്‍ മുന്‍പ് ഗുജറാത്തിനെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തിയാണ്. ജിജു ജനാര്‍ദന്‍ എന്ന ഇയാളാണ് വാതുവെയ്പിന്റെ പ്രധാന ഇടനിലക്കാരനെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ കൊച്ചിയിലെ പ്രമുഖ ക്ളബിന്റെ കളിക്കാരനാണ്. മൂന്നു സീസണ്‍ മുന്‍പാണ് കേരളത്തിലെത്തിയത്.

കൊച്ചി സ്വദേശിയായ ജിജുവാണ് ശ്രീശാന്തിനെ വാതുവയ്പ്പുകാരുമായി ബന്ധപ്പെടുത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണില്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു. ശ്രീശാന്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഇയാളെ കേരളാ രഞ്ജി ടീമില്‍ കളിപ്പിക്കാന്‍ ശ്രീശാന്ത് സമ്മര്‍ദം ചെലുത്തിയതായി കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

അതിനിടെ, മൂന്നു കളികളിലെ 70 പന്തുകളാണ് ഒത്തുകളി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഒത്തുകളിക്ക് ആദ്യ ഗഡുവായി 25 ലക്ഷം രൂപ വീതം കളിക്കാര്‍ക്ക് നല്‍കി. ശേഷിക്കുന്ന തുക ഡോളറിലും രൂപയിലുമായി നല്‍കാമെന്നാണ് വാതുവയ്പ്പുകാര്‍ കളിക്കാര്‍ക്ക് നല്‍കിയ ഉറപ്പ്.

ഈ മാസം 6,7 തീയതികളില്‍ കളിക്കാര്‍ വാതുവയ്പ്പുകാരെ ഫോണില്‍ വിളിച്ചിരുന്നു. ഇതിനു പുറമേ ടെക്സ്റ്റ് മെസേജുകള്‍ വഴിയും വാട്ട്സ് ആപ്പ് വഴിയും മറ്റുമാണ് വാതുവയ്പ്പുകാരുമായി ശ്രീശാന്ത് ബന്ധപ്പെട്ടിരുന്നത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള രണ്ടു വാതുവയ്പ്പുകാരുമായും ശ്രീശാന്ത് ബന്ധപ്പെട്ടിരുന്നതായും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഐപിഎല്ലലെ രണ്ടു വിദേശ താരങ്ങള്‍ക്കും തയ്തുകളിയില്‍ ബന്ധമുണ്െടന്നതിന് വ്യക്തമായ സുചന ലഭിച്ചതായും പോലീസ് പറയുന്നു.