ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം
Wednesday, April 24, 2013 2:27 AM IST
ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിക്കുമെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ്. ഇതിനായി പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ ഏറ്റവും ജനപ്രിയനായ നേതാവാണ് മോഡിയെന്നു പറഞ്ഞ രാജ്നാഥ് പക്ഷേ, അദ്ദേഹത്തിനെതിരേ ജനതാദള്‍ യുണൈറ്റഡിനുള്ള എതിര്‍പ്പിനെക്കുറിച്ച് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.

മേയ് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം എട്ടിനു പ്രഖ്യാപിക്കും. ഇതിനുശേഷം പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് രാജ്നാഥ് വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഡിസംബറിന് മുന്‍പായി പ്രഖ്യാപിക്കണമെന്ന് ജനതാദള്‍ യുണൈറ്റഡ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മതേതര പ്രതിച്ഛായയുള്ള വ്യകതിവേണമെന്നാണ് ജനതാദളിന്റെ ആവശ്യം.