കര്‍ണാടക തെരഞ്ഞെടുപ്പ്: മോഹനവാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്
Wednesday, April 24, 2013 3:15 AM IST
ബാംഗളൂര്‍: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു പിന്നാലെ മോഹനവാഗ്ദാനങ്ങളുമായി കോണ്‍ഗ്രസും. കൃഷിക്ക് പലിശരഹിത വായ്പ, പ്രീ-യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് ലാപ്പ്ടോപ്പ്, ബിപിഎല്‍ വിഭാഗത്തിനു ഒരു രൂപയ്ക്ക് അരി തുടങ്ങി നിരവധി മോഹനവാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ നല്‍കിയിരിക്കുന്നത്. കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

രണ്ടു ലക്ഷം രൂപാവരെയുള്ള കാര്‍ഷിക ലോണുകള്‍ക്ക് പലിശ ഈടാക്കില്ലന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. രണ്ടു മുതല്‍ അഞ്ച് ലക്ഷം രൂപാ വരെ മൂന്നു ശതമാനം പലിശ മാത്രം നല്‍കിയാല്‍ മതിയാകുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഒരുദിവസം തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ 3 ഫേസ് വൈദ്യുതിലൈന്‍, 1500 കോടിയുടെ പ്രകൃതിദുരന്ത ഫണ്ട് തുടങ്ങി കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കുവന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ബിജെപി, ലാപ്ടോപ്പ് അടക്കമുള്ള വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

മേയ് അഞ്ചിനാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്. കര്‍ണാടകയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരണരംഗത്ത് സജീവമാണ്.